image

28 Sept 2024 3:47 PM IST

Gold

വാങ്ങുന്നവർ ഇപ്പോള്‍ തന്നെ വാങ്ങിക്കോളു ! സ്വർണവില വില കുതിച്ചുയരും, പുതിയ പഠന റിപ്പോര്‍ട്ട്

MyFin Desk

വാങ്ങുന്നവർ ഇപ്പോള്‍ തന്നെ വാങ്ങിക്കോളു ! സ്വർണവില വില കുതിച്ചുയരും, പുതിയ പഠന റിപ്പോര്‍ട്ട്
X

സ്വര്‍ണവില ഡിസംബറോടെ പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് റിപ്പോർട്ട്. സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വില വർധന ഉണ്ടാകുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. നവംബറിലെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് യോഗത്തിൽ പലിശ നിരക്ക് കുറക്കുമെന്നാണ് പ്രതീക്ഷ. പലിശ നിരക്ക് വീണ്ടും കുറച്ചാല്‍ സ്വര്‍ണ വില ഇനിയും ഉയരും. ഈ വര്‍ഷം ഇത് വരെ സ്വര്‍ണ വില 29 ശതമാനമാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് സ്വര്‍ണ വിപണിയില്‍ പ്രതിഫലിച്ചത്.

അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകളും യുദ്ധഭീതിയും കേന്ദ്രബാങ്കുകളുടെ ശക്തമായ വാങ്ങലുമാണ് വില വര്‍ധനയ്ക്ക് ആക്കം കൂട്ടുന്നത്. അമേരിക്കയിലും ചൈനയിലും മാന്ദ്യ ഭീതി ഒഴിയുകയാണെന്നാണ് സൂചന. രാജ്യാന്തര തലത്തില്‍ സ്വര്‍ണ വില 2700 ഡോളര്‍ എത്തിയേക്കുമെന്നാണ് വിപണി കണക്കാക്കുന്നത്.

റഷ്യ- യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില നീങ്ങുന്നത്. യുഎസ് തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങള്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ക്കിടയാക്കുമെന്നും, പലിശ നിരക്കുകള്‍ കുറയാന്‍ ഇടയാക്കുമെന്നുമാണ് ഇൻവെസ്റ്റ്‌മെൻ്റ് ഇൻഫർമേഷൻ ആൻഡ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയും ( icra) വിലയിരുത്തുന്നത്.