12 March 2024 9:25 AM GMT
Summary
- ഇഷ്യൂ മാർച്ച്-14 ന് അവസാനിക്കും
- ഐപിഒ പ്രൈസ് ബാൻഡ് 280-295 രൂപ
- ഐപിഒ യിൽ നിന്ന് 601.55 കോടി രൂപ സമാഹരിക്കും
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡിൻ്റെ പ്രാഥമിക പബ്ലിക് ഓഫർ (ഐപിഒ) ഇന്ന് ആരംഭിച്ചു. 2024 മാർച്ച് 14 വരെ (വ്യാഴാഴ്ച) വരിക്കാർക്കായി തുറന്നിരിക്കും. ഓട്ടോ ഡീലർ കമ്പനിയുടെ ഐപിഒ പ്രൈസ് ബാൻഡ് ഒരു ഷെയറിന് 280 രൂപ മുതൽ 295 രൂപ വരെയായി നിശ്ചയിച്ചിട്ടുണ്ട്. ഐപിഒ യിൽ നിന്ന് 601.55 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രാരംഭ ഓഫർ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റുചെയ്യും. കമ്പനിയുടെ ഓഹരികൾ ഗ്രേ മാർക്കറ്റിൽ വ്യാപാരത്തിനായി ലഭ്യമാണ്. ഓഹരി വിപണി നിരീക്ഷകരുടെ അഭിപ്രായത്തിൽ, പോപ്പുലർ വെഹിക്കിൾസ് ഗ്രേ മാർക്കറ്റ് പ്രീമിയം ഇന്ന് 26 രൂപയാണ്.
ഇതിൽ 84.74 ലക്ഷം ഓഹരികൾ നൽകുന്ന 250 കോടിയുടെ പുതിയ ഇഷ്യൂവും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബന്യൻ ട്രീ ഗ്രോത് ക്യാപിറ്റൽ II വിൽക്കുന്ന 351.55 കോടി രൂപയുടെ 1.19 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.
കാനറ ബാങ്ക് സെക്യൂരിറ്റീസ്, വെഞ്ചുറ സെക്യൂരിറ്റീസ് എന്നിവർ ഇഷ്യൂവിന് 'സബ്‌സ്‌ക്രൈബ്' ടാഗ് നൽകിയിട്ടുണ്ട്. 59 ഷോറൂമുകൾ, 126 സെയിൽസ് ഔട്ട്‌ലെറ്റുകൾ, ബുക്കിംഗ് ഓഫീസുകൾ, 31 വാഹന ഷോറൂമുകൾ, ഔട്ട്‌ലെറ്റുകൾ, 134 അംഗീകൃത സർവീസ് സെൻ്ററുകൾ, 40 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, 24 വെയർഹൗസുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ശൃംഖലയാണ് കമ്പനിയുടേത്.
ഇഷ്യൂവിലൂടെ ലഭിക്കുന്ന തുകയിൽ നിന്നും 192 കോടി രൂപ കടം തിരിച്ചടക്കുന്നതിനും ചില അനുബന്ധ സ്ഥാപനങ്ങൾക്കുമായി ചെലവഴിക്കാൻ മാറ്റിവെക്കും. ബാക്കിയുള്ളവ പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായും മാറ്റിവെക്കും. 2023 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് കമ്പനിയുടെ സംയോജിത കടം 637.06 കോടി രൂപയാണ്.
മുൻ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 90.3 ശതമാനം വളർച്ച രേഖപ്പെടുത്തി 64.07 കോടി രൂപയിലെത്തി. ഇതേ കാലയളവിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 40.65 ശതമാനം വർധിച്ച് 4,875 കോടി രൂപയായി. എബിറ്റ്ഡാ (EBITDA) 35.5 ശതമാനം വർധിച്ച് 217.2 കോടി രൂപയായി. മുൻവർഷത്തെ 4.6 ശതമാനത്തിൽ നിന്ന് എബിറ്റ്ഡാ മാർജിൻ 4.45 ശതമാനമായി കുറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ആറ് മാസത്തിൽ 2,835 കോടി രൂപയുടെ വരുമാനവും 40 കോടി രൂപയുടെ അറ്റാദായവുമാണ് കമ്പനി രേഖപ്പെടുത്തിയത്.
ഐസിഐസിഐ സെക്യൂരിറ്റീസ്, നുവാമ വെൽത്ത് മാനേജ്‌മെൻ്റ്, സെൻട്രം ക്യാപിറ്റൽ എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർമാർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.