image

29 Jan 2025 10:53 AM GMT

Gold

ഞെട്ടണ്ട! 100 വര്‍ഷം മുമ്പ് പവന് 13 രൂപ, അറിയാം സ്വർണ വിലയുടെ ചരിത്രം

MyFin Desk

gold etf to invest in gold
X

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി കുതിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 60,760 രൂപയാണ്. ഗ്രാമിന് 7595 രൂപയും. നിലവിലെ വിലപ്രകാരം ഒരു പവൻ സ്വർണം വാങ്ങുന്നതിന് 67000 രൂപ വരെ ചിലവ് വരും. ജനുവരി 22 നാണ് സംസ്ഥാനത്തെ സ്വർണ്ണ വില ചരിത്രത്തിൽ ആദ്യമായി പവന് 60,000 രൂപ മറികടന്നത്. പിന്നീട് ജനുവരി 24 മുതൽ 26 വരെ പവന് 60,440 രൂപയായിരുന്നു നിരക്ക്. ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ഒരു വർഷം കൊണ്ട് പവന് കൂടിയത് 14,520 രൂപ

18 കാരറ്റ് സ്വർണ്ണത്തിൻറെ വിലയും കുതിക്കുകയാണ്. പവന് 50,000 രൂപ കടന്നു ഇന്ന്. ഗ്രാമിന് 6275 രൂപയും പവന് 50200 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. 2024 ജനുവരി 29 ന് 18 കാരറ്റ് സ്വർണ്ണത്തിൻറെ വില ഗ്രാമിന് 4780 രൂപയും പവന് 38240 രൂപയുമായിരുന്നു. 11,960 രൂപയുടെ വിലവർധനവാണ് ഒരു വര്‍ഷം കൊണ്ട് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന്റെ വില 5780 രൂപ ഗ്രാമിനും, 46240 രൂപ പവനും വിലയായിരുന്നു. 14,520 രൂപയുടെ വില വർധനയാണ് ഒരു വർഷത്തിനുള്ളിൽ ഉണ്ടായത്. വെള്ളി വില 78 രൂപയായിരുന്നത് 98 രൂപയായി ഉയർന്നിട്ടുണ്ട്. 20 രൂപയുടെ വ്യത്യാസം രേഖപ്പെടുത്തി.

1925 മുതൽ 2025 വരെ

1925 ൽ സ്വർണ വില പവന് 13 രൂപയായിരുന്നു. 1950 ആയപ്പോഴേക്കും ഒരു പവൻ സ്വർണത്തിന് 90 രൂപയായി വില. 1960-ൽ എത്തിയപ്പോൾ വില 110-120 രൂപയിലേക്ക് എത്തി. 1970 ആയപ്പോഴേക്കും വില 184 രൂപയിലെത്തി. 1985 ൽ വില 2130 രൂപയായി മാറി. 1990 കളിൽ 3200 രൂപ വരെയെത്തി. 2000 ആയപ്പോഴേക്കും പവന് 4400 രൂപയിലെത്തി. 2008 ഒക്ടോബർ മാസം സ്വർണ വില 10,000 കടന്നു. 2010-ൽ വില 15,000 രൂപയും 2011 ൽ വില 20,000 രൂപയും കടന്നു. പവൻ വില 25,000 കടന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. 2022 ൽ പവൻ വില 40,000 രൂപ കടന്നു. 2024 മാർച്ച് 29-ന് പവൻ വില 50,000 കടന്നു. 2025 ജനുവരി 22 ന് പവൻ വില 60,000 പിന്നിട്ടു.