11 March 2024 12:52 PM GMT
Summary
- ഇഷ്യൂ മാർച്ച് 15-ന് അവസാനിക്കും
- പ്രൈസ് ബാൻഡ് 71-75 രൂപ
- ഒരു ലോട്ടിൽ 1600 ഓഹരികൾ
റോഡ് പദ്ധതികളുടെ നിർമ്മാണ കമ്പനിയായ എവിപി ഇൻഫ്രാകോൺ ഐപിഒ മാർച്ച് 13-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 69.79 ലക്ഷം ഓഹരികൾ നൽകി 52.34 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
ഇഷ്യൂ മാർച്ച് 15-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 18-ന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ എമെർജിൽ 20-ന് ലിസ്റ്റ് ചെയ്യും.
പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 71-75 രൂപയാണ്. കുറഞ്ഞത് 1600 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 120,000 രൂപയാണ്.
ഡി പ്രസന്നയും ബി വെങ്കിടേശ്വര്ലുവുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.
ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക ആവശ്യമായ ഉപകരണങ്ങൾ വാങ്ങുക, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ, ഇഷ്യൂ ചെലവുകൾ എന്നിവയ്ക്കായി ഉപയോഗിക്കും
ഷെയർ ഇന്ത്യ ക്യാപിറ്റൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ലീഡ് മാനേജർ, പൂർവ ഷെയർജിസ്ട്രി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.
2009-ൽ സ്ഥാപിതമായി എവിപി ഇൻഫ്രാകോൺ ലിമിറ്റഡ് ബിൽ ഓഫ് ക്വാണ്ടിറ്റീസ് (BOQ), എഞ്ചിനീയറിംഗ്, പ്രൊക്യുർമെൻ്റ്, കൺസ്ട്രക്ഷൻ (EPC) എന്നിവയുടെ അടിസ്ഥാനത്തിൽ റോഡ് പദ്ധതികളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ്. എവിപി കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു കമ്പനി മുമ്പ് അറിയപ്പെട്ടിരുന്നത്.
വിവിധ തരത്തിലുമുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ, എക്സ്പ്രസ് വേകൾ, ദേശീയ പാതകൾ, മേൽപ്പാലങ്ങൾ, പാലങ്ങൾ, വയഡക്‌റ്റുകൾ, ജലസേചന പദ്ധതികൾ, നഗരവികസനം - പൗര സൗകര്യങ്ങൾ, ആശുപത്രികൾ, വെയർഹൗസുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ, പാർപ്പിട പദ്ധതികൾ തുടങ്ങിയ സിവിൽ ജോലികൾ കമ്പനി ഏറ്റെടുത്ത് പൂർത്തിയാക്കി കൊടുക്കുന്നു. പ്രധാനമായും തമിഴ്‌നാട്ടിലെ റോഡുകൾ, പാലങ്ങൾ, ജലസേചനം, കനാൽ പദ്ധതികൾ, മേൽപ്പാലങ്ങൾ, വ്യവസായ മേഖലകൾ എന്നിവയുടെ നിർമ്മാണത്തിനായാണ് കമ്പനി ടെൻഡർ വിളിച്ചെടുക്കുന്നത്.
2024 ജനുവരി വരെയുള്ള കണക്കനുസരിച്ച് കമ്പനി ഏകദേശം 313 .21 കോടി രൂപയുടെ 40 പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്.