image

17 Dec 2023 5:33 AM GMT

IPO

12 ഐപിഒകള്‍; പ്രൈമറി വിപണിയില്‍ ഈ വാരം തിരക്കോടുതിരക്ക്

MyFin Desk

12 ipo, primary market is busy this week
X

Summary

  • എസ്എംഇ വിഭാഗത്തില്‍ തുടങ്ങുന്നത് 4 ഐപിഒകള്‍
  • 4 ഐപിഒകളുടെ സമാപനം ഈയാഴ്ച
  • മുത്തൂറ്റ് മൈക്രോഫിൻ ഡിസംബർ 18ന് ഐ‌പി‌ഒ ആരംഭിക്കും


ബെഞ്ച്മാർക്ക് സൂചികകളും വിശാലമായ വിപണികളും ദിനംപ്രതി പുതിയ നാഴികക്കല്ലുകൾ കൈവരിക്കുന്നത് ദലാല്‍ തെരുവിലെ ശുഭാപ്തി വിശ്വാസം ഉയര്‍ത്തിയ സാഹചര്യത്തില്‍, ഈ വാരം നിക്ഷേപകരെ തേടിയെത്തുന്നത് 12 ഐപിഒകളും 8 ലിസ്‍റ്റിംഗുകളും.

ഡിസംബർ 15 ന് അവസാനിച്ച കഴിഞ്ഞ ആഴ്‌ചയിൽ ഏകദേശം 4,000 കോടി രൂപയുടെ ഐ‌പി‌ഒകള്‍ അവതരിപ്പിക്കപ്പെട്ടു എങ്കില്‍ ഡിസംബർ 18 മുതൽ വരുന്ന ആഴ്ചയിൽ 12 കമ്പനികൾ 4,600 കോടി രൂപയിലധികം ധനസമാഹരണം നടത്തും.

ശക്തമായ സാമ്പത്തിക വളർച്ച, സമീപകാല സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം കേന്ദ്രത്തിലെ നയ തുടർച്ചയെക്കുറിച്ചുള്ള പ്രതീക്ഷകൾ, വരും വർഷത്തിൽ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷ, അനുകൂലമായ എണ്ണ വില, ശക്തമായ കോര്‍പ്പറേറ്റ് വരുമാന വളർച്ചയുടെ പ്രതീക്ഷകൾ എന്നിവയാണ് ശുഭാപ്തി വിശ്വാസത്തിന് കാരണങ്ങളാകുന്നത്.

മുത്തൂറ്റ് മൈക്രോഫിന്‍

മൈക്രോഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ ഡിസംബർ 18ന് ഐ‌പി‌ഒ ആരംഭിക്കും. ഒരു ഓഹരിക്ക് 277-291 രൂപയാണ് പ്രൈസ് ബാൻഡ്. ഉയർന്ന പ്രൈസ് ബാൻഡിന്‍റെ അടിസ്ഥാനത്തില്‍ പബ്ലിക് ഇഷ്യു വഴി 960 കോടി രൂപ സമാഹരണം നടക്കും. ഡിസംബർ 20 ആണ് ഐപിഒ അവസാനിക്കുന്ന തീയതി. ഇഷ്യുവിന് മുമ്പായി ഡിസംബർ 15ന് ആങ്കർ നിക്ഷേപകരില്‍ നിന്നായി 285 കോടി രൂപ സമാഹരിച്ചിരുന്നു.

മോട്ടിസൺസ് ജ്വല്ലേഴ്‌സ്

ജയ്പൂർ ആസ്ഥാനമായുള്ള ജ്വല്ലറി റീട്ടെയ്‌ലറിന്‍റെ 151 കോടി രൂപയുടെ ഐപിഒ ഡിസംബർ 18-20 കാലയളവിൽ നടക്കും. ഒരു ഓഹരിക്ക് 52-55 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. ഐപി‌ഒയ്ക്ക് മുന്നോടിയായി, മോട്ടിസൺസ് ജ്വല്ലേഴ്‌സ് ഡിസംബർ 15ന് രണ്ട് ആങ്കർ നിക്ഷേപകരിൽ നിന്ന് 36.3 കോടി രൂപ സമാഹരിച്ചു.

സൂരജ് എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ്

മുംബൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഡെവലപ്പറും, ഡിസംബർ 18-20 ന് 400 കോടി രൂപയുടെ പ്രഥമ ഓഹരി വില്‍പ്പന നടത്തും. ഓഹരിയൊന്നിന് 340-360 രൂപയാണ് പ്രൈസ് ബാൻഡ്. ഡിസംബർ 15ന് നിരവധി ആങ്കർ നിക്ഷേപകരിൽ നിന്നായി 120 കോടി രൂപ ഇതിനകം സമാഹരിച്ചു.

ഹാപ്പി ഫോർജിംഗ്‍സ്

ഡിസംബർ 19- 21 കാലയളവില്‍ ഹാപ്പി ഫോർജിംഗ്‍സിന്‍റെ ഐപിഒ സബ്‍സ്ക്രിപ്ഷനായി ലഭ്യമാകും. പഞ്ചാബ് ആസ്ഥാനമായുള്ള ഹെവി ഫോർജിംഗ്‍സ്, ഹൈ-പ്രിസിഷൻ മെഷീൻഡ് കപോംണന്‍റുകള്‍ നിര്‍മിക്കുന്ന കമ്പനി 1,009 കോടി രൂപയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നത്. ഒരു ഓഹരിക്ക് 808-850 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുള്ളത്.

ആര്‍ബിഇസഡ് ജ്വല്ലേഴ്സ്

ആന്‍റിക് ബ്രൈഡൽ സ്വർണ്ണാഭരണ നിർമ്മാതാവിന്റെ 100 കോടി രൂപയുടെ പ്രഥമ ഓഹരി വില്‍പ്പനയും ഡിസംബർ 19-21 തീയതികളിൽ തുറക്കും. അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്പനി തങ്ങളുടെ ഐപിഒയ്ക്ക് 95-100 കോടി രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.

മോട്ടിസൺ ​​ജ്വല്ലേഴ്‌സ്, സെൻകോ ഗോൾഡ്, വൈഭവ് ജ്വല്ലേഴ്‌സ് എന്നിവയ്ക്ക് ശേഷം ഈ കലണ്ടർ വർഷത്തിൽ ഐപിഒയുമായി വരുന്ന നാലാമത്തെ ആഭരണ കമ്പനിയാണിത്.

ക്രെഡോ ബ്രാൻഡ് മാർക്കറ്റിംഗ്

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, മഫ്‍തി ജീൻസ് ബ്രാൻഡ് ഉടമകളുടെ ഐപിഒ-യും ഡിസംബർ 19-21 കാലയളവില്‍ നടക്കും. ഒരു ഓഹരിക്ക് 266-280 രൂപയാണ് പ്രൈസ് ബാന്‍ഡ്. ഉയർന്ന പ്രൈസ് ബാൻഡിൽ 549.78 കോടി രൂപ സമാഹണം സാധ്യമാകും.

ആസാദ് എഞ്ചിനീയറിംഗ്

740 കോടി രൂപയുടെ ആസാദ് എഞ്ചിനീയറിംഗ് ഐ‌പി‌ഒ ഡിസംബർ 20 ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും, ഒരു ഇക്വിറ്റി ഷെയറിന് 499-524 രൂപയാണ് നിരക്ക്. ഡിസംബർ 22ന് ബിഡ്ഡിംഗ് അവസാനിക്കും. തെലങ്കാന ആസ്ഥാനമായുള്ള കമ്പനി ഊർജ്ജം, എയ്‌റോസ്‌പേസ്, പ്രതിരോധം, എണ്ണ, വാതകം എന്നീ വ്യാവസായിക മേഖലകളിലെ ആഗോള എക്യൂപ്മെന്‍റ് നിര്‍മാതാക്കള്‍ക്കായി മാനുഫാക്ചറിംഗ് നടത്തുന്നു.

ഇന്നോവ ക്യാപ്റ്റബ്

വരാനിരിക്കുന്ന ആഴ്‌ചയില്‍ മെയിൻബോർഡ് വിഭാഗത്തിലെ അവസാന പബ്ലിക് ഇഷ്യുവായിരിക്കും ഇത്. ഹിമാചൽ പ്രദേശ് ആസ്ഥാനമായുള്ള, ഫാർമസ്യൂട്ടിക്കൽ ഫിനിഷ്ഡ് ഡോസേജ് ഫോർമുലേഷൻ മാനുഫാക്ചറിംഗ് കമ്പനിയുടെ ഐപിഒ സബ്‌സ്‌ക്രിപ്‌ഷൻ ഡിസംബർ 21-ന് ആരംഭിച്ച് ഡിസംബർ 26-ന് സമാപിക്കും.

ഫാർമ വ്യവസായത്തിലെ കരാർ സ്ഥാപനം പബ്ലിക് ഇഷ്യൂ വഴി 570 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. ഓഫറിന്റെ പ്രൈസ് ബാൻഡ് ഒരു ഓഹരിക്ക് 426-448 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

ഐനോക്സ് ഇന്ത്യ ഐപിഒ

ക്രയോജനിക് സ്‌റ്റോറേജ് ടാങ്ക് നിർമ്മാതാക്കളായ ഐനോക്‌സ് ഇന്ത്യയുടെ 1,459 കോടി രൂപയുടെ പബ്ലിക് ഇഷ്യൂ ഡിസംബർ 18-ന് അവസാനിപ്പിക്കും. ഒരു ഓഹരിക്ക് 627-660 രൂപ നിരക്കിൽ ഇത് സബ്‌സ്‌ക്രിപ്‌ഷനായി ഡിസംബർ 14-ന് തുറന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ, 7.14 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷന്‍ നടന്നു.

എസ്എംഇ ഐപിഒകള്‍

എസ്എംഇ സെഗ്‌മെന്റിൽ, നാല് കമ്പനികൾ അടുത്ത ആഴ്ച പ്രഥമ ഓഹരി വില്‍പ്പനയുമായി എത്തുന്നു. അവയിൽ ആദ്യത്തേത് സഹാറ മാരിടൈം ഐപിഒ ആണ്. ഡിസംബർ 18 ന് 6.88 കോടി രൂപയുടെ ഐപിഒ ആരംഭിക്കും. നിശ്ചിത വില ഇഷ്യു ഡിസംബർ 20 ന് അവസാനിക്കും, ഇഷ്യൂ വില ഒരു ഓഹരിക്ക് 81 രൂപ.

ശാന്തി സ്‌പിന്റക്‌സിന്റെയും ഇലക്‌ട്രോ ഫോഴ്‌സിന്റെയും (ഇന്ത്യ) പ്രാരംഭ പബ്ലിക് ഓഫറുകൾ ഡിസംബർ 19-21 കാലയളവിൽ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരിക്കും. ഓഹരിയൊന്നിന് 66-70 രൂപയുടെ പ്രൈസ് ബാൻഡില്‍ പരമാവധി 31.25 കോടി രൂപ സമാഹരിക്കാന്‍ ശാന്തി സ്‍പിന്‍റക്സ് ലക്ഷ്യമിടുന്നു. അതേസമയം ഇലക്ട്രോ ഫോഴ്സ് ഒരു ഓഹരിക്ക് 93 രൂപ എന്ന നിശ്ചിത ഇഷ്യു വിലയിൽ 80.68 കോടി രൂപ സമാഹരിക്കാൻ ഉദ്ദേശിക്കുന്നു.

ട്രൈഡന്റ് ടെക്‌ലാബ്‌സ് ഐപിഒയുടെ സബ്‌സ്‌ക്രിപ്‌ഷൻ ഡിസംബർ 21ന് ആരംഭിച്ച് ഡിസംബർ 26ന് സമാപിക്കും. ഒരു ഓഹരിക്ക് 33-35 രൂപയാണ് നിരക്ക്. 16.03 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിടുന്നു.

ശ്രീ ഒഎസ്എഫ്എം ഇ-മൊബിലിറ്റി, സിയറാം റീസൈക്ലിംഗ് ഇൻഡസ്ട്രീസ്, ബെഞ്ച്മാർക്ക് കമ്പ്യൂട്ടർ സൊല്യൂഷൻസ് എന്നിവ ഡിസംബർ 18-ന് അവരുടെ പൊതു ഇഷ്യൂകൾ അവസാനിപ്പിക്കും. മൂന്ന് ഐപിഒ-കളും ഡിസംബർ 14ന് ബിഡ്ഡിംഗിനായി തുറന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ, ശ്രീ ഒഎസ്എഫ്എം ഇ-മൊബിലിറ്റി ഐപിഒ 2.88 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷനും സിയറാം റീസൈക്ലിംഗ് ഇൻഡസ്ട്രീസ് 55.79 മടങ്ങ് സബ്‍സ്ക്രിപ്ഷനം ബെഞ്ച്മാർക്ക് കമ്പ്യൂട്ടർ സൊല്യൂഷൻസ് 28.54 മടങ്ങ് സബ്‍സ്ക്രിപ്ഷനും നേടി.