28 Dec 2024 11:09 AM GMT
Summary
- ആഗോള സംഘര്‍ഷങ്ങള്‍ക്കിടയിലും ഈ വര്‍ഷം മുന്നേറാനായെന്നും റിപ്പോര്‍ട്ട്
- ആഭ്യന്തര നിക്ഷേപകര്‍, ഇന്ത്യന്‍ കമ്പനികള്‍, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ എന്നിവ ഈ തരംഗത്തെ നയിക്കും
വരും വര്‍ഷവും ഇന്ത്യന്‍ വിപണിയില്‍ ഐപിഒ തരംഗം തുടരുമെന്ന് റിപ്പോര്‍ട്ട്. പണപ്പെരുപ്പത്തിനും ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷങ്ങള്‍ക്കുമിടയിലും ഈ വര്‍ഷം മുന്നേറാനായെയന്നും വിലയിരുത്തല്‍.
ആഭ്യന്തര നിക്ഷേപകര്‍, ഇന്ത്യന്‍ കമ്പനികള്‍, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ എന്നിവരുടെ പങ്കാളിത്തമായിരിക്കും ഈ ബുള്‍ റണ്ണിനെ നയിക്കുകയെന്നും വിപണി വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഓഹരി വിപണിയിലെ മുന്നേറ്റം, സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ശുഭാപ്തി വിശ്വാസം, കമ്പനികളുടെ മികച്ച പ്രകടനം തുടങ്ങി ഐപിഒ അനുകൂല ഘടകങ്ങള്‍ നിരവധിയാണെന്ന് ഗ്ലോബല്‍ ഡേറ്റ അനലിസ്റ്റ് മൂര്‍ത്തി ഗ്രാന്തി പറയുന്നു.
നിരവധി വിദേശ കമ്പനികളുടെ ഇന്ത്യന്‍ യൂണിറ്റുകള്‍ ഇന്ത്യയുടെ ഐപിഒ വിപണി ഉന്നമിടുന്നുണ്ട്. മികച്ച മൂല്യനിര്‍ണ്ണയമാണ് പ്രധാന കാരണം. 2023ല്‍ 5.5 ബില്യണ്‍ യുഎസ് ഡോളറിന്റെതായിരുന്നു ഇന്ത്യന്‍ ഐപിഒ വിപണി. 2024-ല്‍ അത് 11.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അതായത് മുന്നേറ്റം ഇരട്ടിയായി. ഈ പ്രവണത തന്നെയാണ് പുതുവര്‍ഷത്തിലും വിപണി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
2024ല്‍ 300നടുത്ത് കമ്പനികളാണ് വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. കരുത്തായതാവട്ടെ വിദേശ നിക്ഷേപകരുടെ പങ്കാളിത്തമാണ്. എന്നാല്‍ വര്‍ഷത്തിന്റെ രണ്ടാം പാതിയില്‍ വിദേശീയര്‍ ഇന്ത്യന്‍ വിപണി വിടുന്ന കാഴ്ചയ്ക്കാണ് നിക്ഷേപകര്‍ സാക്ഷ്യം വഹിച്ചത്. ഈ ഘട്ടത്തില്‍ ഇന്ത്യന്‍ വിപണിയെ രക്ഷിച്ചത് ആഭ്യന്തര നിക്ഷേപകരാണ്. ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് ആഭ്യന്തര നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്.