image

16 March 2024 10:20 AM GMT

IPO

34 കോടി ലക്ഷ്യമിട്ട് വീണ്ടുമൊരു എസ്എംഇ ഐപിഒ

MyFin Desk

chatha foods ipo on march 19
X

Summary

  • ഇഷ്യൂ മാർച്ച് 21-ന് അവസാനിക്കും
  • ഒരു ലോട്ടിൽ 2000 ഓഹരികൾ
  • പ്രൈസ് ബാൻഡ് 53-56 രൂപ


ഫ്രോസൺ ഫുഡ്സ് വിതരണം ചെയുന്ന ചാത്ത ഫുഡ്സ് ഐപിഒ മാർച്ച് 19-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 59.62 ലക്ഷം ഓഹരികൾ നൽകി 34 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

ഇഷ്യൂ മാർച്ച് 21-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 26-ന് അവസാനിക്കും. ഓഹരികൾ മാർച്ച് 27-ന് ബിഎസ്ഇ എസ്എംഇ ലിസ്റ്റ് ചെയ്യും. പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 53-56 രൂപയാണ്. കുറഞ്ഞത് 2000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 112,000 രൂപയാണ്.

പരംജിത് സിംഗ് ചാത്ത, ഗുർപ്രീത് ചാത്ത, ഗുർചരൺ സിംഗ് ഗോസൽ, അൻമോൽദീപ് സിംഗ് എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായും ഉപയോഗിക്കും.

1997-ൽ സ്ഥാപിതമായ ചാത്ത ഫുഡ്സ് ലിമിറ്റഡ് (CFL) ഒരു ഫ്രോസൺ ഫുഡ് പ്രോസസറാണ്. മുൻനിര QSR-കൾ (ക്വിക്ക് സെർവിംഗ് റെസ്റ്റോറൻ്റുകൾ), CDR-കൾ (കാഷ്വൽ ഡൈനിംഗ് റെസ്റ്റോറൻ്റുകൾ), HoReCa (ഹോട്ടൽ-റെസ്റ്റോറൻ്റ്-കേറ്ററിംഗ്) വിഭാഗത്തിലെ ഉപഭോക്താക്കൾക്കായി കമ്പനി ഫ്രോസൺ ഭക്ഷ്യ ഉൽപ്പന്നങ്ങൾ നൽകുന്നു. ചാത്ത ഫുഡ്‌സിൻ്റെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ചിക്കൻ അപ്പറ്റൈസറുകൾ, മീറ്റ് പാറ്റീസ്, ചിക്കൻ സോസേജുകൾ, കഷ്ണങ്ങളാക്കിയ ഇറച്ചി, ടോപ്പിംഗുകൾ, ഫില്ലറുകൾ എന്നിവ ഉൾപ്പെടുന്നു. കമ്പനി 70 ലധികം മാംസ ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്.

കമ്പനിക്ക് ഇന്ത്യയിലെ 32 നഗരങ്ങളിലായി 29 വിതരണക്കാരുടെ ശൃംഖലയുണ്ട്. ശീതീകരിച്ച എല്ലാ ഭക്ഷ്യ ഉൽപന്നങ്ങൾ നിർമിക്കുന്ന ഏകദേശം 7,839 എംടി ഉൽപ്പാദന ശേഷിയുള്ള നിർമ്മാണ യൂണിറ്റ് കമ്പനിക്കുണ്ട്. ഇത് മൊഹാലി ജില്ലയിൽ സ്ഥിതി ചെയ്യുന്നു.

ഡൊമിനോസ്, സബ്‌വേ ഇന്ത്യ, കഫേ കോഫി ഡേ, വോക്ക് എക്‌സ്‌പ്രസ് തുടങ്ങിയ ഹോട്ടൽ-റെസ്റ്റോറൻ്റ്-കേറ്ററിംഗ് വിഭാഗത്തിലെ മുൻനിര ക്യുഎസ്ആർ, സിഡിആർ, തുടങ്ങിയ ഉപഭോക്താക്കൾക്ക് കമ്പനി സേവനം നൽകുന്നുണ്ട്.

ഇൻഡോറിയൻ്റ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡാണ് ഐപിഒയുടെ ലീഡ് മാനേജർ. സ്കൈലൈൻ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.