image

19 Dec 2023 9:54 AM GMT

IPO

ഒല ഇലക്ട്രികും ഫസ്‍റ്റ്‍ക്രൈയും അടുത്തയാഴ്ച ഐപിഒ ഡ്രാഫ്റ്റ് സമര്‍പ്പിക്കും

MyFin Desk

ola electror and first-ache will submit the ipo draft next week
X

Summary

  • ഒല ഇലക്ട്രിക് ഐപിഒ 2024 ആദ്യം
  • ഫസ്‍റ്റ്‍ക്രൈ ഇഷ്യൂവിന്‍റെ 60% ഓഫർ ഫോർ സെയിൽ
  • ഇരുകമ്പനികളുടെയും മൂല്യനിര്‍ണയം സോഫ്റ്റ്‍ബാങ്ക് ഉയര്‍ത്തി


ഇലക്‌ട്രിക് ടൂവീലർ കമ്പനിയായ ഒല ഇലക്ട്രിക്കും ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫസ്റ്റ്‌ക്രൈയും അടുത്ത ആഴ്ചയോടെ തങ്ങളുടെ കരട് ഐപിഒ പേപ്പറുകൾ ഫയൽ ചെയ്യാൻ തയ്യാറെടുന്നുവെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു കമ്പനികളിലെയും പൊതു നിക്ഷേപകനായ സോഫ്റ്റ്ബാങ്ക് നവംബറില്‍ ഈ കമ്പനികളുടെ മൂല്യനിര്‍ണയം ഉയര്‍ത്തിയിരുന്നു.

ഫസ്‍‍റ്റ്‍ക്രൈയുടെ പദ്ധതി

ഫസ്‍റ്റ്‍ക്രൈ ഐപിഒ-യിലൂടെ 500 ദശലക്ഷം ഡോളര്‍ ( ഏകദേശം 4250 കോടി രൂപ) സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇഷ്യുവിന്‍റെ 60 ശതമാനം ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) ആയിരിക്കും, ബാക്കിയുള്ളത് പുതിയ ഓഹരികളുടെ ഇഷ്യൂവാകും. 2024 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഫസ്‍റ്റ്‍ക്രൈ ലിസ്‌റ്റ് ചെയ്യാൻ സാധ്യതയുള്ളൂവെന്നാണ് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അടുത്തിടെ, രഞ്ജൻ പൈയുടെ എംഇഎംജി ഫാമിലി ഓഫീസ്, ഹർഷ് മാരിവാലയുടെ ഷാർപ്പ് വെഞ്ചേഴ്‌സ്, ഹേമേന്ദ്ര കോത്താരിയുടെ ഡിഎസ്‍പി ഫാമിലി ഓഫീസ് എന്നിവ പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് ക്രൈയിൽ 435 കോടി രൂപയുടെ ഓഹരികൾ സ്വന്തമാക്കിയിരുന്നു.

ഒല ഇലക്ട്രികിന്‍റെ പദ്ധതി

ഒല ഇലക്ട്രിക് 1 ബില്യണ്‍ ഡോളറിന്‍റെ (ഏകദേശം 8500 കോടി രൂപ) ഐപിഒ ആണ് ലക്ഷ്യം വെക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2024-ന്റെ തുടക്കത്തിൽ ഐപിഒ വിപണിയില്‍ എത്തിക്കുന്നതിനായി കൊട്ടക് മഹീന്ദ്ര ക്യാപിറ്റലിനെയും ഗോൾഡ്‌മാൻ സാക്‌സിനെയും കമ്പനി നിയോഗിച്ചിട്ടുണ്ട്. പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലും ഉള്‍ക്കൊള്ളുന്നതായിരിക്കും ഒല ഇലക്ട്രിക്കിന്‍റെ ഇഷ്യു.

ഐപിഒയ്ക്ക് മുന്നോടിയായി 3,200 കോടി രൂപയുടെ (ഏകദേശം 380 മില്യൺ ഡോളർ) ഫണ്ടിംഗ് റൗണ്ട് അവസാനിപ്പിച്ചതായി ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ടെമാസെക്കിന്റെ നേതൃത്വത്തിലുള്ള പ്രമുഖ നിക്ഷേപകരിൽ നിന്നുള്ള വായ്പയും ഇക്വിറ്റിയും എസ്ബിഐയില്‍ നിന്നുള്ള വായ്പയും ഇതില്‍ ഉള്‍പ്പെടുന്നു.

ഇലക്ട്രിക് വാഹന ബിസിനസ് വിപുലീകരിക്കുന്നതിനും ഇന്ത്യയിലെ ആദ്യത്തെ ലിഥിയം-അയൺ സെൽ നിർമ്മാണ കേന്ദ്രം തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ സ്ഥാപിക്കുന്നതിനും ഐപിഒയിൽ നിന്നുള്ള ഫണ്ടുകളും പ്രീ-ഐപിഒ റൗണ്ടുകളും ഉപയോഗിക്കാനാണ് പദ്ധതി.