31 Jan 2025 7:32 AM GMT
Summary
- രൂപ കൂടുതല്‍ ദുര്‍ബലമായി
- ഇറക്കുമതി ചുങ്കം 2% കൂട്ടുമെന്നുള്ള ആശങ്കയും വിലവര്‍ധനവിന് കാരണമായി
- ഇന്ന്് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഉള്ള സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 67000 രൂപയ്ക്ക് മുകളില്‍ നല്‍കണം
സ്വര്‍ണവില പിടിവിട്ട് ഉയരുന്നതില്‍ ഉപഭോക്താക്കള്‍ക്കുമാത്രമല്ല, വ്യാപാരികള്‍ക്കും ആശങ്കയെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന് തീപിടിച്ച വിലക്കയറ്റമാണ് ഉണ്ടായത്. 120 രൂപ ഗ്രാമിനും 960 രൂപ പവനും വര്‍ധിച്ച് യഥാക്രമം 7730 രൂപയും, 61840 രൂപയുമായി. അന്താരാഷ്ട്രതലത്തില്‍ സര്‍വകാലറെക്കോര്‍ഡ് സൃഷ്ടിച്ചാണ് പൊന്ന് മുന്നേറുന്നത്. രാജ്യാന്തര മാര്‍ക്കറ്റില്‍ ഔണ്‍സിന് 2796 ഡോളറായി. ഇതോടൊപ്പം രൂപയുടെ വിനിമയ നിരക്ക് 86.64 ലുമായി.
24 കാരറ്റ് സ്വര്‍ണ കട്ടിക്ക് കിലോ ഗ്രാമിന് ബാങ്ക് നിരക്ക് 84.5 ലക്ഷം രൂപ കടന്നിട്ടുണ്ട്. 24 കാരറ്റ് സ്വര്‍ണ കട്ടിക്ക് കിലോ ഗ്രാമിന് ബാങ്ക് നിരക്ക് 84.5 ലക്ഷം രൂപയും കടന്നു. പ്രസിഡന്റ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ ആഗോളതലത്തില്‍ വ്യാപാര സംഘര്‍ഷങ്ങളിലേക്ക് കടക്കുന്നതും സ്വര്‍ണവിപണിയെ ബാധിക്കുന്നു.
ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കൂടുതല്‍ ദുര്‍ബലമായി 86.64 ലേക്ക് എത്തിയതും, നാളത്തെ ബജറ്റിനെ കുറിച്ചുള്ള ആശങ്കകളും വിലവര്‍ധനവിന് കാരണമായി. 6% ശതമാനമായി കുറച്ച ഇറക്കുമതി ചുങ്കം 2% കൂട്ടുമെന്നുള്ള ആശങ്കയും സ്വര്‍ണ വിലവര്‍ധനവിന് കാരണമായി.
ഇന്ന് സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഉള്ള സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 67000 രൂപയ്ക്ക് മുകളില്‍ നല്‍കണം എന്നതാണ് സ്ഥിതി. ഉപഭോക്താക്കള്‍ക്കിടയിലും, വ്യാപാരികള്‍ക്കിടയിലും ഒരുപോലെ ആശങ്ക സൃഷ്ടിക്കുന്ന വിലവര്‍ധനവാണ് ഇന്ന് ഉണ്ടായിട്ടുള്ളതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.