image

5 Oct 2023 12:23 PM GMT

IPO

ഐപിഓ: സമാഹരിച്ച തുകയിൽ 26% ഇടിവ്

Ahammed Rameez Y

ഐപിഓ: സമാഹരിച്ച തുകയിൽ 26% ഇടിവ്
X

Summary

  • 2023-24 ലെ ആദ്യ പകുതിയിൽ സമാഹരിച്ചത് 29032 കോടി രൂപ
  • 166 കമ്പനികളാണ് ഇതുവരെ ലിസ്റ്റ് ചെയ്തത്
  • മെയിന്‍ബോർഡ് കമ്പനികൾ സമാഹരിച്ചത് 26300 കോടി രൂപ


പ്രാഥമിക വിപണിയിലേക്കു കമ്പനികളുടെ ഒഴുക്കാണ്. പണംസ്വരൂപിക്കാന്‍. ഓഹരി വിപണി ബുള്ളീഷ് ആയി നില്ക്കുമ്പോള്‍ ഇതു സാധാരണമാണ്. നടപ്പു സാമ്പത്തിക വർഷം ആറു മാസം പൂർത്തിയാക്കിയപ്പോള്‍ പ്രാഥമിക വിപണിയിലെത്തിയത് 166 കമ്പനികള്‍. ഇതില്‍ 135 കമ്പനികള്‍ എസ്എംഇ വിഭാഗത്തില്‍നിന്നുള്ളവയാണ്.

എന്നാല്‍ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ഇഷ്യുമായി വിപണിയിലെത്തിയ മൊത്തം കമ്പനികളുടെ എണ്ണം 164 ആണ്. ഇതിനു മുമ്പ് 2017-18 -ലാണ് കൂടുതല്‍ കമ്പനികള്‍ മൂലധനം സ്വരൂപിക്കാനെത്തിയത്. 188 കമ്പനികള്‍. ഇതിൽ വൻകിട, ചെറുകിട ഇടത്തരം സംഭരംഭങ്ങളും ഉൾപ്പെടുന്നു. എസ ്എംഇ കള്‍ ഉള്‍പ്പെടെ വിപണിയിലെത്തിയ കമ്പനികള്‍ ഇക്കഴിഞ്ഞ ആറു മാസം സമാഹരിച്ചത് 29032 കോടി രൂപ. ഇതില്‍ മെയിന്‍ ബോർഡ് മേഖലയില്‍നിന്നെത്തിയ 31 കമ്പനികള്‍ സമാഹരിച്ച 26300 കോടി രൂപയുമുള്‍പ്പെടുന്നു.

മുന്‍ സാമ്പത്തിക വർഷത്തില്‍ ആദ്യ പകുതിയിൽ 14 മെയിന്‍ ബോർഡ് കമ്പനികള്‍ സമാഹരിച്ചത് 36,594 കോടി രൂപയായിരുന്നു. ഇതു നടപ്പ് വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 26 ശതമാനം കൂടുതലാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 21000 കോടി രൂപയുടെ ഇഷ്യൂവുമായി എത്തിയ എൽഐസി, 5235 കോടി രൂപയുമായി എത്തിയ ഡെല്‍ഹിവേരി ഇവയായിരുന്നു ഏറ്റവും കൂടുതൽ തുക സ്വരൂപിച്ചത്.

മൊത്തത്തിലുള്ള പബ്ലിക് ഇക്വിറ്റി ഫണ്ട്റൈസിംഗ്, ഓഫർ-ഫോർ-സെയിൽ, യോഗ്യതയുള്ള സ്ഥാപന പ്ലെയ്‌സ്‌മെന്റ് (ക്യുഐപി), ഇൻവിറ്റ്/ റീഐടി എന്നിവ ഉൾപ്പെടെ -നടപ്പ് സാമ്പത്തിക വർഷത്തിൽ 73,747 കോടി രൂപയാണ് ഇതുവരെ സ്വരൂപിച്ചിട്ടുള്ളത്‍. മുന്‍ വർഷം ഇതേ കാലയളവിലെ കണക്കനുസരിച്ചു 69 ശതമാനം വർധനവാണ് രേഖപെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്ഷം ആദ്യ പകുതിയിൽ സ്വരൂപിച്ചതാകട്ടെ 43,694 കോടി രൂപയാണ്.

നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ വിപണിയിലെത്തിയ 31 ഓഹരികളിൽ 21 എണ്ണവും എത്തിയത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ്. ഈ കാലയളവിലെ ഏറ്റവും വലിയ ഓഹരി ഇഷ്യുമായി വിപണിലെത്തിയത് മാൻകൈൻഡ് ഫാർമ (4,326 കോടി രൂപ), ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ (2,800 കോടി രൂപ) ഇവയാണ്. ഏറ്റവും ചെറുതാകട്ടെ 67 കോടി രൂപ സമാഹരിച്ച പ്ലാസ വയര്‍ ലിമിറ്റഡും.

കുറഞ്ഞ പങ്കാളിത്തം

ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ, ഇൻഷുറൻസ് (ബിഎഫ്എസ്ഐ) മേഖലകളുടെ പങ്കാളിത്തം ഇഷ്യുവില്‍ കുറവായിരുന്നു, 1,525 കോടി രൂപയാണ് (6 ശതമാനം) സമാഹരിച്ചിട്ടുള്ളത്. എന്നാല്‍ മുന്‍ വർഷമിതേ കാലയളവിൽ സമാഹരിച്ച ഫണ്ടിന്റെ 61 ശതമാനവും ഈ മേഖലയിൽ നിന്നുള്ള കമ്പനികളിൽ നിന്നായിരുന്നു.

ലിസ്റ്റിംഗ് പ്രകടനം

ലിസ്റ്റിംഗില്‍ മികച്ച പ്രകടനമാണ് നല്ലൊരു പങ്ക് ഓഹരികളും കാഴ്ചവെച്ചത്. ഇതുവരെ ലിസ്റ്റ് ചെയ്ത 28 മെയിന്‍ ബോർഡ് ഓഹരികളില് 20 എണ്ണം10 ശതമാനത്തിലധികം റിട്ടേൺ നൽകി. ഐഡിയഫോർജ് 93 ശതമാനവും ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്കും 92 ശതമാനവും നെറ്റ്‌വെബ് ടെക്‌നോളജീസും 82 ശതമാനവും റിട്ടേൺ നൽകി. കൂടാതെ, 28 ഐപിഒകളിൽ 27 എണ്ണവും ചൊവ്വാഴ്ച ഇഷ്യൂ വിലയേക്കാൾ ഉയർന്നാണ് കൈമാറ്റം നടക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ 12 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി ലിസ്റ്റിംഗ് നേട്ടം 29 ശതമാനമായി വർധിച്ചിട്ടുണ്ട്.

135 ചെറുകിട, ഇടത്തരം കമ്പനികളാണ് ഇതുവരെ ഐപിഒയുമായി വിപണിയിൽ എത്തിയത്. കൃഷ്ക സ്ട്രാപ്പിംഗ് സൊല്യൂഷൻസ് ഇഷ്യൂ വിലയിലായ 54 രൂപയിൽ നിന്ന് 375 ശതമാനം ഉയർന്നു 220 രൂപയ്ക്കാണ് നിലവിൽ വ്യാപാരം നടക്കുന്നത്. 52 ആഴ്ച്ചയിലെ ഉയർന്ന നിരക്ക് 299 രൂപയും താഴ്ന്നത് 119 രൂപയുമാണ്. എക്സിക്കോൺ ഇവന്റ്സ് മീഡിയ സൊല്യൂഷൻസ് ലിമിറ്റഡാണ് വിപണിയിൽ മുന്നേറ്റം കുറിച്ച മറ്റൊരു കമ്പനി. നിലവിൽ 277 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഇഷ്യൂ വില ഓഹരിക്ക് 64 രൂപയായിരുന്നു. 52 ആഴ്ച്ചയിലെ ഉയന്ന നിരക്ക് 350.90 രൂപയും താഴ്ന്നത് 64 രൂപയുമാണ്.

രണ്ടാം പകുതി

38,000 കോടി രൂപ സമാഹരിക്കാൻ 28 കമ്പനികൾക്ക് സെബിയുടെ അനുമതി ലഭിച്ചതോടെ വരും ദിവസങ്ങളിൽ ഐ‌പി‌ഒകൾ ശക്തമായി തുടരാനാണ് സാധ്യത. മാത്രമല്ല 41 കമ്പനികൾ ഏകദേശം 44,000 കോടി രൂപ സമാഹരിക്കാൻ വേണ്ടി സെബിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.

വിപണിയിലെത്താൻ കാത്തിരിക്കുന്ന 69 കമ്പനികളിൽ മൂന്നെണ്ണം ഏകദേശം 12,000 കോടി രൂപ സമാഹരിക്കാൻ ശ്രമിക്കുന്ന നവയുഗ സാങ്കേതിക കമ്പനികളാണ്. ദ്വിതീയ വിപണിയിൽ നിലവിൽ ചാഞ്ചാട്ടങ്ങൾ ഉണ്ടെങ്കിലും, അടുത്ത നാലോ അഞ്ചോ മാസങ്ങളിൽ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് നിരവധി ഐപിഒകൾ വിപണിയിലെത്താൻ സാധ്യത ഏറെയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.