9 Sep 2023 10:45 AM GMT
Summary
- 2000 ഏപ്രില്‍ മുതലാണ് സ്വര്‍ണ്ണാഭരണങ്ങള്‍ക്കായി ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് സ്‌കീം നടപ്പിലാക്കിയത്.
രാജ്യത്ത് 55 ജില്ലകളില്‍ കൂടി ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ തുടങ്ങും. സ്വര്‍ണാഭരണങ്ങള്‍ക്കും പുരാവസ്തുക്കള്‍ക്കും ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുന്നതിന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. ഇതോടെ രാജ്യത്തെ 343 ജില്ലകളില്‍ ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ നിലവില്‍ വരും.
ഉപഭോക്തൃകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 2021 ജൂണ്‍ 23 മുതല്‍ 256 ജില്ലകളില്‍ സ്വര്‍ണ്ണാഭരണങ്ങളുടെയും പുരാവസ്തുക്കളുടെയും നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) നടപ്പിലാക്കിയിരുന്നു. പിന്നീട് 32 ജില്ലകളിലേക്ക് കൂടി ഇത് വ്യാപിപ്പിച്ചു.
നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് നടപ്പിലാക്കിയതിന് ശേഷം രജിസ്റ്റര്‍ ചെയ്ത ജ്വല്ലറികളുടെ എണ്ണം 34,647 ല്‍ നിന്ന് 1.8 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.
ഹാള്‍മാര്‍ക്ക് പരിശോധനാ കേന്ദ്രങ്ങള്‍ (അസെയ്യിംഗ് ആന്‍ഡ് ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍-എഎച്ച്സി) 945 എണ്ണത്തില്‍ നിന്ന് 1,471 ആയും വര്‍ധിച്ചതായി മന്ത്രാലയം അറിയിച്ചു.
ബിഐഎസ് കെയര്‍ ആപ്പിലെ 'വെരിഫൈ എച്ച്യുഐഡി'വഴി വാങ്ങിയ ആഭരണത്തിലെ ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ (എച്ച്യുഐഡി) നമ്പര്‍ ഉപയോഗിച്ച് ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണാഭരണങ്ങളുടെ ആധികാരികതയും പരിശുദ്ധിയും ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാം.
2021-22 കാലയളവില്‍ ബിഐഎസ് കെയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം 2.3 ലക്ഷത്തില്‍ നിന്ന് 12.4 ലക്ഷമായി ഉയര്‍ന്നു. കൂടാതെ, ബിഐഎസ് കെയര്‍ ആപ്പിലെ 'വെരിഫൈ എച്ച്യുഐഡി'ഉപയോഗപ്പെടുത്തിയത് ഈ വര്‍ഷം കോടിയിലധികമാണ്.