26 Oct 2023 6:36 AM GMT
Summary
- 2023 സാമ്പത്തിക വർഷത്തെ കണക്കാണ് കമ്പനി പുറത്തു വിട്ടത്
- ഒക്ടോബർ 30-ന് ഇഷ്യൂ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
- 1700 കോടി രൂപ സ്വരൂപിക്കാനുള്ള ഇഷ്യൂവിനാണ് കമ്പനി തയ്യാറെടുക്കുന്നത്
സ്‌കിൻകെയർ ബ്രാൻഡായ മമഎർത്ത് മാതൃ സ്ഥാപനമായാ ഹൊനാസ കൺസ്യൂമർ 2022 -23 സാമ്പത്തിക വർഷത്തിൽ 151 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി, കഴിഞ്ഞ വർഷം ലാഭം 14.4 കോടി രൂപയായിരുന്നു. ഡൽഹി ആസ്ഥാനമായുള്ള കമ്പനിയുടെ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പ്രവർത്തന വരുമാനം മുൻ വർഷമിതേ കാലയളവിലെ 943 കോടി രൂപയില്‍നിന്ന് 1,493 കോടി രൂപയിലെത്തി.
മമഎർത്ത് മാതൃ സ്ഥാപനമായാ ഹൊനാസ കൺസ്യൂമറിന്‍റെ കന്നി ഇഷ്യൂ ഒക്ടോബർ 31-ന് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. 4.12 കോടി ഓഹരികൾ നൽകി 1700 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതില്‍ 365 കോടി രൂപയാണ് പുതിയ ഓഹരികള്‍ നല്കി കമ്പനി സ്വരൂപിക്കുക. യുഎസ് ആസ്ഥാനമായുള്ള വെഞ്ച്വർ കാപ്പിറ്റൽ സ്ഥാപനമായ സെക്വോയ കാപ്പിറ്റലിന്റെ പിന്തുണയുള്ള സ്ഥപനമാണ് ഹോനാസ കൺസ്യൂമർ. കമ്പനിയിലെ നിലവിലുള്ള നിക്ഷേപകരായ ഫയർസൈഡ് വെഞ്ചേഴ്സ്, സ്റ്റെല്ലാരീസ് വെഞ്ചർ പാർട്ണേഴ്സ്, സൊഫീന വെഞ്ചേഴ്സ്, ഉയർന്ന നിക്ഷേപമുള്ള കുനല്‍ ബാല്‍, റിഷാബ് മാരിവാല, റോഹിത് ബന്‍സാല്‍, ശില്പ ഷെട്ടി തുടങ്ങിയവർ തങ്ങളുടെ ഓഹരി പങ്കാളിത്തത്തില്‍ ഒരു ഭാഗം വിറ്റഴിക്കും. ദീപാവലി ലിസ്റ്റിംഗാണ് കമ്പനി ലക്ഷ്യമിടുന്നത്.
മമഎർത്ത് കൂടാതെ 2022 ഫെബ്രുവരിയിൽ ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സിൽനിന്ന് 134 കോടി രൂപയ്ക്ക് ഏറ്റെടുത്ത ദ ഡെർമ കോ, ബിബിലണ്ട് തുടങ്ങിയ പ്രമുഖ ഡി2സി ബ്രാൻഡുകൾ ഹോനാസ കോസ്യൂമറിന്റെ പ്രോഡക്ട് ശേഖരത്തിലുണ്ട്.
എന്‍ജിനീയറായ വരുണ്‍ അലഗിന്‍റേയും ഗസൽ അലഗിന്‍റേയും ഉടമസ്ഥതയിലുള്ള ഹൊനാസ കൺസ്യൂമർ പ്രൈവറ്റ് ലിമിറ്റഡ് ബ്യൂട്ടി, ബേബികെയർ, സ്കിൻ കെയർ വിഭാഗങ്ങളിൽ അതിവേഗം വളരുന്ന ഡി-2-സി (ഡയറക്ട്-ടു-കൺസ്യൂമർ) കമ്പനിയാണ്. ഇരുവർക്കുംകൂടി കമ്പനിയില്‍ 37.5 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. വരുണ്‍ ഒരു ശതമാനവും ഗസല്‍ മൂന്നു ശതമാനവും ഓഹരികളാണ് ഓഫർ ഫോർ സെയില്‍ വഴി നല്കുക.
2022 ഡിസംബറിൽ ഇഷ്യുവിനായി ഡ്രാഫ്റ്റ് പേപ്പറുകൾ സമർപ്പിച്ച കമ്പനിക്ക് നടപ്പ് വര്ഷം ഓഗസ്റ്റിലാണ് മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ നിന്ന് ഇഷ്യുവിന് അനുമതി ലഭിച്ചത്.
പുതിയ ഇഷ്യൂ, ഓഫർ ഫോർ സെയിൽ എന്നിവ വഴി 1700 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്‌ഷ്യം. ഇഷ്യുവിന്റെ ആങ്കർ ബുക്ക് ഒക്ടോബർ 30-ന് ഒരു ദിവസത്തേക്ക് തുറക്കും. ഇഷ്യൂ നവംബർ 2-ന് അവസാനിക്കും.
സിറ്റി ഗ്രൂപ്പ് ഗ്ളോബല്‍ മാർക്കറ്റ്സ് ഇന്ത്യ, കോട്ടക് മഹീന്ദ്ര കാപ്പിറ്റല്‍, ജെ എം ഫിനാന്‍ഷ്യല്‍ തുടങ്ങിയവരാണ് ഇഷ്യുവിന്‍റെ ലീഡ് മാനേജർമാർ.