image

20 March 2024 7:08 AM GMT

IPO

നിക്ഷേപകർക്ക് പ്രിയം എസ്എംഇ ഐപിഒകൾ; നൽകിയത് 100% പ്രീമിയം വരെ

MyFin Desk

leap followed by sme listing
X

Summary

  • എവിപി ഇൻഫ്രാകോൺ ഓഹരികൾ 5.33 ശതമാനം പ്രീമിയത്തിൽ ലിസ് ചെയ്തു
  • സിഗ്നോറിയ ക്രിയേഷൻ ഓഹരികൾ 101 ശതമാനം പ്രീമിയമാണ് നൽകിയത്
  • റോയൽ സെൻസ് ഓഹരികൾ ഇന്നലെ വിപണിയിലെത്തിയത് 90% പ്രീമിയതോടെ


ഈ വാരം ഇതുവരെ വിപണിയിലെത്തിയത് നാല് എസ്എംഇ ഓഹരികളാണ്. ഇവയിൽ 100 ശതമാനത്തിലധികം പ്രീമിയം നല്കിയവയുമുണ്ട്. ഇന്ന് വിപണിയിലെത്തിയ എവിപി ഇൻഫ്രാകോൺ ഓഹരികൾ നൽകിയത് 5.33 ശതമാനം പ്രിയമാണ്.

റോഡ് പദ്ധതികളുടെ നിർമ്മാണ കമ്പനിയായ എവിപി ഇൻഫ്രാകോൺ ഓഹരികളുടെ ഇഷ്യൂവില 75 രൂപയായിരുന്നു. ഓഹരികൾ 79 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്. ഓഹരിയൊന്നിന് നാല് രൂപയുടെ നേട്ടം. ഇഷ്യൂവിലൂടെ കമ്പനി 52.34 രൂപയാണ് സമാഹരിച്ചത്.

ഡി പ്രസന്നയും ബി വെങ്കിടേശ്വര്ലുവുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ. ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക ആവശ്യമായ ഉപകരണങ്ങൾ വാങ്ങുക, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ, ഇഷ്യൂ ചെലവുകൾ എന്നിവയ്ക്കായി ഉപയോഗിക്കും

2009-ൽ സ്ഥാപിതമായ എവിപി ഇൻഫ്രാകോൺ ലിമിറ്റഡ് ബിൽ ഓഫ് ക്വാണ്ടിറ്റീസ് (BOQ), എഞ്ചിനീയറിംഗ്, പ്രൊക്യുർമെൻ്റ്, കൺസ്ട്രക്ഷൻ (EPC) എന്നിവയുടെ അടിസ്ഥാനത്തിൽ റോഡ് പദ്ധതികളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ്. എവിപി കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു കമ്പനി മുമ്പ് അറിയപ്പെട്ടിരുന്നത്.

വിവിധ തരത്തിലുമുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ, എക്സ്പ്രസ് വേകൾ, ദേശീയ പാതകൾ, മേൽപ്പാലങ്ങൾ, പാലങ്ങൾ, വയഡക്‌റ്റുകൾ, ജലസേചന പദ്ധതികൾ, നഗരവികസനം - പൗര സൗകര്യങ്ങൾ, ആശുപത്രികൾ, വെയർഹൗസുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ, പാർപ്പിട പദ്ധതികൾ തുടങ്ങിയ സിവിൽ ജോലികൾ കമ്പനി ഏറ്റെടുത്ത് പൂർത്തിയാക്കി കൊടുക്കുന്നു. പ്രധാനമായും തമിഴ്‌നാട്ടിലെ റോഡുകൾ, പാലങ്ങൾ, ജലസേചനം, കനാൽ പദ്ധതികൾ, മേൽപ്പാലങ്ങൾ, വ്യവസായ മേഖലകൾ എന്നിവയുടെ നിർമ്മാണത്തിനായാണ് കമ്പനി ടെൻഡർ വിളിച്ചെടുക്കുന്നത്.

2024 ജനുവരി വരെയുള്ള കണക്കനുസരിച്ച് കമ്പനി ഏകദേശം 313 .21 കോടി രൂപയുടെ 40 പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്.

സിഗ്നോറിയ ക്രിയേഷൻ

ഇന്നലെ വിപണിയിലെത്തിയ സിഗ്നോറിയ ക്രിയേഷൻ ഓഹരികൾ 101 ശതമാനം പ്രീമിയമാണ് നൽകിയത്. ഇഷ്യൂ വിലയായ 65 രൂപയിൽ നിന്നും 66 രൂപ ഉയർന്ന ഓഹരികൾ 131 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്. ഇഷ്യൂ വഴി കമ്പനി 9.28 കോടി രൂപ സ്വരൂപിച്ചു.

ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

വാസുദേവ് അഗർവാൾ, ബബിത അഗർവാൾ, മോഹിത് അഗർവാൾ, കൃതിക ചാച്ചൻ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

2019-ൽ സ്ഥാപിതമായ സിഗ്നോറിയ ക്രിയേഷൻ സ്ത്രീകളുടെ വസ്ത്രങ്ങളായ കുർത്തികൾ, പാൻ്റ്‌സ്, ടോപ്പുകൾ, കോ-ഓർഡ് സെറ്റുകൾ, ദുപ്പട്ടകൾ, ഗൗണുകൾ എന്നിവ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നു. കമ്പനിക്ക് രണ്ട് നിർമ്മാണ യൂണിറ്റുകളുണ്ട്. മാനസരോവറിലും രാജസ്ഥാനിലെ ജയ്പൂരിലെ സംഗനേറിലും ഇവ സ്ഥിതി ചെയ്യുന്നു.

വൈവിധ്യമാർന്ന നിറങ്ങളിലും പാറ്റേണുകളിലും വലുപ്പത്തിലും വരുന്ന അവരുടെ ക്ലാസിക് കുർത്തികൾക്ക് കമ്പനി പ്രസിദ്ധമാണ്. 2023 ജൂൺ 30-ന് അവസാനിച്ച ആദ്യ പാദത്തിൽ, സ്ഥാപനം അതിൻ്റെ ഉൽപ്പന്നങ്ങളുടെ നിരയിലേക്ക് സ്ത്രീകൾക്കായി കോ-ഓർഡ് സെറ്റ് ചേർത്തു.

റോയൽ സെൻസ്

മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന റോയൽ സെൻസ് ഓഹരികൾ ഇന്നലെ വിപണിയിലെത്തിയത് 90 ശതമാനം പ്രീമിയതോടെ. ഓഹരികളുടെ ഇഷ്യൂ വില 68 രൂപ. ലിസ്റ്റിംഗ് വില 129.20 രൂപ. ഓഹരിയൊന്നിന് 61.20 രൂപയുടെ ലാഭം. ഇഷ്യൂവിലൂടെ കമ്പനി 9.86 കോടി രൂപ സമാഹരിച്ചു.

റിഷഭ് അറോറയാണ് കമ്പനിയുടെ പ്രൊമോട്ടർ. ഇഷ്യൂ തുക പ്രവർത്തന മൂലധന ആവശ്യങ്ങൾ, ഇഷ്യൂ ചെലവുകൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

എക്സ്പെർട്ട് ഗ്ലോബൽ കൺസൾട്ടൻ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഐപിഒയുടെ ലീഡ് മാനേജർ, ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.

2023-ൽ സ്ഥാപിതമായ റോയൽ സെൻസ് ലിമിറ്റഡ് മെഡിക്കൽ ഉപകരണങ്ങൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, ലബോറട്ടറി ഉപകരണങ്ങൾ, ലബോറട്ടറി റീജൻ്റ്‌സ്, മെഡിക്കൽ ഡിസ്പോസിബിളുകൾ, ഡയഗ്നോസ്റ്റിക് കിറ്റുകൾ എന്നിവ വിതരണം ചെയുന്ന കമ്പനിയാണ്.

ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ജമ്മു ആൻഡ് കശ്മീർ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രാലയത്തിനും വിതരണക്കാരുടെ/ഉപ-ഡീലർമാരുടെ ഒരു ശൃംഖല വഴിയും കമ്പനി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നു. ഇന്ത്യയിലുടനീളമുള്ള സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും കമ്പനി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നണ്ട്.