image

17 Jan 2025 5:11 AM GMT

Gold

തൊട്ടു, തൊട്ടില്ല....! സ്വര്‍ണവില സര്‍വകാല റെക്കാര്‍ഡിനരികെ

MyFin Desk

gold updation price hike 17 01 2025
X

Summary

  • സര്‍വകാല റെക്കാര്‍ഡിനൊപ്പമെത്താന്‍ ഇനി 40 രൂപയുടെ കുറവ് മാത്രം
  • സ്വര്‍ണം ഗ്രാമിന് 7450 രൂപ
  • പവന്‍ 59600 രൂപ


സംസ്ഥാനത്ത് സ്വര്‍ണവിപണിയില്‍ ഉപഭോക്താക്കളുടെ കണ്ണുതള്ളുന്ന കുതിപ്പ്. സ്വര്‍ണവിലയില്‍ സര്‍വകാല റെക്കാര്‍ഡിനൊപ്പമെത്താന്‍ ഇനി കേവലം 40 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്. കഴിഞ്ഞ ഒക്ടോബര്‍ 31നാണ് സംസ്ഥാനത്ത് പവന്‍ 59640 രൂപ എന്ന നിലയിലെത്തിയത്.

ഇന്ന് സ്വര്‍ണം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7450 രൂപയിലെത്തി. കേരളത്തില്‍ ഗ്രാമിന് ഏറ്റവും ഉയര്‍ന്ന വില 7455 ആയിരുന്നു. അഞ്ചു രൂപയിലിധികം ഇനി വര്‍ധിച്ചാല്‍ ഇവിടെ പുതിയ റെക്കാര്‍ഡ് വില പിറക്കും.

പവന് 480 രൂപയുടെ കുതിപ്പാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതോടെ പവന് 59600 രൂപ എന്ന നിലയിലേക്ക് ഉയര്‍ന്നു. മൂന്നാഴ്ചക്കിടെ സ്വര്‍ണത്തിന് 3280 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50രൂപയുടെ വര്‍ധനവും ഇന്നുണ്ടായി. ഗ്രാമിന് 6140 രൂപ എന്നനിരക്കിലാണ് ഇന്നു വ്യാപാരം.

എന്നാല്‍ വെള്ളിവിലയില്‍ മാറ്റമൊന്നും ഉണ്ടായില്ല. ഗ്രാമിന് 99 രൂപ നിരക്കിലാണ് ഇന്ന് വിപണിവില.

പ്രധാനമായും അന്താരാഷ്ട്ര ചലനങ്ങളാണ് സ്വര്‍ണവില വര്‍ധനവിന് കാരണമായത്. ഇസ്രയേല്‍- ഹമാസ് സമാധാന കരാര്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഇന്നലെ ഗാസയിലുണ്ടായ ആക്രമണം കരാര്‍ നടപ്പാക്കുന്നതില്‍ ചോദ്യങ്ങളുയര്‍ത്തുന്നു. ഞായറാഴ്ചയാണ് കരാര്‍ പ്രാബല്യത്തില്‍ വരുക. എന്നാല്‍ ആക്രമണം ഒരു അനിശ്ചിതാവസ്ഥ സംജാതമാക്കിയിട്ടുണ്ട്.

കൂടാതെ ഡോളര്‍ സൂചികയിലുണ്ടായ താഴ്ചയും ട്രഷറി യീല്‍ഡിലുണ്ടായ താഴ്ചയും സ്വര്‍ണത്തിനെ വീണ്ടും പ്രിയപ്പെട്ടതാക്കി.