19 April 2024 5:22 AM GMT
Summary
- യുദ്ധം മുറുകുന്നു, എണ്ണവിലയും സ്വര്‍ണവും കുതിക്കും
- ഇന്നലെ പവന് 240 രൂപ കുറഞ്ഞിരുന്നു.
- ഏപ്രില്‍ 9 ന് സ്വര്‍ണ വില രണ്ട് തവണയാണ് വര്‍ധിച്ചത്.
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. സംസ്ഥാനത്ത് സ്വര്‍ണ വില 6815 രൂപയിലെത്തി. പവന് 54520 രൂപയായി. സ്വര്‍ണ വില വരും ദിവസങ്ങളില്‍ കുറയുമെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തല്‍. എന്നാല്‍ ഇറാന്‍- ഇസ്രായേല്‍ യുദ്ധം സ്വര്‍ണ വിപണിയെ വീണ്ടും കുതിപ്പിലേക്ക് നയിച്ചിരിക്കുകയാണ്. അതേസമയം ഇന്നലെ സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് വില 30 രൂപ കുറഞ്ഞ് 6765 ലെത്തിയിരുന്നു. പവന് 240 രൂപ ഇടിഞ്ഞ് 54120 രൂപയുമായിരുന്നു ഇന്നലെ.
പശ്ചിമേഷ്യയില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ക്ക് പുറമേ ഓഹരി വിപണികള്‍ കൂപ്പുകുത്തി. നിക്ഷേപകര്‍ ആശങ്കയിലാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് സ്വര്‍ണവില കുത്തനെ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ സ്വര്‍ണ വില ഇനിയും ഉയരും.
ആഗോള തലത്തില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2411 ഡോളറാണ്. ഈ മാസം മാത്രം കേരളത്തില്‍ സ്വര്‍ണ വില പവന് 2840 രൂപ രേഖപ്പെടുത്തി. രൂപയുടെ മൂല്യം ഇടിയുന്നത് തുടരുകയാണ്. ഡോളര്‍ നിരക്ക് 106 കടന്ന് കഴിഞ്ഞു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5710 രൂപയിലെത്തി.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് 22 കാരറ്റ് സ്വര്‍ണമാണ്. എന്നാല്‍ വില കൂടുന്ന സാഹചര്യത്തില്‍ വില കുറവുള്ള 18 കാരറ്റ് സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഗ്രാമടിസ്ഥാനത്തില്‍ 22 കാരറ്റിനേക്കാള്‍ 1000 രൂപയോളം വ്യത്യാസം 18 കാരറ്റിന് ഉണ്ട്.