image

30 Jan 2024 9:02 AM GMT

Gold

വില റെക്കോർഡ് ഉയരങ്ങളിൽ, എങ്കിലും സ്വര്‍ണ ഇറക്കുമതിയില്‍ വര്‍ധന

MyFin Desk

increase in gold import in indian
X

Summary

  • ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം സ്വര്‍ണ ഉപഭോഗമുള്ള രാജ്യം ഇന്ത്യ
  • രണ്ടാം പാദത്തില്‍ ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി 8.3 ബില്യണ്‍ യുഎസ് ഡോളറായി.
  • സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം സ്വര്‍ണം ഇറക്കുമതിയുടെ ചെയ്യുന്നത്.


രാജ്യത്ത് സ്വര്‍ണ ഇറക്കുമതിയില്‍ 26.7 ശതമാനം വര്‍ധന. ഇതോടെ ഇറക്കുമതി 35.95 ബില്യണ്‍ ഡോളറിലെത്തി. ഈ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഡിസംബര്‍ കാലയളവിലെ കണക്കുകളാണ് വാണിജ്യ മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്. സ്വര്‍ണ വില റെക്കോര്‍ട്ട് വര്‍ധന രേഖപ്പെടുത്തിയ മാസങ്ങളിലാണ് ആവശ്യകതയില്‍ വര്‍ധനയെന്നതും ശ്രദ്ധേയമാണ്. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇറക്കുമതി 28.4 ബില്യണ്‍ ഡോളറായിരുന്നു.

2023 ഡിസംബറില്‍ മഞ്ഞ ലോഹത്തിന്റെ ഇറക്കുമതി 156.5 ശതമാനം ഉയര്‍ന്ന് 3 ബില്യണ്‍ ഡോളറിലെത്തി.

ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മിയെ (സിഎഡി) ബാധിക്കുന്നതാണ് സ്വര്‍ണ ഇറക്കുമതി. സ്വിറ്റ്‌സര്‍ലന്‍ഡാണ് രാജ്യത്തെ ഇറക്കുമതിയുടെ മുന്‍നിരക്കാര്‍. ഇന്ത്യയിലെ ഇറക്കുമതിയുടെ 41 ശതമാനമാണ് ഇവരുടെ സംഭാവന. തൊട്ട് പുറകിലായി 13 ശതമാനമായി യുഎഇയും ഏകദേശം 10 ശതമാനമായി ദക്ഷിണാഫ്രിക്കയുമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍. നിലവില്‍ സ്വര്‍ണത്തിന് 15 ശതമാനം ഇറക്കുമതി തീരുവയുണ്ട്. രാജ്യത്തെ മൊത്തം ഇറുക്കുമതിയുടെ അഞ്ച് ശതമാനത്തിലധികം സ്വര്‍ണം വെള്ളി എന്നിവ ഉള്‍പ്പെടുന്ന പ്രഷ്യസ് മെറ്റലാണ്.

സ്വര്‍ണ ഇറക്കുമതിയില്‍ വര്‍ധനവുണ്ടായിട്ടും, രാജ്യത്തിന്റെ വ്യാപാര കമ്മി (ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം) 2022 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ 212.34 ബില്യണ്‍ ഡോളറില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ 188.02 ബില്യണ്‍ ഡോളറായി കുറഞ്ഞു.

ചൈന കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ സ്വര്‍ണ ഉപഭോക്താവാണ് ഇന്ത്യ. ജ്വല്ലറി വ്യവസായത്തിനുള്ള സ്വര്‍ണമാണ് ഇറക്കുമതിയുടെ പ്രധാന ഭാഗവും. ഇക്കാലയളവിലെ രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 16.16 ശതമാനം ഇടിഞ്ഞ് 24.3 ബില്യണ്‍ ഡോളറായി.