13 Feb 2023 11:45 AM GMT
ലോക ഓഹരി വിപണിയിൽ ഇന്ത്യ അഞ്ചാം സ്ഥാനം തിരിച്ചു പിടിച്ചതായി ബ്ലൂംബെർഗ്
MyFin Desk
Summary
- വെള്ളിയാഴ്ച ഇന്ത്യയുടെ വിപണി മൂല്യം 3.15 ട്രില്യൺ ഡോളറായി
- കമ്പനി ഫലങ്ങളിലുണ്ടായ വളർച്ച ഇന്ത്യൻ വിപണി തിരിച്ചു വരുന്നതിനു കാരണമായി
- ഫെബ്രുവരി മാസത്തിൽ വിദേശ നിക്ഷേപകർ രണ്ട് സെഷനിൽ അറ്റ വാങ്ങലുകാരായിട്ടുണ്ട്.
ഡൽഹി: ലോകത്തെ മുൻനിര വിപണികളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. പ്രധാനമായും അദാനി ഓഹരികളുടെ വിറ്റഴിക്കലായിരുന്നു കുറച്ചുകാലം ഇന്ത്യയുടെ വിപണി മൂല്യത്തെ സാരമായി തകർത്തത്.
ബ്ലൂംബെർഗ് പുറത്തു വിട്ട കണക്ക് പ്രകാരം വെള്ളിയാഴ്ച ഇന്ത്യയുടെ വിപണി മൂല്യം 3.15 ട്രില്യൺ ഡോളറായി. ഓരോ രാജ്യത്തെയും വിപണികളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള പ്രധാന കമ്പനികളുടെ സംയോജിത മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്.
കമ്പനി ഫലങ്ങളിലുണ്ടായ വളർച്ച, കഴിഞ്ഞ രണ്ടു വർഷമായി മറ്റു ആഗോള വിപണികളിലെ അപേക്ഷിച്ച് കാഴ്ച വച്ച മികച്ച പ്രകടനം എന്നിവ ഇന്ത്യൻ വിപണി ഒരു പരിധി വരെ തിരിച്ചു വരുന്നതിനു സഹായിച്ചു.
ഹിൻഡൻ ബെർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഓഹരികളിൽ ഉണ്ടായ വില്പന ആരംഭിച്ച ജനുവരി 24 നു ഇന്ത്യൻ വിപണി മൂല്യം 6 ശതമാനം താഴ്ന്നിരുന്നു. നിക്ഷേപകരുടെ വിശ്വാസ്യത തിരിച്ചു പിടിക്കുന്നതിനായി അദാനി ഗ്രൂപ് സ്വീകരിച്ച പല നടപടികളും ചെറിയ തോതിൽ ഫലം കണ്ടുവെങ്കിലും ഗ്രൂപ്പിന്റെ കമ്പനികളുടെ മൂല്യം ജനുവരി 24 നെ അപേക്ഷിച്ചു ഇപ്പോഴും 120 ബില്യൺ ഡോളർ നഷ്ടത്തിലാണ്.
നവംബർ മുതൽ ഇന്ത്യൻ വിപണിയിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നത് തുടരുന്ന വിദേശ നിക്ഷേപകർ ഫെബ്രുവരി മാസത്തിൽ 9 ആം തിയതി വരെയുള്ള കാലയളവിൽ രണ്ട് സെഷനിൽ അറ്റ വാങ്ങലുകാരായിട്ടുണ്ട്. മൂലധന ചെലവ് വർധിപ്പിക്കാനുള്ള സർക്കാർ പദ്ധതിയും, വരും കാലങ്ങളിൽ നിരക്ക് വർധനയിൽ അല്പം അയവു വരുമെന്ന ആർബിഐ പ്രഖ്യാപനവുമാണ് നിക്ഷേപകരിൽ ആത്മവിശ്വാസം നൽകിയിട്ടുള്ളത്.
കമ്പനികളുടെ ത്രൈമാസ ഫലങ്ങൾ പുറത്തു വന്നതിനാൽ, എംഎസ് സി ഐ ഇന്ത്യ കമ്പനികളുടെ ഓഹരി ഒന്നിന് ലഭിച്ചേക്കാവുന്ന വരുമാനം ഈ വർഷം 14.5 ശതമാനം വർധിക്കുമെന്നാണ് വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്. മറ്റു പ്രധാന വിപണികളെ വച്ചു നോക്കുമ്പോൾ ഇത് മികച്ച വർധനയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. യുഎസ് കമ്പനികളുടെ ഇപിഎസ് (ഒരു ഓഹരിയുടെ ആദായം) 0.8 ശതമാനം വധിക്കാനാണ് സാധ്യത. അതെ സമയം, യൂറോപ്യൻ കമ്പനികളുടെതു മാറ്റമില്ലാതെ തുടരുമെന്നാന്ന് കണക്കാക്കുന്നത്.