11 Aug 2024 10:58 AM GMT
Summary
- സെബി മേധാവിയും അദാനി ഗ്രൂപ്പും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ്
- ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങള്‍ വിപണിയെ കാര്യമായി ബാധിക്കില്ലെന്ന് വിദഗ്ധര്‍
സെബി ചെയര്‍ പേഴ്‌സണും അദാനി ഗ്രൂപ്പും തമ്മിലുള്ള ഇടപാട് സംബന്ധിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനു പിന്നാലെ തിങ്കളാഴ്ച വിപണികളില്‍ അതിന്റെ പ്രതികരണം ഉണ്ടാകാന്‍ സാധ്യതയേറെയെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി അദാനി ഗ്രൂപ്പിനെതിരെ ഒരു പൊതു നടപടിയും എടുത്തിട്ടില്ലെന്നും പകരം യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലര്‍ക്ക് ഒരു 'ഷോകോസ്' നോട്ടീസ് മാത്രമാണ് അയച്ചതെന്നും പറഞ്ഞു.
നിയമങ്ങള്‍ ലംഘിക്കാന്‍ അദാനി പോലുള്ള സ്ഥാപനങ്ങള്‍ ഓഫ്ഷോര്‍ സ്ഥാപനങ്ങളെ ഉപയോഗിച്ചുവെന്ന് റെഗുലേറ്ററിന് പൂര്‍ണ്ണമായി അറിയാമായിരുന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം. അതിനായി സെബി മേധാവിയും അദാനി ഗ്രൂപ്പും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടായതായും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപിക്കുന്നു.
ഓഫ്ഷോര്‍ ഫണ്ട് ഹോള്‍ഡര്‍മാരെ കണ്ടെത്താന്‍ സെബിക്ക് ശരിക്കും താല്‍പ്പര്യമുണ്ടെങ്കില്‍, ഒരുപക്ഷേ സെബി ചെയര്‍പേഴ്സണ്‍ കണ്ണാടിയില്‍ നോക്കി തുടങ്ങാമായിരുന്നു എന്നാണ് ഷോര്‍ട്ട് സെല്ലറുടെ വാദം.
എന്നാല്‍ ഇക്വിനോമിക്സ് റിസര്‍ച്ചിന്റെ സ്ഥാപകനും ഗവേഷണ മേധാവിയുമായ ജി ചൊക്കലിംഗവും ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞത് വെറും ആരോപണങ്ങളാണെന്നും അത്തരം റിപ്പോര്‍ട്ടുകളില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും പറയുന്നു. വെല്‍ത്ത്മില്‍സ് സെക്യൂരിറ്റീസ് ഡയറക്ടര്‍-ഇക്വിറ്റി സ്ട്രാറ്റജി, ക്രാന്തി ബഥിനിയുടെ അഭിപ്രായത്തില്‍ ഈ വാര്‍ത്തകള്‍ക്ക് വികാരപരമായ ഹ്രസ്വകാല സ്വാധീനം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ്. എന്നാല്‍ ഇതില്‍ നിന്ന് കാര്യമായ ഒന്നും പുറത്തുവരില്ലെന്നും ബഥിനി പറഞ്ഞു.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങള്‍ മുന്‍ അവസരങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് അല്‍ഫാനിറ്റി ഫിന്‍ടെക്കിന്റെ സഹസ്ഥാപകനും ഡയറക്ടറുമായ യു ആര്‍ ഭട്ട് പറഞ്ഞു, ഇത് വിപണി വികാരത്തെ കാര്യമായി ബാധിച്ചേക്കില്ലെന്നും ഭട്ട് കൂട്ടിച്ചേര്‍ത്തു.