image

25 Nov 2023 6:16 AM GMT

IPO

നിക്ഷേപകർക്ക് എങ്ങനെ ഐപിഒയ്ക്ക് അപേക്ഷിക്കാം ?

Ahammed Rameez Y

how to apply for ipo
X

Summary

  • ലിസ്റ്റിംഗ് സമയത്തെ ലാഭം കണ്ട് പല നിക്ഷേപകരും ഐ‌പി‌ഒകൾക്കായി അപേക്ഷിക്കുന്നുത് കൂടി വരുന്നുണ്ട്
  • ഇഷ്യുവിന് എങ്ങനെ അപേക്ഷിക്കണം എന്ന് പലർക്കും അറിയില്ല
  • കട്ട്-ഓഫ് വിലയിൽ ഐപിഒയ്ക്കായി അപേക്ഷിക്കാനാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്.


അടുത്ത കുറെ നാളുകളായി വിപണിയിൽ ഐ‌പി‌ഒ-യുടെ പെരുമഴയാണ്. എന്നാൽ അത്ഭുതമെന്നു പറയെട്ടെ ഇഷ്യുവിന് എങ്ങനെ അപേക്ഷിക്കണം, എന്താണ് അതിന്റെ നിബന്ധനകൾ എന്നും ഐപിഒ കളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വലിയൊരു വിഭാഗത്തിനും അറിയില്ല.

അവർക്കു സഹായകമായ വിവരങ്ങൾ മൈഫിൻ പോയിന്റ് ഇവിടെ പറയുന്നു.

നിങ്ങൾക്ക് ഒരു ഡീമാറ്റ് (ഡീമറ്റീരിയലൈസ്ഡ്) അക്കൗണ്ട് ഉണ്ടായിരിക്കണം. എല്ലാ ഐപിഒകളും മൂന്ന് ദിവസത്തേക്ക് അപേക്ഷകൾ സ്വികരിക്കും. പാൻ, ഡീമാറ്റ് അക്കൗണ്ട് നമ്പർ, ഓഹരികളുടെ എണ്ണം, കട്ട് ഓഫ് പ്രൈസ് തുടങ്ങിയ വിശദാംശങ്ങൾ നൽകിയാണ് അപേക്ഷിക്കേണ്ടത്. ഈ അപേക്ഷാ വിശദാംശങ്ങളിൽ ഏതെങ്കിലും തെറ്റാണെങ്കിൽ നിങ്ങളുടെ അപേക്ഷ തള്ളപ്പെടാം.

പേപ്പർ രഹിതമായി ഓഹരികൾ കൈവശം വയ്ക്കുന്നതിനാണ് ഡീമാറ്റ് അക്കൗണ്ട്. നിക്ഷേപകരുടെ ആവശ്യകതകള്‍ക്ക് അനുസരിച്ചുള്ള ബ്രോക്കറില്‍ നിന്ന് അക്കൗണ്ട് നേടാം. ശേഷം, നിങ്ങൾക്ക് ഐപിഒയ്ക്ക് അപേക്ഷിക്കാൻ രണ്ട് വഴികളുണ്ട്. ഒന്നുകിൽ ബ്രോക്കറുടെ വെബ്‌സൈറ്റ് വഴി നിങ്ങള്‍ക്ക് നേരിട്ട് അപേക്ഷിക്കാം അല്ലെങ്കിൽ നിങ്ങളുടെ താൽപ്പര്യങ്ങള്‍ അനുസരിച്ച് ആവശ്യമായ ഓഹരികൾക്കായി ബിഡ് ചെയ്യാൻ ബ്രോക്കറോട് ആവശ്യപ്പെടാം.

ഐപിഒയിലെ ബിഡ് / കട്ട് ഓഫ് വില എന്താണ്? റീട്ടെയിൽ നിക്ഷേപകൻ എന്താണ് ചെയ്യേണ്ടത്?

കട്ട്-ഓഫ് വില എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഇഷ്യൂവിന്റെ അവസാനം പ്രൈസ് ബാന്‍ഡിനകത്ത് കമ്പനി തീരുമാനിക്കുന്ന ഏത് വിലയും നൽകാൻ നിക്ഷേപകൻ തയ്യാറാകണാം എന്നതാണ്. ‘കട്ട് ഓഫ്’ ആയി അപേക്ഷ സമർപ്പിച്ചാൽ, നിക്ഷേപകൻ ഏറ്റവും ഉയർന്ന വിലയിൽ അപേക്ഷിക്കണം. ഐപിഒ വിലകൾ കുറയുകയാണെങ്കിൽ, അധിക തുക തിരികെ നൽകും.

കട്ട്-ഓഫ് വിലയിൽ ഐപിഒയ്ക്കായി അപേക്ഷിക്കാനാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്.

ഐ‌പി‌ഒ 'ലോട്ട് സൈസ്' എന്താണ്?

ഒരു നിക്ഷേപകന് അപേക്ഷിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണമാണ് ലോട്ട് സൈസ്. ഈ ലോട്ട് സൈസിന്റെ ഗുണിതങ്ങളിലാണ് അപേക്ഷകൾ നൽകേണ്ടത്. ഉദാഹരണത്തിന്, ഓഫർ വില 500 രൂപയും ലോട്ട് സൈസ് 30 ഉം ആണെങ്കിൽ, നിക്ഷേപകർക്ക് 30, 60, 90, 120 ഓഹരികള്‍ക്കായി ബിഡ് നല്‍കാം . ഏറ്റവും കുറഞ്ഞ നിക്ഷേപം 500 X 30 = 15,000 രൂപ ആയിരിക്കും.

ഒരു നിക്ഷേപകന് എത്ര അപേക്ഷകൾ നൽകാൻകഴിയും?

ഒരു പാൻ വഴി ഒരു അപേക്ഷ മാത്രമേ നൽകാവൂ. വ്യത്യസ്ത ബ്രോക്കർമാർ വഴിയോ ബാങ്കുകൾ വഴിയോ ഒന്നിലധികം അപേക്ഷകൾ നൽകരുത്. കാരണം ഒരേ പാൻ ആയതിനാൽ നിരസിക്കപ്പെടാൻ സാധ്യതയുണ്ട്.

അപേക്ഷിക്കുന്നതിന് മുമ്പ് നിക്ഷേപകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?

ലിസ്റ്റിംഗ് സമയത്തെ ലാഭം കണ്ട് പല നിക്ഷേപകരും ഐ‌പി‌ഒകൾക്കായി അപേക്ഷിക്കുന്നുത് കൂടി വരുന്നുണ്ട്. ഓഹരികൾ ഇഷ്യൂ വിലയ്ക്ക് മുകളിൽ ലിസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷയിലാണിത്. പല നിക്ഷേപകരും ഗ്രേ മാർക്കറ്റ് പ്രീമിയം നിരക്കുകളെ മാത്രം ആശ്രയിക്കുന്നു. ഐപിഒകളിൽ നിക്ഷേപിക്കുന്ന സമയത് കമ്പനിയെ കുറിച്ച് എല്ലാം അറിഞ്ഞിരിക്കണമെന്ന് വെൽത്ത് മാനേജർമാർ നിർദ്ദേശിക്കുന്നു. കാരണം ഐപിഒകൾ ഓഫർ വിലയേക്കാൾ കിഴിവിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സന്ദർഭങ്ങളുണ്ട്.

കമ്പനി നൽകുന്ന ഡിആർഎച്ച്പി (ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്റ്റ്) അവലോകനം ചെയ്തുകൊണ്ട് നിക്ഷേപകർക്ക് അടിസ്ഥാന കാര്യങ്ങൾ മനസിലാക്കാം. പ്രൊമോട്ടറുടെ ട്രാക്ക് റെക്കോർഡ്, കമ്പനിയുടെ ലാഭക്ഷമത, മാർജിനുകൾ, കോർപ്പറേറ്റ് ഭരണ പ്രശ്നങ്ങൾ, അതുപോലെ തന്നെ പ്രമോട്ടർ സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നിവ പരിശോധിക്കാൻ ഇതിലൂടെ കഴിയും.

ഐപിഒയിൽ നിങ്ങൾക്ക് ഓഹരികൾ അനുവദിച്ചിട്ടുണ്ടോയെന്ന് എങ്ങനെ പരിശോധിക്കും?

ഐപിഒ അവസാനിച്ചുകഴിഞ്ഞാൽ, നിക്ഷേപകർ ഓഹരികൾ അനുവദിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഐപിഒ രജിസ്ട്രാറാണ് അലോട്ട്മെന്റ് പ്രക്രിയയുടെ ചുമതല വഹിക്കുന്നത്, അലോക്കേഷൻ സ്റ്റാറ്റസ് നൽകുന്ന തീയതി രജിസ്ട്രാറുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കും. ഫലങ്ങൾ പ്രദർശിപ്പിച്ചുകഴിഞ്ഞാൽ നിക്ഷേപകർക്ക് ഓഹരികൾ ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാം. നിക്ഷേപകർക്കുള്ള അലോട്ട്മെന്റ് കഴിഞ്ഞാൽ രജിസ്ട്രാറിൽ നിന്ന് ഇമെയിലും എസ്എംഎസും ലഭിക്കും. നിക്ഷേപകർക്ക് ഓഹരികൾ അനുവദിച്ചാൽ, അവ ഡീമാറ്റ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും,ലിസ്‍റ്റിംഗിന് ശേഷം ഈ ഓഹരികള്‍ വില്‍ക്കാനാകും.