23 March 2024 9:34 AM GMT
Summary
- ഇരട്ട ലിസ്റ്റിംഗിനാണ് ലുലു ഒരുങ്ങുന്നത്
- ലുലു ഗ്രൂപ്പ് 2022-ൽ ഏകദേശം 8 ബില്യൺ ഡോളർ വാർഷിക വരുമാനമാണ് രേഖപ്പെടുത്തിയത്
- ഇന്ത്യയിൽ 2.41 ബില്യൺ ഡോളർ നിക്ഷേപിച്ച ലുലു 2025 ഓടെ ഇത് 6.03 ബില്യൺ ഡോളറായി ഉയർത്തും
ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ലിസ്റ്റ് ചെയ്യുമെന്ന വാർത്തകൾ നേരത്തെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നതാണ്. എന്നാൽ ഇതിനു ആക്കം കൂട്ടുന്നതാണ് പുറത്തു വരുന്ന പുതിയ വാർത്തകൾ. നടപ്പ് വർഷത്തെ രണ്ടാം പകുതിയോടെ 2 ബില്യൺ ഡോളർ (ഏകദേശം 16700 കോടി രൂപ ) സമാഹരിക്കുന്നതിനായി ബാങ്കിങ് പങ്കാളികളെ നിശ്ചയിച്ചെന്നാണ് റിപ്പോർട്ടുകൾ. ബാങ്കുകളോ ലുലു ഗ്രൂപ്പോ ഔദ്യാഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
എമിറേറ്റ്‌സ് എൻബിഡി ക്യാപിറ്റൽ, അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, സിറ്റി ഗ്രൂപ്പ്, എച്ച്എസ്ബിസി ഹോൾഡിംഗ്‌സ് എന്നിവയാണ് ബാങ്കിങ് പങ്കാളികൾ. മൊയ്‌ലിസ് ആൻഡ് കോ (Moelis & Co) ആണ് സാമ്പത്തിക ഉപദേഷ്ടാവ്. ഇരട്ട ലിസ്റ്റിംഗിനാണ് ലുലു ഒരുങ്ങുന്നത്. ഓഹരികൾ അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലും (ADX) സൗദി അറേബ്യൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തദാവൂളിലും (Tadawul) ലിസ്റ്റ് ചെയ്യാനാണ് തീരുമാനം.
വ്യാപിച്ചു കിടക്കുന്ന സാമ്രാജ്യം
മലയാളി വ്യവസായി യൂസഫ് അലിയുടെ അബുദാബി ആസ്ഥാനമായ കമ്പനിക്ക് പല രാജ്യങ്ങളിലായി ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറുകൾ, മാൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവയുൾപ്പെടെ 260 ലധികം ഔട്ട്‌ലെറ്റുകളാണ് നിലവിലുള്ളത്. 2020ൽ 5 ബില്യൺ ഡോളറിലധികം (ഏകദേശം 41,700 കോടി രൂപ ) മൂല്യമുള്ള കമ്പനി, ഇഷ്യൂവിന് മുന്നോടിയായി കടം തിരിച്ചടക്കാൻ വേണ്ടി 10 ബില്യൺ ദിർഹം സമാഹരിക്കുന്നതായി 2023 ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു.
അബുദാബിയിലെ രാജകുടുംബാംഗത്തിൻ്റെ പിന്തുണയുള്ള ഒരു നിക്ഷേപ സ്ഥാപനം 2020ൽ ലുലു ഗ്രൂപ്പിന്റെ ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള 20 ശതമാനം ഓഹരികൾ വാങ്ങിയിട്ടുണ്ട്.
ലുലു ഗ്രൂപ്പ് 2022-ൽ ഏകദേശം 8 ബില്യൺ ഡോളർ (ഏകദേശം 66,800 കോടി രൂപ ) വാർഷിക വരുമാനമാണ് രേഖപ്പെടുത്തിയത്. മിഡിൽ ഈസ്റ്റ്, ഏഷ്യ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ 26 രാജ്യങ്ങളിലായി 70,000-ത്തിലധികം ജീവനക്കാരാണ് കമ്പനിക്കുള്ളത്.
വികസന പദ്ധതികൾ
ജിസിസിയിലും ഈജിപ്തിലും മറ്റു രാജ്യങ്ങളിലുമായി 80 പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ലുലു ഗ്രൂപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ഇതുവരെ ഇന്ത്യയിൽ 2.41 ബില്യൺ ഡോളർ (ഏകദേശം 20,140 കോടി രൂപ ) നിക്ഷേപിച്ച ലുലു 2025 ഓടെ ഇത് 6.03 ബില്യൺ ഡോളറായി (ഏകദേശം 50400കോടി രൂപ ) ഉയർത്താനാണ് ലക്ഷ്യമിടുന്നത്.