11 April 2024 8:45 AM GMT
Summary
- സമാനതകളില്ലാത്ത വില വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്
- കേരളത്തില്‍ ഏകദേശം 18 ശതമാനത്തോളമാണ് വര്‍ധനയാണുണ്ടായത്
- നവംബര്‍ - മെയ് മാസങ്ങള്‍ സ്വര്‍ണ ഡീമാന്‍ഡ് ഉയരുന്ന സീസണാണ്
അന്താരാഷ്ട്ര സ്വര്‍ണ്ണവില 2023 നവംബറില്‍ ട്രോയ് ഔണ്‍സിന് 1810 ഡോളറായിരുന്നു അവിടെ നിന്നും 6 മാസത്തിനുള്ളിലാണ് 550 ഡോളര്‍ ഉയര്‍ന്ന് 2350-60 ഡോളറില്‍ എത്തിയത്. കഴിഞ്ഞ മൂന്ന്,നാല് വര്‍ഷമായി ഏകദേശം 1750-2075 ഡോളര്‍ എന്ന നിലയിലായിരുന്നു വില. ഈ വിലയുടെ ശരാശരി വിലയായ 1900 ലെവലില്‍ നിന്നും 450 ഡോളര്‍ ഉയര്‍ച്ച മൂന്ന് അല്ലെങ്കില്‍ നാല് വര്‍ഷം കൊണ്ടെന്നും കാണാമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്. അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെടുന്നു.
കേരളത്തില്‍
ഈ കാലയളവില്‍ കേരള വിപണിയില്‍ നവംബറില്‍ ഗ്രാമിന് 5640 രൂപയും പവന് 45,120 രൂപയുമായിരുന്നു വില. ഇത് യഥാക്രമം 980 രൂപയും 7840 രൂപയും ഉയര്‍ന്ന് 6620 രൂപയും 52960 രൂപയുമായി. ഏകദേശം 18 ശതമാനത്തോളമാണ് വര്‍ധനയാണുണ്ടായതെന്നും അദ്ദേഹം പറയുന്നു.
അന്താരാഷ്ട്ര സ്വര്‍ണ്ണവില നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍
അടിസ്ഥാനപരമായ കാരണങ്ങള്‍, സാങ്കേതിക കാരണങ്ങള്‍, വിപണിയിലെ ആവശ്യകത (ട്രെന്‍ഡ്),അതുപോലെ തന്നെ കമ്മോഡിറ്റി പ്രൈസ് സൈക്കിള്‍സ് തുടങ്ങിയ ഘടകങ്ങളാണ് അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ്ണ വില നിശ്ചയിക്കുന്ന ഘടകങ്ങള്‍.
വില ഉയരാനുള്ള കാരണങ്ങള്‍
- പണപ്പെരുപ്പത്തിനെതിരെ സംരക്ഷണം, കരുതല്‍ ശേഖരം എന്നീ നിലയ്ക്ക് കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണ്ണം വാങ്ങാനുള്ള താല്‍പര്യം.
- അമേരിക്ക പലിശ നിരക്ക് 5.5 ശതമാനത്തില്‍ നിന്നും .75 ശതമാനം കുറയ്ക്കുമെന്ന പ്രഖ്യാപനം. പണപ്പെരുപ്പം 9.1 ശതമാനത്തില്‍ നിന്നും ലക്ഷ്യമായ 2 ശതമാനത്തിലേക്കു( നിലവില്‍ 3.2) കുറഞ്ഞ് വരുന്നത് കൊണ്ടാണ് പലിശ നിരക്ക് കുറയ്ക്കുമെന്നുള്ള പ്രതീക്ഷകള്‍ ഉയരുന്നത്.
- സീസണല്‍ ഡിമാന്‍ഡ് നവംബര്‍ - മെയ് മാസങ്ങള്‍ സ്വര്‍ണ ഡീമാന്‍ഡ് ഉയരുന്ന സീസണാണ്.
- സുരക്ഷിത നിക്ഷേപം (Safe haven Appeal) -അന്തര്‍ ദേശീയ ഭൗമ ,രാഷ്ട്രീയ സംഘര്‍ഷങ്ങളും, യുദ്ധം പോലെയുള്ള സാഹചര്യങ്ങളും, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ സാമ്പത്തിക അരക്ഷിതവസ്ഥകളും ഉയരുമ്പോള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് ഉയരും.
- ഒരു ഗ്ലോബല്‍ കറന്‍സി എന്ന നിലയിലും പണപ്പെരുപ്പത്തിന് എതിരെ ഒരു സ്വഭാവിക സംരക്ഷണം എന്ന നിലയിലും സ്വര്‍ണ്ണത്തിന്റെ പ്രാധാന്യം കൂടി വരികയാണ്.
- മറ്റ് നിക്ഷേപ ഉത്പന്നങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ അന്താരാഷ്ട്ര സ്വര്‍ണ്ണ വില 10-12 വര്‍ഷമായിട്ട് ഡിസ്‌ക്കൗണ്ടില്‍ ആയിരുന്നു. മാത്രമല്ല നിലവില്‍ എല്ലാ നിക്ഷേപ ഉത്പ്പന്നങ്ങളും ഏറ്റവും ഉയര്‍ന്ന നിലയിലുമാണ്.
- സ്വര്‍ണ്ണ വില ഉയരുമ്പോള്‍ മാധ്യമ വാര്‍ത്തകള്‍ ആഗോളതലത്തില്‍ റിട്ടെയില്‍ നിക്ഷേപകരുടെ സ്വര്‍ണ്ണത്തിലുള്ള താത്പര്യം വീണ്ടും ഉയര്‍ത്തും.
സാങ്കേതികമായ കാരണങ്ങള്‍
ഏത് ഒരു ഉത്പ്പന്നത്തിന്റെ വില നിശ്ചയിക്കുന്നതിന് അടിസ്ഥാനപരമായ കാരണങ്ങളെ പോലെ തന്നെ സാങ്കേതിക കാരണങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ടെന്നോര്‍ക്കുക.
ഷോര്‍ട്ട് കവറിംഗ്
സ്വര്‍ണ്ണവില കഴിഞ്ഞ രണ്ട്-മൂന്ന് വര്‍ഷമായി 1800- 2050 ഡോളറില്‍ ആയിരുന്നതുകൊണ്ട് കൊണ്ട് വിപണിയില്‍ വളരെ കൂടുതല്‍ ഷോര്‍ട്ട് പൊസിഷന്‍സ് ഉണ്ടായിരുന്നു. വില പെട്ടെന്ന് പരിധി വിട്ട് ഉയരുമ്പോള്‍ നഷ്ടത്തെക്കുറിച്ചുള്ള ഭയത്തില്‍ നിന്നും മാര്‍ജിന്‍ ഷോര്‍ട്ടേജില്‍ നിന്നും ഷോര്‍ട്ട് കവറിംഗ് സംഭവിക്കാം. അത് വിലയെ ക്രമാതീതമായി ഉയര്‍ത്താമെന്നും അബ്ദുള്‍ നാസര്‍ അഭിപ്രായപ്പെടുന്നു.
വിലയില്‍ ഉടനെ കുറവ് പ്രതീക്ഷിക്കാമോ
ഏതൊരു ഉത്പ്പന്നത്തിന്റെയും വില വര്‍ധന വേഗത്തില്‍ സംഭവിച്ചാല്‍ അതേ പോലെ ഉടനടി കുറയണമെന്നത് ആളുകളുടെ ആവശ്യകതയില്‍ നിന്നുള്ള ഒരു സാധാരണമായ ചിന്തയാണ്.
സാങ്കേതിക തിരുത്തലുകള്‍ എല്ലാ മാര്‍ക്കറ്റിലും സംഭവിക്കാം. അതിന്റെ അടിസ്ഥാനത്തില്‍ 100-150 ഡോളര്‍ വരെ കുറയാം.
എന്നാല്‍ ഇത്തവണ സമാനതകളില്ലാത്ത വില വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 50 ഡോളര്‍ പോലും കുറഞ്ഞിട്ടുമില്ല. വിപണിയില്‍ ഒരു കണ്‍സോളിഡേഷന്‍ (ഏകീകരണം) നടന്നാലും അടിസ്ഥാനപരമായ കാരണങ്ങള്‍ കൊണ്ട് കയറുന്ന വില കുറയാന്‍ സമയമെടക്കും. അല്ലെങ്കില്‍ അടിസ്ഥാനപരമായി വിലയെ സ്വാധീനിക്കുന്ന എതെങ്കിലും ഘടകങ്ങളില്‍ എന്തെങ്കിലും മാറ്റം വരണം.
ഉദാഹരണമായി ഉയര്‍ന്ന വിലയിലെത്തുമ്പോള്‍ ഡിമാന്‍ഡ് കുറയുക, ലാഭമെടുക്കല്‍ നടക്കുക തുടങ്ങിയ കാര്യങ്ങള്‍. പണപ്പെരുപ്പം വീണ്ടും ഉയര്‍ന്നാല്‍ അമേരിക്ക പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുക, കേന്ദ്ര ബാങ്കുകളോ, വന്‍കിട സ്ഥാപനങ്ങളോ കരുതല്‍ ശേഖരത്തില്‍ നിന്നും സ്വര്‍ണ്ണ വില്‍പ്പന ആരംഭിക്കുക എന്നിവയും ഇതിനു കാരണമായേക്കാം. അതെ സമയം ഒരു പ്രത്യേക കാരണം കൊണ്ട് മാത്രമാണ് വില ഉയരുകയോ താഴുകയോ ചെയ്യുന്നതെങ്കില്‍ അടിസ്ഥാനപരമായി ആ കാരണത്തിന് എന്തെങ്കിലും മാറ്റം സംഭവിച്ചെങ്കില്‍ മാത്രമേ വളരെ വേഗത്തില്‍ പഴയ നിലയിലേക്ക് തിരിച്ചു വരികയുള്ളുവെന്നും അദ്ദേഹം പറയുന്നു.