6 April 2024 11:06 AM GMT
Summary
- 2024-ല്‍ ആര്‍ബിഐ വാങ്ങിയ സ്വര്‍ണം 13 ടണ്ണില്‍ കൂടുതലായി
- ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ അവരുടെ സ്വര്‍ണ ശേഖരം ക്രമാനുഗതമായി വര്‍ധിപ്പിക്കുകയാണ്
- ജനുവരിയില്‍ മാത്രം ആര്‍ബിഐ 8.7 ടണ്‍ സ്വര്‍ണമാണ് ശേഖരത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ സ്വര്‍ണ ശേഖരത്തില്‍ വര്‍ധന. ഈ വര്‍ഷം ഫെബ്രുവരിയില്‍ മാത്രം ആറ് ടണ്‍ സ്വര്‍ണമാണ് ശേഖരത്തിലേക്ക് ആര്‍ബിഐ കൂട്ടിച്ചേര്‍ത്തതെന്ന് ആര്‍ബിഐയുടെ പ്രതിവാര ഡാറ്റ വെളിപ്പെടുത്തി.
ഇതോടെ 2024-ല്‍ ആര്‍ബിഐ വാങ്ങിയ സ്വര്‍ണം 13 ടണ്ണില്‍ കൂടുതലായി. ഇപ്പോള്‍ മൊത്തം സ്വര്‍ണ ശേഖരം 817 ടണ്ണായെന്നും ഡാറ്റ പറയുന്നു.
അതേസമയം ഈ വര്‍ഷം ജനുവരിയില്‍ മാത്രം ആര്‍ബിഐ 8.7 ടണ്‍ സ്വര്‍ണമാണ് ശേഖരത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്. ഇത് കഴിഞ്ഞ 2 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതാണ്.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ആര്‍ബിഐയുടെ സ്വര്‍ണശേഖരം 2024 ജനുവരി അവസാനത്തോടെ 812.3 ടണ്ണിലെത്തി. 2023 ഡിസംബറില്‍ ഇത് 803.58 ടണ്ണായിരുന്നു.
ഇന്ത്യയുടെ വിദേശനാണ്യ ശേഖരം വൈവിധ്യവത്കരിക്കുന്നതിനും കറന്‍സിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ ലഘൂകരിക്കുന്നതിനും വേണ്ടിയാണു സ്വര്‍ണ ശേഖരം കൂട്ടുന്നത്.
ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ അവരുടെ സ്വര്‍ണ ശേഖരം ക്രമാനുഗതമായി വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.