1 April 2025 4:45 AM
Summary
- പവന് 68000 രൂപ കടന്നു
- സ്വര്‍ണം ഗ്രാമിന് 8510 രൂപ
- പവന് 68080 രൂപ
സംസ്ഥാനത്ത് തീപിടിച്ച് സ്വര്‍ണവില. പവന് 68000-രൂപയും കടന്ന് വില കുതിക്കുന്നു. വിലയിലെ സര്‍വകാല റെക്കോര്‍ഡ് ദിനം പ്രതി തിരുത്തിയെഴുതുകയുമാണ് പൊന്ന്.
ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8510 രൂപയായി ഉയര്‍ന്നു. പവന്‍ 68080 രൂപയായും വര്‍ധിച്ചു. ശനിയാഴ്ച മുതല്‍ പൊന്നിന് 1160 രൂപയാണ് വര്‍ധിച്ചത്.
ഏറ്റവും കുറഞ്ഞ പണികൂലി കണക്കാക്കിയാല്‍പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ സംസ്ഥാനത്ത് 73,600-ല്‍ അധികം രൂപ നല്‍കേണ്ടി വരും എന്നതാണ് സ്ഥിതി.
വിവാഹ സീസണ്‍ തുടങ്ങാനിരിക്കെ സ്വര്‍ണവിലയില്‍ ഉണ്ടായ ഈ കുതിപ്പ് സാധാരണക്കാരുടെ സ്വപ്‌നങ്ങളെ തകര്‍ക്കുന്നതാണ്.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില വര്‍ധിച്ചു. മാര്‍ച്ച് 31നകം പൊന്ന് ഔണ്‍സിന് 3128 ഡോളര്‍ വരെ എത്തിയിരുന്നു. ഇന്ന് രാവിലെ സ്വര്‍ണവില 3135 ഡോളറിലേക്കെത്തിയിരുന്നു. ഇത് സംസ്ഥാനത്തെ വിലയിലും പ്രതിഫലിച്ചു.
ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം നാളെയാണ് ഉണ്ടാകുക. ഈ സാഹചര്യത്തില്‍ സ്വര്‍ണത്തിന് വില കുതിച്ചുയരാന്‍ ഇനിയും സാധ്യതയേറെയാണ്. യുദ്ധം, ട്രംപിന്റെ നയങ്ങള്‍, സാമ്പത്തിക മാന്ദ്യ ലക്ഷണങ്ങള്‍ ഇവെയല്ലാം പൊന്നിനെ കൂടുതല്‍ വിലപിടിപ്പുള്ളതാക്കി മാറ്റുന്നു.
18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് സര്‍വ്വകാല ഉയരത്തിലെത്തി. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 6980 രൂപയായി ഉയര്‍ന്നു. അതേസമയം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല ഗ്രാമിന് 112 രൂപ എന്ന നിരക്കിലാണ് വ്യാപാരം.
ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ നയിക്കുന്ന അസോസിയേഷന്‍ ഷോറൂമുകളില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7020 രൂപയാണ് വില. വെള്ളിവില 112 രൂപതന്നെയാണ്.