image

18 Oct 2023 12:13 PM GMT

IPO

ഇഷ്യൂവിനൊരുങ്ങി ഇസാഫ്

MyFin Desk

ഇഷ്യൂവിനൊരുങ്ങി ഇസാഫ്
X

Summary

  • നാല് മറ്റു കേരള കമ്പനികളും ഇഷ്യൂവിനൊരുങ്ങുന്നു
  • ഇസാഫ് ഇഷ്യൂ വലുപ്പം 629 കോടി രൂപ
  • മൂന്നാം തവണയാണ് ഇഎസ്എഎഫ് ഐപിഒയിലൂടെ മൂലധന വിപണിയിലെത്താൻ ശ്രമിക്കുന്നത്


തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചെറുകിട ധനകാര്യ ബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡിന് പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ (ഐ‌പി‌ഒ) ഫണ്ട് സ്വരൂപിക്കുന്നതിന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി ലഭിച്ചു.

486.74 കോടി രൂപ വരെയുള്ള പുതിയ ഇഷ്യൂവും 142.30 കോടി രൂപയുടെ പ്രൊമോട്ടർമാർ വിൽക്കുന്ന ഓഹരികളും ചേർന്നതാണ് ഇസാഫ് ഇഷ്യൂ വലുപ്പം. ഇഎസ്എഎഫ് ഫിനാൻഷ്യൽ ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 119.26 കോടി രൂപയുടെ ഓഹരികളും പിഎൻബി മെറ്റ്ലൈഫ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ 12.67 കോടി രൂപയുടെ ഓഹരികളും ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ 10.37 കോടി രൂപയുടെ ഓഹരികളും വില്പനയിൽ ഉൾപ്പെടുന്നു.

2023 ജൂലൈയിൽ കമ്പനി സെബിയിൽ പ്രാഥമിക ഐപിഒ പേപ്പറുകൾ റീ ഫയൽ ചെയ്തിരുന്നു.

ഇത് മൂന്നാം തവണയാണ് ഇഎസ്എഎഫ് ഐപിഒയിലൂടെ മൂലധന വിപണിയിലെത്താൻ ശ്രമിക്കുന്നത്. 2020 മാർച്ചിലാണ് സ്‌മോൾ ഫിനാൻസ് ബാങ്കിന് ആദ്യമായി സെബിയുടെ അനുമതി ലഭിക്കുന്നത്. ആ സമയത് ഇഷ്യുവിന്റെ വലുപ്പം 976 കോടി രൂപയായിരുന്നു. അതിൽ 800 കോടി രൂപയുടെ പുതിയ ഓഹരികളുടെ ഇഷ്യൂ ഉൾപ്പെട്ടിരുന്നു.

ഇഷ്യുവിലെ ലീഡ് ബാങ്കർമാരുമായി കൂടിയാലോചിച്ച്, പ്രൈവറ്റ് പ്ലേസ്‌മെന്റിലൂടെയോ മറ്റേതെങ്കിലും രീതിയിലൂടെയോ 97.33 കോടി രൂപ (പ്രീ-ഐ‌പി‌ഒ പ്ലേസ്‌മെന്റ്) സമാഹരിക്കാനും കമ്പനി ശ്രമിക്കുന്നുണ്ടെന്ന് വിദഗ്ധർ പറഞ്ഞു. അത്തരം പ്ലെയ്‌സ്‌മെന്റ് പൂർത്തിയായാൽ, പുതിയ ഇഷ്യൂവിന്റെ വലുപ്പത്തിൽ മാറ്റമുണ്ടാകും.

വിപണിയിലേക്ക് എത്തുന്ന മറ്റു കേരള കമ്പനികൾ :

കേരള ആസ്ഥാനമായുള്ള കമ്പനികളിൽ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡ് മൂലധന വിപണിയിലെത്താനുള്ള തയ്യാറെടുപ്പത്തിലാണ്. ഏകദേശം 1.43 കോടി ഓഹരികൾ വിൽക്കുന്നതിലൂടെ 250 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്‌ഷ്യം. പോപ്പുലർ വെഹിക്കിൾസ് അതിന്റെ ഡ്രാഫ്റ്റ് റെഡ്-ഹെറിംഗ് പ്രോസ്പെക്ടസ് ഒക്ടോബർ 4-ന് ഫയൽ ചെയ്തിട്ടുണ്ട്.

ഫെഡറൽ ബാങ്കിന്റെ എൻബിഎഫ്സി വിഭാഗമായ ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ സെർവിസ്സ് (ഫെഡ്‌ഫിന) ഐപിഓ വഴി 1,400 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുകയാണ്. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ഇഷ്യൂ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ലക്‌ഷ്യം.

മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ആശിർവാദ് മൈക്രോ ഫിനാൻസും (എഎംഎഫ്എൽ) ഐപിഒക്കൊരുങ്ങുന്ന മറ്റൊരുരു കേരള കമ്പനി. ഒക്‌ടോബർ അഞ്ചിന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾക്ക് നൽകിയ ഫയലിംഗിൽ എഎംഎഫ്‌എൽ 1,500 കോടി രൂപയുടെ ഇഷ്യൂവിനാണ് ഡിആർഎച്ച്പി ഫയൽ ചെയ്തതായി മണപ്പുറം ഫിനാൻസ് അറിയിച്ചു.

അടുത്ത 18 മാസത്തിനുള്ളിൽ വിപണികളിൽ എത്താൻ ലക്ഷ്യമിടുന്ന മറ്റൊരു കേരള ആസ്ഥാനമായുള്ള കമ്പനിയാണ് മുത്തൂറ്റ് മൈക്രോഫിൻ. ഐപിഒ വഴി 1000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് ഇൻവെസ്റ്റ്‌മെന്റ് ബാങ്കർമാർ പറഞ്ഞു.