image

24 Oct 2023 12:26 PM GMT

IPO

പാരഗൺ കെമിക്കൽസ് ഐപിഓ പ്രൈസ് ബാൻഡ് 95-100 രൂപ

MyFin Desk

paragon chemicals issue price band rs95-100
X

Summary

  • ഒക്ടോബർ 26-ന് ആരംഭിക്കുന്ന ഇഷ്യൂ 30-ന് അവസാനിക്കും
  • ഒരു ലോട്ടിൽ 1200 ഓഹരികൾ
  • നവംബർ 7-ന് ലിസ്റ്റ് ചെയ്യും.


പാരഗൺ ഫൈൻ ആൻഡ് സ്പെഷ്യാലിറ്റി കെമിക്കൽസ് ഐപിഒ ഒക്ടോബർ 26-ന് ആരംഭിക്കും. 51.66 ലക്ഷം ഓഹരികൾ നൽകി 51.66 കോടി രൂപ സ്വരൂപിക്കാന്‍ ലക്ഷ്യമിടുന്ന ഇഷ്യൂ ഒക്ടോബർ 30-ന് അവസാനിക്കും.

പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 95-100 രൂപയാണ്. കുറഞ്ഞത് 1200 ഓഹരികൾക്ക് അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 120,000 രൂപയാണ്. ഓഹരികളുടെ അലോട്ട്‌മെന്റ് നവംബർ 2 പൂർത്തിയാവും. ഓഹരികൾ നവംബർ 7-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.

ഡോ. പ്രവീൺചന്ദ്ര ജസ്മത് വസോളിയ, കിഷോർകുമാർ പഞ്ചഭായ് പട്ടോളിയ, വല്ലഭ് രത്തൻജി സാവാലിയ, റുതേഷ് വല്ലഭായി സാവാലിയ, ശിവം കിഷോർഭായ് പട്ടോളിയ തുടങ്ങിയവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ഫാക്ടറിയുടെ നിലവിലുള്ള സ്ഥലങ്ങളിൽ സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ്, കടം തിരിച്ചടവ്, വിപുലീകരണത്തിനായി അധിക പ്ലാന്റും മെഷിനറികളും സ്ഥാപിക്കുന്നതിനുള്ള മൂലധന ചെലവ്, പ്രവർത്തന മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിനുള്ള ഫണ്ടിംഗ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങള് എന്നിവക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

2004-ൽ സ്ഥാപിതമായ കമ്പനി, സങ്കീർണ്ണവും വ്യത്യസ്തവുമായ രസതന്ത്രം ഉൾപ്പെടുന്ന കസ്റ്റം സിന്തസിസിലൂടെ സ്പെഷ്യാലിറ്റി കെമിക്കൽ ഇന്റർമീഡിയറ്റുകൾ നിർമ്മിക്കുന്നു. ഫാർമ ഇന്റർമീഡിയറ്റുകൾ, അഗ്രോ ഇന്റർമീഡിയറ്റുകൾ, കോസ്മെറ്റിക്സ് ഇന്റർമീഡിയറ്റുകൾ, പിഗ്മെന്റ് ഇന്റർമീഡിയറ്റുകൾ, ഡൈ ഇന്റർമീഡിയറ്റുകൾ എന്നിവയാണ് കമ്പനിയുടെ ഉത്പന്നങ്ങള്‍.

കമ്പനിയുടെ നിർമ്മാണ യൂണിറ്റ് ഗുജറാത്തിലെ അഹമ്മദാബാദിലെ വിരാംഗം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്, ഏകദേശം 7000 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള കമ്പനിയിൽ പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം നടത്താൻ ഉയർന്ന നിലവാരമുള്ള റിയാക്ടറുകൾ സജ്ജീകരിച്ചിരിക്കുന്നു.

കമ്പനിയുടെ ആർ ആൻഡ് ഡി ടീം മൾട്ടി-സ്റ്റെപ്പ് സിന്തസിസ് വിജയകരമായി നടപ്പിലാക്കുകയും സ്പെഷ്യാലിറ്റി ഇന്റർമീഡിയറ്റുകളുടെ മേഖലയിൽ ഒന്നിലധികം പുതിയ തന്മാത്രകൾ വികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. തൽഫലമായി, 2023 വർഷത്തിൽ അവരുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏകദേശം 140 ആയി വർധിച്ചു.

ഹെം സെക്യൂരിറ്റീസ് ലിമിറ്റഡാണ് പാരഗൺ ഫൈൻ ആൻഡ് സ്പെഷ്യാലിറ്റി കെമിക്കൽസ് ലീഡ് മാനേജർ, ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിന്റെ രജിസ്ട്രാർ.