26 Nov 2024 5:02 AM GMT
Summary
- രണ്ടു ദിവസം കൊണ്ട് പൊന്നിന് കുറഞ്ഞത് 1760 രൂപ
- സ്വര്‍ണം ഗ്രാമിന് 7080 രൂപ
- പവന് 56640 രൂപ
സ്വര്‍ണവിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7080 രൂപയും പവന് 56640 രൂപയുമായി കുറഞ്ഞു. തിങ്കളാഴ്ച സ്വര്‍ണം ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞിരുന്നു.
ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ സ്വര്‍ണം പവന് 1760 രൂപയുടെ കുറവാണ് ഉണ്ടായത്.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഇന്നും വിലകുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 90 രൂപ കുറഞ്ഞ് 5850 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിക്കും ഇന്ന് വിലകുറഞ്ഞിട്ടുണ്ട്. ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 96 രൂപയാണ് ഇന്നത്തെ വിപണി വില. കഴിഞ്ഞ ദിവസങ്ങളില്‍ വില വ്യത്യാസമില്ലാതെ തുടരുകയായിരുന്നു വെള്ളി.
ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും ധാരണയില്‍ എത്തിയതായി ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്നലെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്ത അന്ത്രാരാഷ്ട്ര തലത്തില്‍വ്യാപാരത്തെ ബാധിച്ചിരുന്നു. പൊന്നിനുണ്ടാകുന്ന യുദ്ധപ്രേമമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിലക്കയറ്റത്തിന് വഴിതെളിച്ചിരുന്നത്. യുദ്ധം അവസാനിക്കാന്‍ സാധ്യത ഉരുത്തിരിയുമ്പോള്‍ സ്വര്‍ണത്തിന് വീണ്ടും വില കുറയുന്നു.
യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെയാണ് സ്വര്‍ണവില കുത്തനെ ഇടിഞ്ഞത്. പിന്നീട് ഉക്രൈന്‍ യുദ്ധം കൂടുതല്‍ രൂക്ഷമായതും യുഎസ് പ്രസിഡന്റ് ബൈഡന്‍ അതിനെ പിന്തുണച്ചതും സ്വര്‍ണത്തിന് തിളക്കം വീണ്ടെടുത്തു നല്‍കി. അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദം ഏറുമ്പോള്‍ സുരക്ഷിത നിക്ഷേപമായി ജനം സ്വര്‍ണത്തെ തെരഞ്ഞെടുക്കുന്നു. എന്നാല്‍ സമ്മര്‍ദ്ദം ഒഴിയാന്‍ സാധ്യത തെളിയുമ്പോള്‍ നിക്ഷേപം മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും.