12 Nov 2024 4:57 AM GMT
Summary
- സ്വര്‍ണം ഗ്രാമിന് കുറഞ്ഞത് 135 രൂപ
- പവന് വില 56680 രൂപ
- ഒക്ടോബര്‍ 31ന് ശേഷം സ്വര്‍ണവിലയില്‍ കുറഞ്ഞത് 2960 രൂപ
സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ കുത്തനെയുള്ള ഇടിവ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കൂപ്പുകുത്തുന്നത്. ഗ്രാമിന് 135 രൂപയാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. പവന് 1080 രൂപയും കുറഞ്ഞു. അപൂര്‍വമായാണ് ഇത്രയും തകര്‍ച്ച സ്വര്‍ണവിലയില്‍ ഉണ്ടാകുന്നത്.
സ്വര്‍ണം ഗ്രാമിന് 135 രൂപ കുറഞ്ഞ് 7085 രൂപയായി. പവന് വില 56680 രൂപയായി ഇടിഞ്ഞു. ഒക്ടോബര്‍ 31നായിരുന്നു പൊന്നിന്് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്നവില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 7455 രൂപയും പവന്് 59640 രൂപയുമായിരുന്നു വില. അതിനുശേഷം ഇപ്പോള്‍ പവന് 2960 രൂപയാണ് കുറഞ്ഞിട്ടുള്ളത്.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വിലയിടിഞ്ഞു. ഗ്രാമിന് 110 രൂപ കുറഞ്ഞ് 5840 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. വെള്ളിക്ക് കുറഞ്ഞത് ഗ്രാമിന് രണ്ടുരൂപയാണ്. ഇപ്പോള്‍ ഗ്രാമിന് 97 രൂപയ്ക്കാണ് വ്യാപാരം മുന്നോട്ടുപോകുന്നത്.
സ്വര്‍ണത്തിനുണ്ടായ വിലയിടിവ് ആഭരണപ്രേമികള്‍ക്കും വിവാഹാവശ്യങ്ങള്‍ക്ക് സ്വര്‍ണം എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. ഇപ്പോള്‍ വിപണിയില്‍ ഡോളര്‍ കൂടുതല്‍ ശക്തി പ്രാപിച്ചു വരികയാണ്. ഇത് പൊന്നിന്റെ തിളക്കത്തിന് മങ്ങലേല്‍പ്പിക്കും. യുഎസില്‍ ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം സ്വര്‍ണത്തിന് കഷ്ടകാലമാണ്. തുടര്‍ച്ചയായ വിലയിടിവാണ് സ്വര്‍ണവിപണിയില്‍ ഉണ്ടാകുന്നത്. വരും ദിവസങ്ങളിലും പ്രവണത തുടരാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.