22 March 2024 10:01 AM GMT
Summary
- 2023 ഒക്ടോബറിൽ സെബിക്ക് കരട് രേഖകൾ സമർപ്പിച്ചു
- ഇഷ്യൂ വലുപ്പം ഏകദേശം 750-1,000 കോടി രൂപയായിരിക്കും
- 300 എംപിഎ ചിപ്പുകളുടെ ശേഷിയുള്ള തമിഴ്‌നാട്ടിലെ ഒറഗഡത്തിലാണ് നിർമാണ യൂണിറ്റ്
ഇന്ത്യയിലെ ആദ്യത്തെ ഒപ്‌റ്റോ സെമികണ്ടക്ടർ ചിപ്‌സ് നിർമ്മാതാക്കളായ പോളിമാടെക് ഈ വർഷം ഏപ്രിലിൽ ഐപിഒയുമായി വിപണിയിലെത്തുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ. ഇഷ്യൂ വലുപ്പം ഏകദേശം 750-1,000 കോടി രൂപയായിരിക്കും. പ്രൈസ് ബാൻഡ് ഒരു ഷെയറിന് 680-750 രൂപയ്ക്കിടയിലായിരിക്കും.
ലിസ്റ്റ് ചെയ്യപ്പെടാത്ത വിപണിയിൽ പോളിമടെക് ഇലക്‌ട്രോണിക്‌സ് ഓഹരികൾ 860 രൂപയിൽ വ്യാപാരം നടക്കുന്നതായി അൺലിസ്‌റ്റഡ് അരീന സൂചിപ്പിച്ചു.
ഐപിഒ വഴി 750 കോടി രൂപ സമാഹരിക്കുന്നതിനായി പോളിമാടെക് 2023 ഒക്ടോബറിൽ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് കരട് രേഖകൾ സമർപ്പിച്ചിരുന്നു. ഡിആർഎച്പി അനുസരിച്ച്, ഇഷ്യൂ പൂർണ്ണമായും പുതിയ ഓഹരികളുടെ മാത്രമായിരിക്കും, ഓഫർ-ഫോർ-സെയിൽ (OFS) ഉണ്ടാകില്ല. ഐപിഒയിൽ നിന്ന് ലഭിക്കുന്ന തുക തമിഴ്‌നാട്ടിൽ നിലവിലുള്ള യൂണിറ്റിൽ പുതിയ യന്ത്രസാമഗ്രികൾ വാങ്ങാൻ ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ഈശ്വര റാവു നന്ദം, ഉമാ നന്ദം, വിശാൽ നന്ദം എന്നിവരാണ് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രൊമോട്ടർമാർ.
300 എംപിഎ ചിപ്പുകളുടെ ശേഷിയുള്ള തമിഴ്‌നാട്ടിലെ ഒറഗഡത്തിലാണ് നിലവിലെ കമ്പനിയുടെ നിർമാണ യൂണിറ്റ്. 2023 ഓഗസ്റ്റ് 22-ലെ സെയിൽ ഡീഡ് മുഖേന "ബിൽറ്റ് ടു സ്യൂട്ട്" (ബിടിഎസ്) പ്രോപ്പർട്ടിയായി സ്വന്തമാക്കിയ രണ്ടാമത്തെ പ്ലാൻ്റ് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ പുനർസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
2023 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം മുൻ വർഷത്തെ 125.87 കോടിയിൽ നിന്ന് 649.02 കോടി രൂപയായി ഉയർന്നു. അറ്റാദായം മുൻവർഷത്തെ 34.27 കോടി രൂപയിൽ നിന്ന് 167.77 കോടി രൂപയിലെത്തി. ഇബിഐടിഡിഎ മാർജിൻ കഴിഞ്ഞ വർഷത്തെ 33.43 ശതമാനത്തിൽ നിന്ന് 29 ശതമാനമായി.
2019-ൽ സ്ഥാപിതമായ കമ്പനി ഒപ്‌റ്റോ സെമികണ്ടക്ടർ ചിപ്പുകൾ, ലുമിനറികൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ചിപ്പ് നിർമ്മിക്കുന്നത്. ആഗോള നിലവാരം പുലർത്തുന്ന ചിപ്പുകൾ നിർമ്മിക്കുന്നതിനായി നൂതന യൂറോപ്യൻ, ജാപ്പനീസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് കമ്പനിയുടെ ചിപ്പ് നിർമാണം.
ഒറഗഡത്തിലെ സ്ഥാപനത്തിലാണ് കമ്പനി ഒപ്‌റ്റോ സെമികണ്ടക്ടർ ചിപ്പുകൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും പരിശോധിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നത്.