Summary
- സാധാരണയായി സ്‌റ്റോക്ക് മാര്‍ക്കറ്റ് താഴെ പോകുമ്പോഴാണ് സ്വര്‍ണ്ണത്തിന്റെ വില കൂടുക. എന്നാല്‍ ഇപ്പോള്‍ ഇതല്ല സ്ഥിതി. സ്‌റ്റോക്ക് മാര്‍ക്കറ്റ് ഉഷാറാണ്
- ഹ്രസ്വകാല തിരുത്തലുകള്‍ ഉണ്ടാകാമെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്നു തന്നെയിരിക്കും സ്വര്‍ണത്തിന്റെ വില
- സ്വര്‍ണത്തിന് വില കൂടുമ്പോള്‍ ബാങ്കുകളും മറ്റും സ്വര്ണപ്പണയത്തിനു കൂടുതല്‍ തുക നല്‍കും
സ്വര്‍ണ്ണത്തിന് വില ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഔണ്‍സിന് (28.34 ഗ്രാം) 2250 അമേരിക്കന്‍ ഡോളര്‍ കടന്നിരിക്കുന്നു. ഇന്ത്യയില്‍ പത്തു ഗ്രാമിന് എഴുപതിനായിരം രൂപയായി. കഴിഞ്ഞ രണ്ടുവര്‍ഷത്തിടയില്‍ 38 ശതമാനം വില വര്‍ദ്ധിച്ചു.
സാധാരണയായി സ്‌റ്റോക്ക് മാര്‍ക്കറ്റ് താഴെ പോകുമ്പോഴാണ് സ്വര്‍ണ്ണത്തിന്റെ വില കൂടുക. എന്നാല്‍ ഇപ്പോള്‍ ഇതല്ല സ്ഥിതി. സ്‌റ്റോക്ക് മാര്‍ക്കറ്റ് ഉഷാറാണ്. സ്വര്‍ണ്ണത്തിന്റെ വിലയും മേലേക്ക് തന്നെ.
എന്താവാം ഇതിന് കാരണം?
സ്വര്‍ണത്തിന് എന്നും ഡിമാന്‍ഡ് ഉണ്ട്. സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം എക്കാലവും ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. ഇന്ത്യയിലാകട്ടെ നിക്ഷേപം എന്നതിനോടൊപ്പം അണിഞ്ഞൊരുങ്ങാനും സ്വര്‍ണം വേണം. അതിനാല്‍ സ്വര്‍ണത്തിന് എപ്പോഴുംഡിമാന്‍ഡ് ഉണ്ട്. സ്വര്‍ണത്തിന്റെ അളവും ലഭ്യതയും പരിമിതമാണ്.അതുകൊണ്ടുതന്നെ സ്വാഭാവികമായും സ്വര്‍ണത്തിന്റെ വില, ഹ്രസ്വകാല തിരുത്തലുകള്‍ ഉണ്ടാകാമെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്നു തന്നെയിരിക്കും. നിക്ഷേപം എന്ന നിലയില്‍ പതിനൊന്ന് ശതമാനത്തിന് മേല്‍ ആദായം സ്വര്‍ണം നല്‍കുന്നുണ്ട്.
വിലക്കയറ്റം
വിലക്കയറ്റം അനിശ്ചിതാവസ്ഥയില്‍ തുടരുന്നത് സ്വര്‍ണത്തിന്റെ വില കൂടുവാന്‍ ഒരു കാരണമാണ്. ഇന്ത്യയിലും വിദേശത്തും ഇപ്പോഴും വിലക്കയറ്റം അഭിലഷണീയമായ നിലയില്‍ എത്തിയിട്ടില്ല. ഷെയര്‍ മാര്‍ക്കറ്റ് ബുള്ളിഷ് ആണെങ്കിലും അതിന്റെ ദിശ ഇപ്പോഴും സുവ്യക്തമല്ല. ലോകത്ത് പലയിടത്തും രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാണ്. യുദ്ധങ്ങള്‍ നീണ്ടുനില്‍ക്കുന്നു. സാമ്പത്തിക വളര്‍ച്ചയും ആശങ്കയിലാണ്. ഇതുകൊണ്ടെല്ലാം ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍ നിക്ഷേപങ്ങള്‍ സ്ഥിരമായി എങ്ങും വെക്കുന്നില്ല. ഇത് സ്‌റ്റോക്ക് മാര്‍ക്കറ്റിനെ ചഞ്ചലപ്പെടുത്തുന്നു.
ഫെഡ് റേറ്റ് കുറയുമോ?
അമേരിക്ക നിരക്കുകള്‍ കുറച്ചില്ലായെങ്കിലും വൈകാതെ അതുണ്ടാകും എന്നൊരു തോന്നലുണ്ട്. ഫെഡ് റേറ്റ് കുറച്ചാല്‍ അത് അന്തര്‍ദേശീയ തലത്തില്‍ നിരക്ക് കുറക്കുവാന്‍ നിമിത്തമാകും. ബാങ്ക് നിക്ഷേപങ്ങള്‍ക്കും മറ്റും പലിശ കുറയും. ഈ സാധ്യത മുന്നില്‍ കണ്ടുകൊണ്ട് സ്വര്‍ണ്ണത്തിലുള്ള നിക്ഷേപം കൂടും. വില വര്‍ദ്ധനവിന് ഇതും ഒരു കാരണമാണ്.
റിസര്‍വ് കൂടിയാല്‍
രാജ്യങ്ങള്‍ സ്വര്‍ണം റിസര്‍വ് ആയി വെക്കും. ഇത് സമ്പത് വ്യവസ്ഥയുടെ ഉറപ്പായി കരുതുന്നു. ചൈന ഇത്തരത്തില്‍ തങ്ങളുടെ റിസര്‍വിലേക്ക് സ്വര്‍ണം കൂടുതലായി ശേഖരിക്കുന്നു എന്ന വാര്‍ത്തയുണ്ട്.
വില കൂടിയാല്‍ എന്ത്?
സ്വര്‍ണത്തിന്റെ വിലയിലെ അസാധാരണമായ ഈ മുന്നേറ്റം മൂലം സാധാണക്കാര്‍ക്ക് സ്വര്‍ണം അപ്രാപ്യമാകുന്നു. സ്വര്‍ണത്തിന്റെ വില്പന കുറഞ്ഞു. റീറ്റെയ്ല്‍ കച്ചവടക്കാര്‍ക്ക് കൂടുതല്‍ സമയം സ്വര്‍ണം കൈയില്‍ വെക്കേണ്ടിവരും. കൂടുതല്‍ തുക സ്‌റ്റോക്കില്‍ കെട്ടിക്കിടക്കും. ഇത് അവരുടെ സാമ്പത്തിക ആസുത്രണത്തെ ബാധിക്കും. ഇന്ത്യ സ്വര്‍ണം ധാരാളമായി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. വിലകൂടുമ്പോള്‍ ഇറക്കുമതിയിനത്തില്‍ ഇന്ത്യയുടെ സമ്മര്‍ദ്ദം കൂടും. ഇത് കറന്റ് അക്കൗണ്ട് ഡെഫിസിറ്റിനെ (ഇഅഉ) പ്രതികൂലമായി ബാധിക്കും. സര്‍ക്കാരിന് ലഭിക്കുന്ന ഇറക്കുമതി ചുങ്കം വര്‍ദ്ധിക്കും എന്നതാണ് ഒരു ഗുണം. എന്നാല്‍ അവിടെയും സ്ഥിതി നല്ലതല്ല. വിലകൂടിയപ്പോള്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിയും കുറഞ്ഞു. ഫെബ്രുവരിയില്‍ 100 ടണ്‍ ആയിരുന്ന ഇറക്കുമതി മാര്‍ച്ചില്‍ 25 ടണ്‍ ആയി കുറഞ്ഞു എന്നാണ് കണക്ക്.
സ്വര്‍ണ്ണപ്പണയത്തിന് കൂടുതല്‍ തുക
സ്വര്‍ണത്തിന് വില കൂടുമ്പോള്‍ ബാങ്കുകളും മറ്റും സ്വര്ണപ്പണയത്തിനു കൂടുതല്‍ തുക നല്‍കും. താല്‍ക്കാലികമായി ഇത് നല്ലതാണെങ്കിലും ഇടപാടുകാര്‍ക്ക് ഈ വലിയ തുകയും പലിശയും അടക്കുവാന്‍ കഴിയാതെ വന്നാല്‍ അത് മറ്റൊരു ബുദ്ധിമുട്ടിലേക്ക് നയിക്കും. സ്വര്‍ണ്ണത്തിന്റെ വില കുറഞ്ഞാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. 201314 വര്‍ഷങ്ങളില്‍ ഇത്തരമൊരു സാഹചര്യം ബാങ്കുകളും ഇടപാടുകാരും അഭിമുഖീകരിച്ചതാണ്. സ്വര്‍ണ്ണത്തിന് വിലകൂടിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥ നീണ്ടനാള്‍ നിലനില്‍ക്കുമെന്ന് കരുതുന്നത് ഉചിതമായിരിക്കില്ല. വളരെ സങ്കീര്‍ണമായ ധാരാളം കാര്യങ്ങള്‍ സ്വര്‍ണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. അതിനാല്‍ സ്വര്‍ണം സംബന്ധിച്ച തീരുമാനങ്ങള്‍ ശ്രദ്ധയോടെ എടുക്കുക.