31 Oct 2023 10:00 AM IST
Summary
- 12.50 കോടി രൂപയുടെ ഓഹരികള്‍ ഇസാഫ് ജീവനക്കാര്‍ക്കായി നീക്കിവച്ചിട്ടുണ്ട്
- ഐപിഒ വഴി സമാഹരിക്കുന്ന തുക ബാങ്കിന്റെ ടയര്‍-1 മൂലധന അടിത്തറ വിപുലമാക്കുന്നതിനു ഉപയോഗിക്കും
- ഇസാഫ് 2017 മാര്‍ച്ച് മുതല്‍ ബാങ്ക് ആയി പ്രവര്‍ത്തിച്ചു വരുന്നു
നവംബര്‍ മൂന്നിന് ആരംഭിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഐപിഒ വില നിശ്ചയിച്ചു. 57-60 രൂപയാണ് ഇഷ്യുവിന്റെ ഓഫര്‍ വില.
ഈയാഴ്ചയിലെ മൂന്നാമത്തെ ഐപിഒയാണ് ഇസാഫിന്റേത്.
സെല്ലോ വേള്‍ഡ്, ഹൊസാന കണ്‍സ്യൂമര്‍ എന്നിവയാണ് മറ്റ് രണ്ട് ഐപിഒകള്‍. ഇതില്‍ സെല്ലോ ഒക്ടോബര്‍ 30ന് തുടങ്ങി. ഹൊസാന കണ്‍സ്യൂമര്‍ ഇന്ന് (ഒക്ടോബര്‍ 31) ആരംഭിക്കും.
ഇസാഫിന്റെ ഐപിഒ നവംബര്‍ മൂന്നിന് ആരംഭിച്ച് ഏഴിന് അവസാനിക്കും.ബാങ്കിന്റെ ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ഐപിഒ നവംബര്‍ 2 ന് നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
463 കോടി രൂപ ഐപിഒയിലൂടെ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ 390.70 കോടി രൂപ പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ സമാഹരിക്കും. 72.30 കോടി രൂപ നിലവിലെ പ്രൊമോട്ടര്‍മാരുടെ (ഓഹരിയുടമകള്‍) ഓഹരി വില്‍പ്പനയിലൂടെയും സമാഹരിക്കും.
ഐപിഒയില്‍ 50 ശതമാനം നിക്ഷേപ സ്ഥാപനങ്ങള്‍ക്കും 15 ശതമാനം സ്ഥാപനേതര-നിക്ഷേപകര്‍ക്കും 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കുമായി മാറ്റിവച്ചു.
12.50 കോടി രൂപയുടെ ഓഹരികള്‍ ഇസാഫ് ജീവനക്കാര്‍ക്കായി നീക്കിവച്ചിട്ടുമുണ്ട്.
ഐപിഒ വഴി സമാഹരിക്കുന്ന തുക ബാങ്കിന്റെ ടയര്‍-1 മൂലധന അടിത്തറ വിപുലമാക്കുന്നതിനും ഭാവിയിലെ മൂലധന ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും.
തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച മൈക്രോ ഫിനാന്‍സ് സ്ഥാപനമാണ് ഇസാഫ്. 2017 മാര്‍ച്ച് മുതല്‍ ബാങ്ക് ആയി പ്രവര്‍ത്തിച്ചു വരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (ആര്‍ബിഐ) നിന്ന് ലൈസന്‍സ് ലഭിച്ചതോടെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കായി മാറി.