24 Jan 2024 11:20 AM GMT
Summary
- ഡെല പ്ലെക്സ് ഐപിഒ വഴി 46.08 കോടി രൂപ സ്വരൂപിക്കും
- ഫോൺബുക്ക് ഐപിഒ ജനുവരി 30-ന് അവസാനിക്കും
- ഡോക്‌മോഡ് ഹെൽത്ത് ടെക്‌നോളജീസ് ഐപിഒ ജനുവരി 25-ന് ആരംഭിക്കും
മൂന്നു ചെറുകിട ഇടത്തരം സംരംഭങ്ങളാണ് പണം സമാഹരിക്കാനായി ജനുവരി 25-ന് പ്രാഥമിക വിപണിയിലെത്തുന്നത്. ഇവ സംയുക്തമായി 73 കോടി രൂപ സ്വരൂപിക്കും. മൂന്നു കമ്പനികളുടെ ഇഷ്യൂ ജനുവരി 30-ന് അവസാനിക്കും. ഇവ എല്ലാം എൻഎസ്ഇ എമെർജിൽ ഫെബ്രുവരി 2ന് ലിസ്റ്റ് ചെയ്യും.
ഡെല പ്ലെക്സ് ലിമിറ്റഡ്
ഡെല പ്ലെക്സ് ഐപിഒ വഴി 24 ലക്ഷം ഓഹരികൾ നൽകി 46.08 കോടി രൂപ സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 34.56 കോടി രൂപ പുതിയ ഇഷ്യൂവും 11.52 കോടി രൂപയുടെ ഓഫർ ഫോർ സയിലും ഉൾപ്പെടുന്നു.
ജനുവരി 25-ന് ആരംഭിക്കുന്ന ഇഷ്യൂ 30-ന് അവസാനിക്കും. ഓഹരികൾ എൻഎസ്ഇ എമെർജിൽ ഫെബ്രുവരി 2ന് ലിസ്റ്റ് ചെയ്യും. പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 186-192 രൂപയാണ്. കുറഞ്ഞത് 600 ഓഹരികൾക്കായി അപേക്ഷിക്കണം.
ഇഷ്യൂ തുക പരസ്യം, വിപണന ചെലവുകൾ, പ്രവർത്തന മൂലധന ആവശ്യകതകൾ, ഓഫീസ് ലാപ്‌ടോപ്പുകൾ വാങ്ങുക, പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.
2004ൽ സ്ഥാപിതമായ ഡെലാപ്ലെക്സ് ലിമിറ്റഡ്, യുഎസ് ആസ്ഥാനമായുള്ള ഡെലാപ്ലക്സ് ഐഎൻസിയുടെ ഉപസ്ഥാപനമാണ്. കമ്പനിയുടെ 51 ശതമാനം ഓഹരി പങ്കാളിത്തം ഡെലാപ്ലെക്‌സ് ഐഎൻസിയുടെ കൈവശമാണ്. വളർച്ച, വരുമാനം, വിപണി മൂല്യം എന്നിവ നേടാൻ ക്ലയന്റുകളെ സഹായിക്കുന്നതിന് കമ്പനി സാങ്കേതികവിദ്യയും സോഫ്റ്റ്‌വെയർ വികസന പരിഹാരങ്ങളും കൺസൾട്ടിംഗ് സേവനങ്ങളും നൽകുന്നു. സോഫ്റ്റ്‌വെയർ മുഗേന ഡാറ്റാ സെന്ററുകൾ, ഇന്റഗ്രേറ്റഡ് ഇൻഫ്രാസ്ട്രക്ചർ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ദേവ് ഓപ്സ് (DevOps,), സെക്യൂരിറ്റി സൊല്യൂഷനുകൾ, ഡാറ്റ അനലിറ്റിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുൾപ്പെടെ വിവിധ സാങ്കേതിക പരിഹാരങ്ങളും കമ്പനി നൽകുന്നു.
ഫോൺബുക്ക് റീട്ടെയിൽ
ഫോൺബുക്ക് ഐപിഒ ജനുവരി 25-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 29.1 ലക്ഷം ഓഹരികൾ നൽകി 20.37 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇഷ്യൂ ജനുവരി 30-ന് അവസാനിക്കും. ഓഹരികൾ എൻഎസ്ഇ എമെർജിൽ ഫെബ്രുവരി 2ന് ലിസ്റ്റ് ചെയ്യും. പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 66-70 രൂപയാണ്. കുറഞ്ഞത് 2000 ഓഹരികൾക്കായി അപേക്ഷിക്കണം.
പ്രവർത്തന മൂലധന ആവശ്യങ്ങൾ, മറ്റു പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ, ഇഷ്യൂ ചെലവുകൾ എന്നിവക്കായി ഇഷ്യൂ തുക ഉപയോഗിക്കും.
വിവോ, ആപ്പിൾ, സാംസങ്, ഓപ്പോ, റിയൽമി, നോക്കിയ, നാർസോ, റെഡ്മി, മോട്ടറോള, എൽജി, മൈക്രോമാക്‌സ് തുടങ്ങിയ നിർമ്മാതാക്കളിൽ നിന്നുള്ള സ്‌മാർട്ട്‌ഫോണുകളുടെയും ആക്‌സസറികളുടെയും മൾട്ടി-ബ്രാൻഡ് റീട്ടെയിലറാണ് ഫോൺ ബോക്‌സ് റീട്ടെയിൽ ലിമിറ്റഡ്.
ഫോൺബുക്ക്, ഫോൺബോക്സ് എന്നീ രണ്ട് ബ്രാൻഡിന് കീഴിലാണ് കമ്പനി പ്രവർത്തിക്കുന്നത്.
ടിസിഎൽ, ഹയർ, ലോയ്ഡ്, ഡൈകിന്, വോൾട്ടാസ്, എംഐ, റീൽമേ, ഓൺപ്ലസ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ലാപ്‌ടോപ്പുകൾ, വാഷിംഗ് മെഷീനുകൾ, സ്മാർട്ട് ടിവികൾ, എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയ ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ മൾട്ടി-ബ്രാൻഡ് റീട്ടെയിലിംഗിലും കമ്പനി ഏർപ്പെട്ടിരിക്കുന്നു.
ബജാജ് ഫിനാൻസ്, എച്ച്‌ഡിബി ഫിനാൻഷ്യൽ സർവീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായി കൈകോർത്തു കമ്പനി ക്രെഡിറ്റ്/ഇഎംഐ സൗകര്യങ്ങൾ നൽകുന്നുണ്ട്.
ഡോക്‌മോഡ് ഹെൽത്ത് ടെക്‌നോളജീസ്
ഡോക്‌മോഡ് ഹെൽത്ത് ടെക്‌നോളജീസ് ഐപിഒ ജനുവരി 25-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 8.5 ലക്ഷം ഓഹരികൾ നൽകി 6.71 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
ഇഷ്യൂ ജനുവരി 30-ന് അവസാനിക്കും. ഓഹരികൾ എൻഎസ്ഇ എമെർജിൽ ഫെബ്രുവരി 2ന് ലിസ്റ്റ് ചെയ്യും. പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 79 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 1600 ഓഹരികൾക്കായി അപേക്ഷിക്കണം.
ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക ഐടി ഇൻഫ്രാസ്ട്രക്ചറും ഓപ്പറേറ്റിംഗ് സിസ്റ്റവും വാങ്ങുക, വർദ്ധിച്ചുവരുന്ന പ്രവർത്തന മൂലധന ആവശ്യകതകൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.
2017-ൽ സ്ഥാപിതമായ ഡോക്‌മോഡ് ഹെൽത്ത് ടെക്‌നോളജീസ് ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഓൺലൈൻ, ഓഫ്‌ലൈൻ പഠന മാതൃകകളിലൂടെ സംയോജിത പഠന സഹായങ്ങൾ നൽകുന്ന കമ്പനിയാണ്. കമ്പനിയുടെ ഓഫ്‌ലൈൻ ലേണിംഗ് മൊഡ്യൂളുകളിൽ കോൺഫറൻസുകളും വർക്ക്‌ഷോപ്പുകളും ഉൾപ്പെടുന്നു, ഓൺലൈൻ മൊഡ്യൂളുകളിൽ കമ്പനിയുടെ ടീം അല്ലെങ്കിൽ മെഡിക്കൽ സ്ഥാപനങ്ങൾ, മെഡിക്കൽ അസോസിയേഷനുകൾ (മെഡിക്കൽ പ്രൊഫഷണൽ ഓർഗനൈസേഷനുകൾ), എന്നിവയിലെ വിദഗ്ധർ വികസിപ്പിച്ച കോഴ്‌സുകൾ ഉൾപ്പെടുന്നു.