16 April 2025 10:38 AM IST
Summary
- പവന് വര്‍ധിച്ചത് 760 രൂപ
- സ്വര്‍ണം ഗ്രാമിന് 8815 രൂപ
- പവന്‍ 70520 രൂപ
രണ്ട് ദിവസത്തെ ഇടവേളക്കു ശേഷം സ്വര്‍ണവില വീണ്ടും കുതിച്ചു. സ്വര്‍ണം ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8815 രൂപയായി ഉയര്‍ന്നു. പവന്റെ വില 70520 രൂപയുമായി. ഇത് സ്വര്‍ണവിലയില്‍ പുതിയ റെക്കോര്‍ഡാണ്.
അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 3280 ഡോളറായി ഉയര്‍ന്നു. പിന്നീട് 3266 ഡോളറിലേക്ക് താഴ്‌ന്നെങ്കിലും വില ഉയരുന്ന പ്രവണതയാണ് വിപണിയില്‍ കാണുന്നത്. ഇതോടൊപ്പം രൂപയുടെ വിനിമയ നിരക്ക് 85.52 ആണ്. 24 കാരറ്റ് സ്വര്‍ണ്ണവില കിലോഗ്രാമിന് ബാങ്ക് നിരക്ക് 95 ലക്ഷം രൂപ ആയിട്ടുണ്ട്.
അന്താരാഷ്ട്ര സ്വര്‍ണവില വര്‍ധിക്കുന്നതനുസരിച്ചാണ് കേരളത്തിലെ സ്വര്‍ണവിലയും കൂടുന്നത്.
ഇന്ന് ഒരു ഗ്രാം സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ 80435 രൂപയാകും.
18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് വര്‍ധിച്ചു. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 7260 രൂപയ്ക്കാണ് വ്യാപരം. വെള്ളിവിലയിലും വര്‍ധനവുണ്ടായി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 108 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു.
അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലും, താരിഫ് തര്‍ക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണവില കുറയാനുള്ള യാതൊരു സാധ്യതയുമില്ല.
പൊന്നിന് 3300 ഡോളര്‍ കടന്ന് മുന്നോട്ടു നീങ്ങിയാല്‍ 3500 ഡോളര്‍ വരെ എത്തുമെന്ന് സൂചനകളാണ് വരുന്നത്. എങ്കിലും 3300 ഡോളര്‍ എത്തിയാല്‍ 100-150 ഡോളറിന്റെ ഇറക്കത്തിനും സാധ്യത കാണുന്നു.
സ്വര്‍ണവില വര്‍ധിക്കുന്നത് ജനങ്ങള്‍ക്ക് ഒരു രീതിയില്‍ ഗുണകരമാകും. ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിനും മൂല്യം ഉയരും. രാജ്യത്ത് ജനങ്ങളുടെ കൈവശമുള്ള ആളോഹരി സ്വര്‍ണം കേരളത്തിലാണ് കൂടുതലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുള്‍ നാസര്‍ പ്രസ്താവനയില്‍ അറിയിച്ചു.
25,000 ടണ്ണിലധികം സ്വര്‍ണമാണ് ഇന്ത്യയില്‍ ജനങ്ങളുടെ കൈവശമുള്ളത്. ലോകത്തിലെ ഏറ്റവും വലിയ വികസിത രാജ്യങ്ങളായ അമേരിക്ക ഉള്‍പ്പെടെയുള്ള 10 രാജ്യങ്ങളുടെ റിസര്‍വ് സ്വര്‍ണത്തേക്കാള്‍ കൂടുതലാണിത്.
ഈസ്റ്റര്‍, അക്ഷയതൃതീയ, ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകള്‍ വരുന്നതിനാല്‍ സ്വര്‍ണവില വര്‍ധിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. എങ്കിലും ജനങ്ങളുടെ വാങ്ങല്‍ ശക്തി കുറഞ്ഞിട്ടില്ലെന്ന് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുള്‍ നാസര്‍ പ്രസ്താവനയില്‍ അറിയിച്ചു.