image

21 Feb 2024 9:37 AM GMT

IPO

ഐപിഒ ഇല്ലാതെ വിപണിയിലെത്താൻ കേരളത്തിന്റെ സ്വന്തം "പോപ്പീസ്"

MyFin Desk

Popeyes will be launched by Archana Software
X

Summary

  • അര്‍ച്ചന സോഫ്റ്റ് വേറിന്റെ 21.4% ഓഹരികള്‍ ഏറ്റെടുത്തു കൊണ്ടാണ് പോപ്പീസ് വിപണിയിലേക്കെത്തുന്നത്.
  • വാറൻറ് ഒന്നിന് 51.15 രൂപ നിരക്കിൽ 12.80 കോടി രൂപയുടെ ഷെയർ വാറൻറുകൾ വാങ്ങും
  • പ്രൈവറ്റ് പ്ലെയ്‌സ്മെൻറിലൂടെ 100 കോടി രൂപ സമാഹരിച്ചേക്കാമെന്നും റിപ്പോർട്ടുണ്ട്


കേരളത്തിലെ ബേബി ക്ലോത്തിംഗ് ബ്രാന്‍ഡായ പോപ്പീസ് ഐപിഒ ഇല്ലാതെ വിപണിയിലെത്തും. ഒരു ലിസ്റ്റഡ് കമ്പനിയാവുക എന്ന പോപ്പീസിന്റെ ദീര്‍ഘകാല ആഗ്രഹ പൂര്‍ത്തീകരണത്തിലേക്കാണ് ഇത് നയിക്കുന്നത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അര്‍ച്ചന സോഫ്റ്റ് വേറിന്റെ 21.4 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു കൊണ്ടാണ് പോപ്പീസ് വിപണിയിലേക്കെത്തുന്നത്.

വാറൻറ് ഒന്നിന് 51.15 രൂപ നിരക്കിൽ 12.80 കോടി രൂപയുടെ ഷെയർ വാറൻറുകൾക്കായി പോപ്പീസ് ഷാജു തോമസ് അപേക്ഷിച്ചിട്ടുണ്ട്. ഷെയര്‍ വാറന്റുകള്‍ ഓഹരികളാകുന്നതോടെ അര്‍ച്ചന സോഫ്റ്റവേറിലേ പോപ്പീസിന്റെ ഓഹരി പങ്കാളിത്തം 44 ശതമാനമാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അര്‍ച്ചന സോഫ്റ്റ് വെയർ പോപ്പീസിൽ ലയിക്കുന്നതോടെ കമ്പനിയുടെ പേര് പോപ്പീസ് കെയേഴ്സ് ലിമിറ്റഡ് എന്നായി മാറും. കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ഷാജു തോമസും ഭാര്യ ലിൻറ ജോസും ചേർന്നാണ് അർച്ചന സോഫ്റ്റ്‍വേറിൻെറ ഓഹരികൾ സ്വന്തമാക്കിയിരിക്കുന്നത്.

വരുന്ന സാമ്പത്തിക വർഷം രണ്ടാം പകുതിയോടെ ലയനം പൂർത്തിയാവും. ഇതോടെ ഷാജു തോമസിൻെറയും കുടുംബത്തിൻെറയും ഓഹരി പങ്കാളിത്തം 75 ശതമാനമായി ഉയരും. ലയനത്തിന് മുൻപ് പോപ്പീസ് പ്രൈവറ്റ് പ്ലെയ്‌സ്മെൻറിലൂടെ 100 കോടി രൂപ സമാഹരിച്ചേക്കാമെന്നും റിപ്പോർട്ടുണ്ട്.

2005-ൽ മലപ്പുറത്തെ തിരുവാലി ആസ്ഥാനമായാണ് പോപ്പീസ് ബേബി ക്ലോത്തിംഗ് മേഖലയിലേക്ക് ചുവടുവെക്കുന്നത്. വെറും 2500 ചതുരശ്രയടിയുള്ള ഒരു ചെറിയ കടയിൽ നിന്ന് ആരംഭിച്ച പോപ്പീസിന്റെ യാത്ര ഇപ്പോൾ ആഗോളതലത്തിലേക്ക് വ്യാപിച്ചിട്ടുണ്ട്. കുട്ടികളുടെ ഉൽപന്നങ്ങൾ വിൽക്കുന്ന കേരളത്തിലെ ഏറ്റവും വലിയ റീട്ടെ‍യ് ലർമാരിൽ ഒന്നാണ് പോപ്പീസ്. 30-ലേറെ രാജ്യങ്ങളിലേക്ക് കുഞ്ഞുടുപ്പുകൾ കയറ്റുമതി ചെയ്യുന്ന കമ്പനിക്ക് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി 70-ഓളം ഔട്ട്ലെറ്റുകളുണ്ട്.