14 March 2025 8:48 AM IST
Summary
- ലക്ഷ്യമിടുന്നത് 15000 കോടിയുടെ ഓഹരി വില്‍പ്പന
- മാതൃ കമ്പനിയായ എല്‍ജി ഇലക്ട്രോണിക്സ് 15 ശതമാനം ഓഹരികളാണ് വില്‍ക്കാന്‍ പദ്ധതിയിടുന്നത്
ഇലക്ട്രോണിക്‌സ് കമ്പനിയായ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ (എല്‍ജിഇഐ) യുടെ ആദ്യ ഓഹരി വില്‍പ്പന ആരംഭിക്കുന്നതിന് സെബിയില്‍ നിന്ന് അനുമതി ലഭിച്ചു. സിയോള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോം അപ്ലയന്‍സസ് ആന്‍ഡ് ഇലക്ട്രോണിക്‌സ് കമ്പനിയുടെ ഇന്ത്യന്‍ വിഭാഗത്തിന് വിപണി സാഹചര്യങ്ങള്‍ അനുകൂലമായിക്കഴിഞ്ഞാല്‍ 15,000 കോടി രൂപയുടെ ആദ്യ ഓഹരി വില്‍പ്പന നടത്താനാകുമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.
ഡിസംബര്‍ 6 ന് എല്‍ജിഇഐ സെബിയില്‍ അവരുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) ഫയല്‍ ചെയ്തിരുന്നു. ഐപിഒ പൂര്‍ണ്ണമായും ഒരു ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) ആണ്. മാതൃ കമ്പനിയായ എല്‍ജി ഇലക്ട്രോണിക്സ് 15 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ഐപിഒ എല്‍ജിഇഐയുടെ മൂല്യം ഒരു ട്രില്യണ്‍ രൂപയായി ഉയര്‍ത്തും.
എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യയുടെ ഐപിഒ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ഇഷ്യുവായി മാറും. മറ്റൊരു ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ (എച്ച്എംഐ) കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 27,870 കോടി രൂപയുടെ ഐപിഒയുമായി പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു.
എച്ച്എംഐയുടെ ഐപിഒയും പൂര്‍ണ്ണമായും ഒരു ഒഎഫ്എസ് ആയിരുന്നു. സിയോള്‍ ആസ്ഥാനമായുള്ള ഹ്യുണ്ടായ് അതിന്റെ ഇന്ത്യന്‍ വിഭാഗത്തിലെ 17.5 ശതമാനം ഓഹരികളആണ് വിറ്റഴിച്ചത്.
ഇന്ത്യയില്‍, സാംസങ് ഇന്ത്യ ഇലക്ട്രോണിക്സിന് ശേഷം ഏറ്റവും വലിയ വീട്ടുപകരണങ്ങളും ഉപഭോക്തൃ ഇലക്ട്രോണിക്സ് നിര്‍മ്മാതാവുമാണ് എല്‍ജി ഇലക്ട്രോണിക്സ്.
വോള്‍ട്ടാസ്, ഹാവെല്‍സ്, ഗോദ്റെജ്, ബ്ലൂ സ്റ്റാര്‍, ഹെയര്‍, വേള്‍പൂള്‍, ഫിലിപ്സ്, സാംസങ്, സോണി എന്നിവയുള്‍പ്പെടെയുള്ള ആഗോള, ഇന്ത്യന്‍ ബ്രാന്‍ഡുകളുമായി കമ്പനി മത്സരിക്കുന്നു.
മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ, ജെ പി മോര്‍ഗന്‍ ഇന്ത്യ, ആക്‌സിസ് ക്യാപിറ്റല്‍, ബോഫ സെക്യൂരിറ്റീസ് ഇന്ത്യ, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ എന്നിവരാണ് ഐ പി ഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ വീട്ടുപകരണങ്ങളുടെയും ഇലക്ട്രോണിക്‌സ് വിപണിയുടെയും വളര്‍ച്ച ഏകദേശം 7 ശതമാനമാണെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ വളര്‍ച്ച ഏകദേശം 12 ശതമാനമായി ഉയരുമെന്നും എല്‍ജിഇഐ അവരുടെ ഡിആര്‍എച്ച്പിയില്‍ പറഞ്ഞു.