image

6 Nov 2023 10:17 AM GMT

IPO

എഎസ്കെ ഓട്ടോമോട്ടീവ് ഐപിഒ നാളെ മുതല്‍

MyFin Desk

ASK Automotive IPO to open on November 7; check price band, lot size and other details
X

Summary

  • ഇഷ്യൂ നവംബർ 9-ന് അവസാനിക്കും
  • ഓഹരിയുടെ പ്രൈസ് ബാൻഡ് 268-282 രൂപ
  • ഒരു ലോട്ടിൽ 53 ഓഹരികൾ


ഇരുചക്ര വാഹനങ്ങൾക്കായുള്ള അഡ്വാൻസ്‍ഡ് ബ്രേക്കിംഗ് സിസ്റ്റം നിർമിച്ച് നൽകുന്ന എഎസ്കെ ഓട്ടോമോട്ടീവിന്‍റെ പ്രഥമ ഓഹരി വില്‍പ്പന നവംബർ 7-ന് ആരംഭിച്ച് 9-ന് അവസാനിക്കും. 834 കോടി രൂപയുടെ പുതിയ ഓഹരികളും 2.96 കോടി ഓഹരികളുടെ ഓഫർ ഫോർ സൈലും ഇഷ്യൂവിൽ ഉൾപ്പെടുന്നു.

രണ്ട് രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 268-282 രൂപയാണ്. കുറഞ്ഞത് 53 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,946 രൂപയാണ്. എസ്എൻഐഐയുടെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (742 ഷെയറുകൾ), തുക 2,09,244 രൂപ. ബിഎൻഐഐക്ക് ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 67 ലോട്ടുകളാണ് (3551 ഷെയറുകൾ), തുക 10,01,382 രൂപ.

ഇഷ്യൂവിന്റെ 50 ശതമാനം അര്‍ഹരായ സ്ഥാപന നിക്ഷേപകർക്കും 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകർക്കുമായി കമ്പനി നീക്കിവച്ചിരിക്കുന്നു.

ഓഹരികളുടെ അലോട്ട്മെന്റ് നവംബർ 15-ന് പൂർത്തിയാവും. അർഹതപ്പെട്ട നിക്ഷേപകർക്കുള്ള ഓഹരികൾ 17-ന് ഡീമാറ്റ് അക്കൗണ്ടിലേക്ക് എത്തും. നവംബർ 20-ന് ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്‍റ്റ് ചെയ്യും.

പ്രൊമോട്ടർമാരായ കുൽദീപ് സിംഗ് രഥീ, വിജയ് രഥീ എന്നിവർ യഥാക്രമം 2.06 കോടി ഓഹരികളും 88.7 ലക്ഷം ഓഹരികളും ഓഫർ ഫോർ സൈൽ വഴി വിൽക്കും.

കമ്പനിയെ കുറിച്ച്

1988-ൽ സ്ഥാപിതമായ എഎസ്കെ ഓട്ടോമോട്ടീവ് ലിമിറ്റഡിന് 2023 ജൂൺ വരെയുള്ള കണക്കനുസരിച്ച്, ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലായി 15 നിർമ്മാണ യൂണിറ്റുകളുണ്ട്. എച്ച്എംഎസ്ഐ, എച്ച്എംസിഎൽ, സുസുക്കി, ടിവിഎസ്, യമഹ, ബജാജ്, റോയൽ എൻഫീൽഡ്, ഡെൻസോ, മാഗ്‍നെറ്റി മറെല്ലി, തുടങ്ങിയ കമ്പനികൾക്ക് ഈ ബ്രേക്കിംഗ് സിസ്‍റ്റങ്ങള്‍ നൽകി വരുന്നുണ്ട്. കമ്പനിയുടെ വിവിധ യൂണിറ്റുകളില്‍ നിന്ന് വിദേശത്തേക്കുള്ള കയറ്റുമതിയും നടക്കുന്നുണ്ട്.

കമ്പനിയുടെ ഉൽപ്പന്ന ശ്രേണിയിൽ ഉൾപ്പെടുന്ന സംവിധാനങ്ങൾ:

(I) എബി സിസ്റ്റം.

(ii) അലുമിനിയം ലൈറ്റ് വെയ്റ് പ്രിസിഷൻ (എഎൽപി).

(iii) ഇരു ചക്ര നിർമ്മാതാകൾക്കുള്ള വീൽ അസംബ്ലി

(iv) സെക്യൂരിറ്റി കണ്‍ട്രോള്‍ കേബിളുകൾ (എസ് സി സി ).

ജെഎം ഫിനാൻഷ്യൽ, ആക്സിസ് കാപ്പിറ്റൽ, ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ് എന്നിവരാണ് ഇഷ്യൂവിന്റെ ലീഡ് മാനേജർമാര്‍. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.