15 March 2025 10:51 AM IST
Summary
- സ്വര്‍ണം ഗ്രാമിന് 8220 രൂപ
- പവന്‍ 65760 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില പുതിയ തരംഗം തീര്‍ത്തശേഷം ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലെ വര്‍ധനയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് തീരെ നിസാരമാണ്. പൊന്ന് ഇന്ന് ഗ്രാമിന് 8220 രൂപയും പവന് 65760 രൂപയുമാണ് വില. അന്താരാഷ്ട്ര വില ഔണ്‍സിന് 3000 ഡോളര്‍ നാഴികക്കല്ല് ഭേദിച്ചപ്പോള്‍ ലാഭമെടുപ്പ് തകൃതിയായി. തുടര്‍ന്ന് സ്വര്‍ണവില താഴേക്കിറങ്ങി. ഇതാണ് സംസ്ഥാനത്ത് നേരിയ വിലക്കുറവിന് കാരണമായത്.
വില വര്‍ധനയുണ്ടായ കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് പവന് വര്‍ധിച്ചത് 1680 രൂപയായിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 6765 രൂപയ്ക്കാണ് ഇന്ന് വ്യാപാരം മുന്നേറുന്നത്. എന്നാല്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഏകീകൃത നിരക്ക് സംസ്ഥാനത്ത് നടപ്പായിട്ടില്ല. അതിനാല്‍ പല കടകളില്‍ പല നിരക്കാണ്. വെള്ളിവിലയ്ക്ക് ഇന്ന് മാറ്റമില്ല. ഗ്രാമിന് 110 രൂപയാണ് വിപണിയിലെ ഇന്നത്തെ നിരക്ക്.
സ്വര്‍ണവില കഴിഞ്ഞ 15 മാസത്തിനുള്ളില്‍ സ്വര്‍ണം പവന് 18920 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അതായത് 40 ശതമാനത്തിലധികം വര്‍ധനവ് പൊന്നിനുണ്ടായി.
2024 ജനുവരി ഒന്നിന് 46840 രൂപയായിരുന്നു പവന്‍ വില. ഇന്ന് 65760 രൂപ. 2024 ജനുവരി ഒന്നിന് സ്വര്‍ണവില ഗ്രാമിന് 5855 രൂപയായിരുന്നു. 2025 മാര്‍ച്ച് 15ന് അത് 8220 രൂപയായി.
ഇക്കാലയളവില്‍ അന്താരാഷ്ട്ര സ്വര്‍ണവില 2050 ഡോളറില്‍ നിന്നും 3002 ഡോളറിലേക്ക് കുതിക്കുകയാണ് ഉണ്ടായത്.
950 ഡോളറില്‍ അധികമാണ് അന്താരാഷ്ട്ര വിലയിലുണ്ടായത്. 2024 ജനുവരി ഒന്നുമുതല്‍ 2025 മാര്‍ച്ച് 14 വരെ ഉള്ള കാലയളവില്‍ ഇന്ത്യന്‍ രൂപ കൂടുതല്‍ ദുര്‍ബലമായത് ആഭ്യന്തര വിപണിയില്‍ വലിയതോതില്‍ വില വര്‍ധനവിന് കാരണമായി. ഒരു പവന്‍ സ്വര്‍ണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 2024 ജനുവരി 1ന് 50,800 രൂപയ്ക്ക് വാങ്ങിയിരുന്നു. ഇന്ന് അതിന് 71350 രൂപ നല്‍കേണ്ടിവരുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.എസ്.അബ്ദുല്‍ നാസര്‍ അറിയിച്ചു. സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ക്കും വിലവര്‍ധനവില്‍ ലാഭം ലഭ്യമാകും.
ഇന്ന് വില കുറഞ്ഞെങ്കിലും ഇനിയും വില വര്‍ധനവിനുതന്നെയാണ് സാധ്യതയെന്നാണ് വിപണിവൃത്തങ്ങള്‍ പറയുന്നത്.