image

1 Dec 2023 6:18 AM GMT

Gold

റെക്കോഡ് കൈവിടാതെ സ്വര്‍ണം; ഇന്നും വിലയില്‍ വര്‍ധന

MyFin Desk

Gold prices Today | ഇന്നത്തെ സ്വർണ വില
X

Summary

  • ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധനയോടെ 5770 രൂപ
  • ഫെഡ് റിസര്‍വ് നിരക്ക് വര്‍ധിപ്പിക്കില്ല എന്ന സൂചന സ്വര്‍ണ്ണത്തിന് പിന്തുണ നല്‍കുന്നു
  • വെള്ളി ഗ്രാമിന് 82 രൂപയാണ് ഇന്നത്തെ വില


ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും ഇന്നലെ അല്‍പ്പമൊന്ന് കുറഞ്ഞ സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധനയോടെ 5770 രൂപയിലെത്തി. പവന് 160 രൂപ വര്‍ധനയോടെ 46,160 രൂപയുമായി.

24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 22 രൂപ വര്‍ധനയോടെ 6,295 രൂപയും പവന് 176 രൂപ വര്‍ധനയോടെ 50,360 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണുണ്ടായിട്ടുള്ളത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്നത്തെ വില 4785 രൂപയാണ്. ആഗോള തലത്തില്‍ ട്രോയ് ഔണ്‍സിന് 2,040 എന്ന നിലയ്ക്കാണ് വ്യാപാരം നടക്കുന്നത്.

അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകള്‍ക്കായാണ് വിപണി കാത്തിരിക്കുന്നത്. പണപ്പെരുപ്പത്തില്‍ കുറവു വരുമെന്ന പ്രതീക്ഷ യുഎസ് ഡോളറിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇത് നിക്ഷേപകര്‍ക്ക് സ്വര്‍ണ്ണത്തോടുള്ള താല്‍പര്യം വര്‍ധിപ്പിക്കുന്നുമുണ്ട്. അതാണ് തുടര്‍ച്ചയായി പോസിറ്റീവ് നിലയില്‍ തന്നെ സ്വര്‍ണ്ണത്തെ നിലനിര്‍ത്തുന്നത്. 2024 ല്‍ യുഎസ് ഫെഡ് റിസര്‍വ് നിരക്ക് വര്‍ധിപ്പിക്കില്ല എന്ന സൂചനകളും സ്വര്‍ണ്ണത്തിന് പിന്തുണ നല്‍കുന്നുണ്ട്.

മെയ് മാസത്തില്‍ ആഗോള തലത്തില്‍ സ്വര്‍ണ വില 2078 എന്ന ലെവല്‍ മറികടന്നിരുന്നു. അതുകൊണ്ട് തന്നെ സാങ്കേതികമായി നോക്കുമ്പോള്‍ 2080 ഡോളര്‍ കടന്നാല്‍ വില 2150-2200 വരെ നീങ്ങാം;ഈ നില ഭേദിച്ചില്ലെങ്കില്‍ സാങ്കേതികമായി തിരുത്തലുകള്‍ ഉണ്ടാകാം എന്നുമാണ് സ്വര്‍ണ വ്യാപാര രംഗത്തുള്ളവരുടെ അഭിപ്രായം. ഇതു മാത്രമല്ല ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും സ്വര്‍ണവിലയെ പിന്തുണയ്ക്കുന്ന ഘടകമാണ്.

സംസ്ഥാനത്ത് വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 82 രൂപയാണ് ഇന്നത്തെ വില. ഒരു ഡോളറിന് 83.29 എന്ന നിലയ്ക്കാണ് ഡോളര്‍-രൂപ വ്യാപാരം പുരോഗമിക്കുന്നത്.