6 Oct 2023 5:21 PM IST
Summary
- രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു ടാറ്റ ഗ്രൂപ്പ് കമ്പനി ഇഷ്യൂവുമായി എത്തുന്നത്
- ഓഎഫ്എസ് വഴി 9.57 കോടി ഓഹരികൾ വിൽക്കും
ടാറ്റ മോട്ടേഴ്‌സിന്റെ ഉപസ്ഥാപനമായ ടാറ്റ ടെക്നോളജീസ് ലിമിറ്റഡ് ലിസ്റ്റിംഗിന് തയ്യാറെടുക്കുന്നു. കമ്പനിയുടെ പ്രമോട്ടര്മാരായ ടാറ്റാ മോട്ടോഴ്‌സ്, ആൽഫ ടിസി ഹോൾഡിംഗ്‌സ്, ടാറ്റ കാപിറ്റല്‍ ഗ്രോത്ത് ഫണ്ട് എന്നിവ സംയുക്തമായി കമ്പനിയുടെ അടച്ചു തീർത്ത മൂലധനത്തിന്‍റെ 23.6 ശതമാനം വരുന്ന 9.57 കോടി ഓഹരികൾ വിൽപ്പനയ്ക്കു വയ്ക്കു൦. ഇതിലൂടെ ആണ് ടാറ്റ ടെക്നോളജീസിന്റെ വിപണി പ്രവേശ൦. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു ടാറ്റ ഗ്രൂപ്പ് കമ്പനി ഇനീഷ്യൽ പബ്ലിക് ഓഫറുമായി വിപണിയിലെത്തുന്നത്.
ടാറ്റ ടെക്നോളജീസ് ലിമിറ്റഡ്
പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള എഞ്ചിനീയറിംഗ്, ടെക്നോളജി സൊല്യൂഷൻസ് കമ്പനിയാണ് ടാറ്റ ടെക്നോളജീസ് ലിമിറ്റഡ് (ടിടിഎൽ). ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ നിർമ്മാതാക്കളിൽ ഒന്നായ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണിത്. ഓട്ടോമോട്ടീവ്, എയ്‌റോസ്‌പേസ്, പ്രതിരോധ വ്യവസായങ്ങൾ എന്നിവയ്ക്ക് ടിടിഎൽ വിപുലമായ എഞ്ചിനീയറിംഗ് സൊലൂഷന്‍ നൽകി വരുന്നു. കമ്പനിയുടെ സേവനങ്ങളിൽ ഉൽപ്പന്ന രൂപകൽപ്പന, വികസനം, നിർമ്മാണം, പരിശോധന എന്നിവ ഉൾപ്പെടുന്നു. വെർച്വൽ പ്രോട്ടോടൈപ്പിംഗും സിമുലേഷനും പോലെയുള്ള ഡിജിറ്റൽ എഞ്ചിനീയറിംഗ് സൊല്യൂഷനുകളും ഉള്‍പ്പെടുന്നു.
ടിടിഎലിന്റെ ട്രാക്ക് റെക്കോർഡ് മികച്ചതാണ്. കമ്പനിക്ക് ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ എഞ്ചിനീയറിംഗ് സെന്ററുകളുടെയും ഓഫീസുകളുടെയും വിപുലമായ ശൃംഖലയുണ്ട്. 11,000-ലധികം ജീവനക്കാരുള്ള എഞ്ചിനീയറിംഗ് പ്രതിഭകളുടെ ശക്തമായ അടിത്തറയാണ് കമ്പനിയിലുള്ളത്.
ഡിജിറ്റൽ എഞ്ചിനീയറിംഗ് സൊല്യൂഷനുകളിലും ടിടിഎൽ ശക്തരാണ്. രൂപകൽപ്പനയും വികസനവും മെച്ചപ്പെടുത്തുന്നതിന് വെർച്വൽ പ്രോട്ടോടൈപ്പിംഗും സിമുലേഷനും ഉപയോഗിക്കുന്നതിന്റെ ശക്തമായ ട്രാക്ക് റെക്കോർഡ് കമ്പനിക്കുണ്ട്. ഡിജിറ്റൽ എഞ്ചിനീയറിംഗ് മെച്ചപ്പെടുത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും മെഷീൻ ലേണിംഗിലും കമ്പനി നിക്ഷേപിച്ചു വരുന്നുണ്ട്.
കമ്പനിയുടെ യാത്ര
1989 ൽ ആരംഭിച്ച കമ്പനി 2005 ൽ യുകെയിലുള്ള ഐഎൻസിഎടിയിലെ മുഴുവൻ ഓഹരി പങ്കാളിത്തം ഏറ്റെടുത്തു. ആൽഫ ടിസി ഹോൾഡിങ്‌സ്, ടാറ്റ കാപിറ്റൽ എന്നിവരിൽ നിന്ന് 2011 കമ്പനി പണം സ്വരൂപിച്ചിട്ടുണ്ട്. 2012 ലാണ് കമ്പനി ആദ്യമായി നോർത്ത് അമേരിക്കൻ ഷോയിൽ ഇലക്ട്രിക്ക് മൊബിലിറ്റി വാഹനങ്ങൾ അവതരിപ്പിച്ചത്. 2013 ൽ കമ്പനി കംബ്രിക് ഹോൾഡിങ്‌സ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. അവസാനമായി 2017 ൽ ടാറ്റ ടെക്നോളോജിസ് യുറോപ്പിലുള്ള എസ്സെണ്ട ഹോൾഡിങ്‌സ് ഏറ്റെടുത്തു.
സാമ്പത്തികം
ടാറ്റ ടെക്‌നോളജീസിന്റെ വരുമാന, ലാഭ വളർച്ചാനിരക്കുകള്‍ മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2022 - 23 -ല്‍ കുറഞ്ഞതായാണ് കമ്പനി രേഖപെടുത്തിയിട്ടുള്ളത്. വരുമാന വളർച്ചാനിരക്ക് മുന്‍വർഷത്തെ 48 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറഞ്ഞു. ലാഭവളർച്ച 82 ശതമാനത്തില്‍നിന്ന് 63 ശതമാനമായി കുറഞ്ഞു.
എന്നാല്‍ 2022 - 23 സാമ്പത്തിക വർഷത്തിലെ വരുമാനം 25 ശതമാനം വർധിച്ച് 4,418 കോടി രൂപയായപ്പോൾ നികുതിക്ക് ശേഷമുള്ള ലാഭം 63 ശതമാനം ഉയർന്ന് 708 കോടി രൂപയിലെത്തി. 2022 മാർച്ചിൽ ടാറ്റ ടെക്‌നോളജീസിന്റെ ആർഒഇ ( റിട്ടേണ്‍ ഓഫ് ഇക്വിറ്റി) 19.8 ശതമാനവും 2023 മാർച്ചിൽ 23.7 ശതമാനവുമാണ്. കമ്പനി കടരഹിതമായി തുടരുന്നു.
മറ്റു കമ്പനികളുമായുള്ള താരതമ്യം
ഇതേ മേഖലകളിലുള്ള മറ്റു കമ്പനികളുമായി അവസാന മൂന്ന് വർഷത്തെ സംയുക്ത വാർഷിക വളർച്ച നിരക്ക് താരതമ്യപ്പെടുത്തുമ്പോൾ; ടാറ്റ ടെക്നോളോജിസ് വരുമാന വളർച്ച കാണിക്കുന്നത് 30.3 ശതമാനവും പ്രവർത്തന ലാഭ വളർച്ച 23.7 ശതമാനവുമാണ്. ടാറ്റ ഏലക്സ്‌സിയുടേതാകട്ടെ വരുമാന വളർച്ച 28 ശതമാനവും പ്രവർത്തന ലാഭ വളർച്ച 41 ശതമാനവുമാണ്. എൽ ആൻഡ് ടി രേഖപെടുതുയത് 22.1 ശതമാനം വരുമാന വളർച്ച നിരക്കും 26 ശതമാനം പ്രവത്തന ലാഭവളർച്ചയുമാണ്.
ഇഷ്യൂവിനു ശേഷമുള്ള ഓഹരി പങ്കാളിത്തം:
നിലവിൽ കമ്പനിയിൽ പ്രൊമോട്ടർ ഗ്രുപ്പുകൾക്കുള്ളത് 76.7 ശതമാനം പങ്കാളിത്തമാണ്. ഇത് ഇഷ്യൂ കഴിയുന്നതോടെ 56.7 ശതമാനമായി കുറയും. നോൺ പ്രൊമോട്ടർ ഗ്രുപ്പുകൾക്ക് നിലവിൽ 23.3 ശതമാനം ഓഹരി പങ്കാളത്തമാണുള്ളത് ഇത് ഇഷ്യൂവിനു ശേഷം 43.3 ശതമാനമായി വളരും.