27 Jan 2024 8:15 AM GMT
Summary
- രണ്ടും എംഎസ്എംഇ കമ്പനികൾ
- റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 135,000 രൂപയാണ്
- മെഗാതെർമ് ഇൻഡക്ഷൻ ഇഷ്യൂ ജനുവരി 31-ന് അവസാനിക്കും
ഹർഷ്ദീപ് ഹോർട്ടിക്കോ ഐപിഒ ജനുവരി 29-ന് ആരംഭിക്കും. ഇഷ്യൂ വിലൂടെ 42.42 ലക്ഷം ഓഹരികൾ നൽകി 19.09 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 42-45 രൂപയാണ്. കുറഞ്ഞത് 3000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 135,000 രൂപയാണ്. ഇഷ്യൂ ജനുവരി 31-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് ഫെബ്രുവരി ഒന്നിന് പൂർത്തിയാകും. ഫെബ്രുവരി 5-ന് ഓഹരികൾ ബിഎസ്ഇ എസ്എംഇ യിൽ ലിസ്റ്റ് ചെയ്യും.
ഇഷ്യൂ തുക കടം തിരിച്ചടവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.
ഹർഷ്ദീപ് ഹോർട്ടിക്കോ വീടിനകത്തേക്കും പുറത്തേക്കുമുള്ള ഉപയോഗത്തിനായി ചട്ടികളും പ്ലാൻ്ററുകളും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ്.
ഇൻഡോർ പ്ലാസ്റ്റിക് പ്ലാൻ്ററുകൾ, ഔട്ട്‌ഡോർ പ്ലാൻ്ററുകൾ, ഇല്യൂമിനേറ്റഡ് പ്ലാൻ്ററുകൾ, ഡെക്കറേറ്റീവ് പ്ലാൻ്ററുകൾ, റോട്ടോ-മോൾഡ് പ്ലാൻ്ററുകൾ, ഫൈബർ-റൈൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്ആർപി) പ്ലാൻ്ററുകൾ, ഇക്കോ സീരീസ് പ്ലാൻ്ററുകൾ തുടങ്ങിയവയും ഗാർഡൻ ഹോസ് പൈപ്പുകൾ, വാട്ടർ കാനിസ്റ്ററുകൾ തുടങ്ങിയ അനുബന്ധ ഉപകരണങ്ങളും കമ്പനി നിർമിക്കുന്നു. റോട്ടോ മോൾഡഡ് ഔട്ട്‌ഡോർ ഫർണിച്ചർ രംഗത്തേക്കും കമ്പനിയുടെ സാനിധ്യം അറിയിച്ചിട്ടുണ്ട്
മെഗാതെർമ് ഇൻഡക്ഷൻ (Megatherm Induction)
മെഗാതെർമ് ഇൻഡക്ഷൻ ഇഷ്യൂ ജനുവരി 29-ന് ആരംഭിച്ച് 31-ന് അവസാനിക്കും. ഇഷ്യൂ വഴി 49.92 ലക്ഷം ഓഹരികൾ നൽകി 53.91 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 100-108 രൂപയാണ്. കുറഞ്ഞത് 1200 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 129,600 രൂപയാണ്. ഓഹരികളുടെ അലോട്ട്‌മെൻ്റ് ഫെബ്രുവരി ഒന്നിന് പൂർത്തിയാകും. ഓഹരികൾ എൻഎസ്ഇ എമെർജിൽ ഫെബ്രുവരി 5ന് ലിസ്റ്റ് ചെയ്യും.
ഇഷ്യൂ തുക ഫാക്‌ടറി ഷെഡിൻ്റ നിർമാണം, പുതിയ പ്ലാൻ്റും മെഷിനറികളും സ്ഥാപിക്കുന്നതിനുമുള്ള ചെലവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.
2010-ൽ സ്ഥാപിതമായ മെഗാതെർമ് ഇൻഡക്ഷൻ ലിമിറ്റഡ്, ഇൻഡക്ഷൻ മെൽറ്റിംഗ് ഫർണസുകളും ഇൻഡക്ഷൻ തപീകരണ ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ്. മെഗാതെർമ് ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉപസ്ഥാപനമാണ് മെഗാതെർമ് ഇൻഡക്ഷൻ.
ട്രാൻസ്‌ഫോർമറുകൾ, ലാഡിൽ റിഫൈനിംഗ് ചൂളകൾ, കാസ്റ്റിംഗ് മെഷീനുകൾ, ഫ്യൂം എക്‌സ്‌ട്രാക്ഷൻ സിസ്റ്റങ്ങൾ മുതലായവ തുടങ്ങിയ സ്റ്റീൽ വർക്കുകൾക്കായുള്ള അപ്‌സ്ട്രീം, ഡൗൺസ്ട്രീം ഉപകരണങ്ങളും മെഷിനറികളും കമ്പനി നിർമ്മിക്കുന്നു. സ്റ്റീൽ പ്ലാൻ്റുകൾക്കുള്ള ടേൺകീ സൊല്യൂഷനുകളും കമ്പനി നൽകുന്നുണ്ട്. അതിൽ സ്റ്റീൽ പ്ലാൻ്റുകളുടെ ആസൂത്രണം, എഞ്ചിനീയറിംഗ്, ഡെലിവറി, അസംബ്ലി, കമ്മീഷൻ ചെയ്യൽ എന്നിവ ഉൾപ്പെടുന്നു.