9 Jan 2024 6:48 AM GMT
Summary
- ഇഷ്യൂ വഴി 33.41 കോടി രൂപ സമാഹരിക്കും
- ഓഹരിയൊന്നിന് 51 രൂപ
- ഒരു ലോട്ടിൽ 2000 ഓഹരികൾ
ഫിന്‍-ടെക് സ്ഥാപനമായ ഐബിഎല്‍ ഫിനാന്‍സ് ഐപിഒ ജനുവരി 9-ന് ആരംഭിച്ചു. ഇഷ്യൂവിലൂടെ 65.5 ലക്ഷം ഓഹരികള്‍ നല്‍കി 33.41 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പത്ത് രൂപ മുഖവിലയുള്ള ഓഹരിയുടെ ഇഷ്യൂ വില 51 രൂപയാണ്. കുറഞ്ഞത് 2000 ഓഹരികള്‍ക്കായി അപേക്ഷിക്കണം. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 102,000 രൂപയാണ്. ഇഷ്യൂ ജനുവരി 11-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്മെന്റ് ജനുവരി 12 ന് പൂര്‍ത്തിയാവും. ഓഹരികള്‍ എന്‍എസ്ഇ എമെര്‍ജില്‍ ജനുവരി 16 ന് ലിസ്റ്റ് ചെയ്യും
മൂലധന ആവശ്യങ്ങള്‍, കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവക്കായാണ് ഇഷ്യൂ തുക ഉപയോഗിക്കുന്നതെന്ന് പ്രമോട്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മനീഷ് പട്ടേല്‍, പിയൂഷ് പട്ടേല്‍, മന്‍സുഖ്ഭായ് പട്ടേല്‍ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍.
ഫെഡെക്‌സ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ലീഡ് മാനേജര്‍, ബിഗ്‌ഷെയര്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് രജിസ്ട്രാര്‍. 2017 ഓഗസ്റ്റില്‍ സ്ഥാപിതമായ ഐബിഎല്‍ ഫിനാന്‍സ് ലിമിറ്റഡ്, സാങ്കേതികവിദ്യയും ഡാറ്റാ സയന്‍സും ഉപയോഗിച്ച് എളുപ്പത്തിലും വേഗത്തിലും വായ്പ നല്‍കുന്ന ഫിന്‍ടെക് അധിഷ്ഠിത സാമ്പത്തിക സേവന പ്ലാറ്റ്ഫോമാണ്. പൂര്‍ണ്ണമായും ഡിജിറ്റല്‍ പ്രക്രിയയിലൂടെ 50,000 രൂപ വരെ തല്‍ക്ഷണ വ്യക്തിഗത വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു മൊബൈല്‍ ആപ്പും ഐബിഎല്‍ ഫിനാന്‍സിനുണ്ട്.
2023 മാര്‍ച്ച് 31 വരെ കമ്പനി 7,105.44 ലക്ഷം രൂപയുടെ 1,63,282 വ്യക്തിഗത വായ്പകള്‍ നല്‍കിയിട്ടുണ്ട്. 2023-ലെ കണക്ക് പ്രകാരം ഐബിഎല്‍ ഇന്‍സ്റ്റന്റ് പേഴ്‌സണല്‍ ലോണ്‍ ആപ്പിന് 381,156 ലോഗിനുകള്‍ ഉണ്ടായിരുന്നു. ശരാശരി 27,969 ഉപഭോക്താക്കളാണ് പ്രതിമാസം ആപ്പ് ഉപയോഗിക്കുന്നത്. കമ്പനിക്ക് ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും പ്രധാന നഗരങ്ങളിലായി ഏഴ് ശാഖകളുണ്ട്.