28 Oct 2023 12:02 PM GMT
Summary
- ഇഷ്യൂ ഒക്ടോബർ 30 മുതൽ നവംബർ 1 വരെ
- ഓഹരിയുടെ പ്രൈസ് ബാൻഡ് 617-648 രൂപ
- ഒരു ലോട്ടിൽ 23 ഓഹരികൾ
മുംബൈ ആസ്ഥാനമായുള്ള ഉപഭോക്തൃ ഉത്പന്ന നിർമാതാക്കളായ സെല്ലോ വേൾഡ് പബ്ലിക് ഇഷ്യൂവിലൂടെ 2.93 കോടി ഓഹരികൾ നൽകി 1900 കോടി രൂപ സ്വരൂപിക്കാൻ ലക്ഷ്യമിടുന്നു. ഒക്ടോബർ 30-ന് ആരംഭിക്കുന്ന ഇഷ്യൂ നവംബർ ഒന്നിന് അവസാനിക്കും. സെല്ലോ വേൾഡ് ഓഹരികളുടെ അലോട്ട്മെന്റ് 2023 നവംബർ 6 പൂർത്തിയാകും. ഓഹരികൾ ബിഎസ്ഇ എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ നവംബർ 9 ലിസ്റ്റ് ചെയ്യും.
അഞ്ചു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 617-648 രൂപയാണ്. കുറഞ്ഞത് 23 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,904 രൂപയാണ്. എസ്-എച്എൻഐ യുടെ കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (322 ഓഹരികൾ), തുക 2,08,656 രൂപ. ബി-എച്എൻഐക്ക് കുറഞ്ഞത് 68 ലോട്ടുകളാണ് (1,564 ഓഹരികൾ), തുക 10,13,472 രൂപ.
മുംബൈ ആസ്ഥാനമായുള്ള കമ്പനി, ഇഷ്യു വലുപ്പത്തിന്റെ പകുതി യോഗ്യതയുള്ള സ്ഥാപന നിക്ഷേപകർക്കും 15 ശതമാനം ഉയർന്ന മൂല്യമുള്ള നിക്ഷേപകർക്കും ബാക്കി 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമായി മാറ്റിവെച്ചിരിക്കുന്നു.
പ്രദീപ് ഗിസുലാൽ റാത്തോഡ്, പങ്കജ് ഗിസുലാൽ റാത്തോഡ്, ഗൗരവ് പ്രദീപ് റാത്തോഡ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
കമ്പനിയെ കുറിച്ച് :
പ്രശസ്ത ഇന്ത്യൻ ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയായ സെല്ലോ വേൾഡ് പ്രധാനമായും എഴുത്ത് ഉപകരണങ്ങളും സ്റ്റേഷനറികളും, മോൾഡഡ് ഫർണിച്ചറുകൾ, ഉപഭോക്തൃ ഗൃഹോപകരണങ്ങൾ, മറ്റു അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിങ്ങനെ മൂന്ന് വിഭവങ്ങളിലായി പ്രവർത്തിച്ച് വരുന്നു. ഉപഭോക്തൃ ഉൽപ്പന്ന വ്യവസായ മേഖലയിൽ കമ്പനിക്ക് 60 വർഷത്തിലധികം അനുഭവമുണ്ട്. ഇത് ഉപഭോക്തൃ മുൻഗണനകളും തിരഞ്ഞെടുപ്പുകളും നന്നായി മനസ്സിലാക്കാൻ കമ്പനിയെ പ്രാപ്തമാക്കിട്ടുണ്ട്.
സെല്ലോ വേൾഡിന് ഇന്ത്യയിൽ 5 സ്ഥലങ്ങളിലായി 13 നിർമ്മാണ യൂണിറ്റുകളുണ്ട്. കാര്യക്ഷമമായ ഉൽപ്പാദനക്ഷമതയും വർധിപ്പിച്ച ഉൽപ്പാദന ശേഷിയും സാധ്യമാക്കുന്നതിനായി യൂറോപ്യൻ നിർമ്മിത യന്ത്രങ്ങൾ ഉപയോഗിച്ച് രാജസ്ഥാനിൽ ഒരു ഗ്ലാസ് നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
2023 മാർച്ച് 31 വരെ, കമ്പനിക്ക് എല്ലാ ഉൽപ്പന്ന ശ്രേണികളിലുമായി 15,841 സ്റ്റോക്ക്-കീപ്പിംഗ് യൂണിറ്റുകൾ (എസ്കെയു) ഉണ്ട്. ഇക്കാലയളവിലെ കണക്ക് പ്രകാരം കമ്പനിയുടെ ദേശീയ വിൽപ്പന വിതരണ ടീമിൽ 683 അംഗങ്ങളുണ്ട്. കമ്പനിയുടെ വരുമാനത്തിന്റെ 80 ശതമാനവും ഇൻ-ഹൗസ് നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നാണ് വരുന്നത്, ബാക്കിയുള്ളവ (സ്റ്റീൽ, ഗ്ലാസ്വെയർ ഉൽപ്പന്നങ്ങൾ) മൂന്നാം കക്ഷി കരാർ നിമാതാക്കളിൽ നിന്നാണ് വരുന്നത്.
സാമ്പത്തികം :
2022 -23 സാമ്പത്തിക വർഷത്തിലെ അറ്റാദായം മുൻ വർഷത്തെ അപേക്ഷിച്ച് 30.5 ശതമാനം ഉയർന്ന് 266.1 കോടി രൂപയിലെത്തി. വരുമാനം 32.2 ശതമാനം ഉയർന്ന് 1,796.7 കോടി രൂപയായി. ഓപ്പറേഷനാൽ കോസ്റ്റ് മുൻവർഷത്തേക്കാൾ 26 ശതമാനം ഉയർന്ന് 23 സാമ്പത്തിക വർഷത്തിൽ 420.54 കോടി രൂപയായി. മാർജിൻ 1.1 ശതമാനം കുറഞ്ഞ് 23.4 ശതമാനമായി.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനിയുടെ അറ്റാദായം 25.2 ശതമാനം ഉയർന്ന് 77.4 കോടി രൂപയും വരുമാനം 9 ശതമാനം വർധിച്ച് 471.8 കോടി രൂപയുമായി.
കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ, ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, ജെഎം ഫിനാൻഷ്യൽ, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്സ് എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർമാർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിന്റെ രജിസ്ട്രാർ.