image

10 April 2025 10:34 AM IST

Gold

പൊള്ളുന്ന വിലയുമായി പൊന്ന്; പവന് വര്‍ധിച്ചത് 2160 രൂപ!

MyFin Desk

gold updation price hike 10 04 2025
X

Summary

  • സ്വര്‍ണം ഗ്രാമിന് 8560 രൂപ
  • പവന് 68480 രൂപ
  • സ്വര്‍ണവില ഇന്ന് സര്‍വകാല റെക്കോര്‍ഡിനൊപ്പം


സംസ്ഥാനത്ത് കത്തിക്കയറി സ്വര്‍ണവില. ഗ്രാമിന് 270 രൂപയും പവന് 2160 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിലക്കുറവ് ഇല്ലാതായി. ഏപ്രില്‍ മൂന്നിന് കുറിച്ച സര്‍വകാല റെക്കോര്‍ഡിനൊപ്പമാണ് ഇന്ന് സ്വര്‍ണവില. ഇത്രയും വില വര്‍ധനവ് ചരിത്രത്തിലാദ്യമാണ്.

സ്വര്‍ണം ഗ്രാമിന് 8560 രൂപയും പവന് 68480 രൂപയുമാണ് ഇന്നത്തെവില. ഏപ്രില്‍ മൂന്നിന് സ്വര്‍ണം പവന് 68480 രൂപയായിരുന്നു വില. ഇനി ഒരു രൂപ വര്‍ധിച്ചാല്‍ പോലും അത് പുതിയ റെക്കോര്‍ഡായി മാറും.

18 കാരറ്റ് സ്വര്‍ണ വിലയില്‍ ഗ്രാമിന് 255 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഗ്രാമിന് 7050 രൂപയിലാണ് ഇന്ന് വ്യാപാരം മുന്നേറുന്നത്. വെള്ളിവിലയിലും കുതിപ്പ് ദൃശ്യമായി. ഗ്രാമിന് മൂന്നുരൂപ വര്‍ധിച്ച് 105 രൂപയിലാണ് വ്യാപാരം.

സ്വര്‍ണവില കുതിച്ചുകയറിയത് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണമെടുക്കാനിരുന്നവര്‍ക്ക് തിരിച്ചടിയായി. എന്നാല്‍ മുന്‍കൂട്ടി ബുക്കുചെയ്തവര്‍ക്ക് ഈ വില വര്‍ധന ബാധകമാകില്ല.

സ്വര്‍ണവിലയിലെ കുതിപ്പിനും കിതപ്പിനും കാരണം യുഎസ് പ്രസിഡന്റ് ട്രംപിന്റെ താരിഫ് നടപടികള്‍ തന്നെയാണ്. ഇന്നലെ ചൈനക്കെതിരായ തീരുവ യുഎസ് 125 ശതമാനമാക്കി വര്‍ധിപ്പിക്കുകയും മറ്റുള്ള രാജ്യങ്ങള്‍ക്കെതിരായ താരിഫ് 90 ദിവസത്തേക്ക് മരവിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനുമറുപടിയായി ചൈന ഡോളര്‍ വാങ്ങുന്നത് വെട്ടിക്കുറച്ചു. ഇത് വിപണിയില്‍ പ്രത്യാഘാതമുണ്ടാക്കും. ബെയ്ജിംഗിന്റെ പക്കലുള്ള ഡോളര്‍ശേഖരം വിറ്റഴിക്കാന്‍ ഒരുങ്ങിയാല്‍ യുഎസ് കനത്ത തിരിച്ചടി നേരിടും. ഡോളറിന്റെ മൂല്യമിടിയും, അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങും.

ഇന്നലെ അന്താരാഷ്ട്രമാര്‍ക്കറ്റില്‍ സ്വര്‍ണത്തിന് 2978 ഡോളറായി വിലകുറഞ്ഞെങ്കിലും ഉയര്‍ന്നാണ് ക്ലോസ്‌ചെയ്തത്. ഇന്ന് സ്വര്‍ണവില3084 ലേക്ക് ഉയര്‍ന്നു. ഇത് സംസ്ഥാനത്തും പ്രതിഫലിച്ചു.

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നതിന് ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും കണക്കാക്കിയാല്‍ പോലും 74114 രൂപയാകും.