Summary
- ഫെഡ്‌ഫിനയുടെ ഓഹരിക്ക് ഗ്രേ മാർക്കറ്റിൽ 2 രൂപ പ്രീമിയം.
- ഓഫർ ഫോർ സെയിൽ വഴി ട്രൂ നോർത്ത് വിറ്റത് 2.97 കോടി ഓഹരികൾ
കൊച്ചി: ഫെഡറൽ ബാങ്ക് ഫിനാൻഷ്യൽ സർവീസസ്ന്റെ (ഫെഡ്‌ഫിന) നവംബർ 24-ന് അവസാനിച്ച പ്രാഥമിക ഓഹരി വില്പനയിൽ (ഐപിഒ) നിന്നും പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ട്രൂ നോർത്ത് ഫണ്ട് (True North Fund VI LLP പോക്കറ്റിലാക്കിയത് 270-282 കോടി രൂപ ലാഭം.
ഐപിഒ പ്രോസ്‌പെക്ടസ് അനുസരിച്ച്, ട്രൂ നോർത്ത് ഫെഡ്‌ഫിനയിലെ ഓഹരികൾ ഏറ്റെടുക്കുന്നത് ഓഹരിയൊന്നിന് ശരാശരി 45.22 രൂപയ്ക്കാണ്; അതേസമയം, ഫെഡ്‌ഫിനയിലെ ഏറ്റവും വലിയ ഓഹരി ഉടമയായ ഫെഡറൽ ബാങ്കാകട്ടെ 19.34 രൂപയ്ക്കും.
അതനുസരിച്ച്, ഐപിഒ പ്രൈസ് ബാൻഡിന്റെ ഉയർന്ന പരിധിയായ 140 രൂപയ്ക്കു അലോട്ട്‌മെന്റ് നടക്കുകയാണെങ്കിൽ ട്രൂ നോർത്ത് 281.50 കോടി രൂപ ലാഭം നേടുമെന്ന് അനുമാനിക്കാം; അലോട്ട്‌മെന്റ് വില പ്രൈസ് ബാൻഡിന്റെ കുറഞ്ഞ പരിധിയായ 136 രൂപയാണെങ്കിൽ ലാഭം 269.62 കോടി യാകും.
സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം, ഫെഡ്‌ഫിനയുടെ ഓഹരികൾ ഗ്രേ മാർക്കറ്റിൽ 2 രൂപ പ്രീമിയത്തിലാണ് വില്പന നടക്കുന്നത്. ഇത് 133-140 രൂപ എന്ന ഓഹരി വിലയേക്കാൾ 1.4 ശതമാനം വർദ്ധനവ് സൂചിപ്പിക്കുന്നു.
ഓഫർ ഫോർ സെയിൽ (OFS) വഴി ട്രൂ നോർത്ത് 2.97 കോടി ഓഹരികൾ വിറ്റപ്പോൾ, ഏറ്റവും വലിയ ഓഹരിയുടമയായ ഫെഡറൽ ബാങ്ക് 54 ലക്ഷം ഓഹരികൾ വിറ്റു.
പബ്ലിക് ഓഫറിന് മുമ്പ് ഫെഡറൽ ബാങ്കിന്റെ കൈവശം ഫെഡ്‌ഫിനയുടെ 23.57 കോടി ഓഹരികൾ അഥവാ 72.28 ശതമാനം ഓഹരികൾ ഉണ്ടായിരുന്നെങ്കിൽ ട്രൂ നോർത്തിന്റെ കൈവശം ഉണ്ടായിരുന്നത് 8.28 കോടി ഓഹരികൾ അഥവാ 25.4 ശതമാനം ആയിരുന്നു.
പ്രൈസ് ബാൻഡിന്റെ ഉയർന്ന പരിധിയിൽ അലോട്ട്‌മെന്റ് വില കണക്കാക്കിയാൽ പ്രാഥമിക ഓഹരി വില്പനയിലൂടെ 600 കോടി രൂപയും ഓഫർ ഫോർ സെയിലൂടെ 490 കോടി രൂപ സമാഹരിക്കാനാവും. അങ്ങനെ ഇഷ്യുവിന്റെ മൊത്തം വലുപ്പം 1090 കോടി രൂപയാവും.
റിപ്പോർട്ടുകൾ പ്രകാരം, ഐപിഒയിൽ നിന്നുള്ള അറ്റ വരുമാനം ഫെഡ്ബാങ്ക് ഫിനാൻഷ്യൽ അതിന്റെ ടയർ-1 മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനും കമ്പനിയുടെ ബിസിനസ്സിനും ആസ്തി വളർച്ചയ്ക്കും വേണ്ടി ഭാവി മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിനും വിനിയോഗിക്കാനാണ് പദ്ധതിയിടുന്നത്.
ടാറ്റ ടെക്‌നോളജീസ്, ഐആർഡിഇഎ, ഗാന്ധർ ഓയിൽ, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് തുടങ്ങി കേരളത്തിൽ നിന്നുള്ള ചിലതുൾപ്പെടെ നിരവധി ഐപിഒകൾ കഴിഞ്ഞ ഏതാനും ആഴ്‌ചകളായി വിപണിയിൽ എത്തിയിരുന്നു.