13 Sep 2024 8:46 AM GMT
Summary
- എട്ട് മാസങ്ങള്‍ക്കുള്ളില്‍ 507 ഡോളറിന്റെ വര്‍ധന ഉണ്ടായി
- ആഭ്യന്തര വിപണിയില്‍ എട്ടുമാസത്തിനിടെ 970 രൂപയുടെ വര്‍ധനവാണ് ഗ്രാമില്‍ അനുഭവപ്പെട്ടത്
- ഒരു പവനില്‍ ഉണ്ടായത് 7760 രൂപയുടെ വര്‍ധനവും
ഇന്ന് സംസ്ഥാനത്ത് ഉണ്ടായ സ്വര്‍ണവിപണിയിലെ വിലക്കുതിപ്പ് അന്താരാഷ്ട്ര സ്വര്‍ണ്ണവില അടിസ്ഥാനമാക്കി ഉണ്ടായതാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
അന്താരാഷ്ട്ര സ്വര്‍ണ്ണവില റെക്കാര്‍ഡായ 2570 ഡോളര്‍എന്ന നിലയിലെത്തി. ഇന്നലെയും അന്താരാഷ്ട്രമാര്‍ക്കറ്റില്‍ സ്വര്‍ണത്തിന് വിലയേറിയിരുന്നു. അന്താരാഷ്ട്ര സ്വര്‍ണ്ണവിലയുടെ ചുവടുപിടിച്ച് ആഭ്യന്തര മാര്‍ക്കറ്റിലും വലിയ വിലവര്‍ധന ഉണ്ടായി ഒരു ഗ്രാമിന് 120 രൂപ വര്‍ധിച്ച് 6825 രൂപയും, പവന് 960 രൂപയും വര്‍ധിച്ചു.
24 കാരറ്റ് തങ്കക്കട്ടി കിലോഗ്രാമിന് ബാങ്ക് നിരക്ക് 75 ലക്ഷം രൂപ കടന്നിട്ടുണ്ട്. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.92 ലാണ്.
2024 ജനുവരി ഒന്നിന് 2063 ഡോളര്‍ ആയിരുന്നു അന്താരാഷ്ട്ര സ്വര്‍ണ്ണവില. ഇന്ന് 2570 ഡോളര്‍, 507 ഡോളറിന്റെ വില വ്യത്യാസമാണ് അന്താരാഷ്ട്രതലത്തില്‍ ഉണ്ടായത്.
2024 ജനുവരി ഒന്നിന് 5855 രൂപയായിരുന്നു സ്വര്‍ണ്ണവില ഗ്രാമിന്. പവന്‍ വില 46840 രൂപയും.
എട്ടുമാസത്തിനിടെ 970 രൂപയുടെ വര്‍ധനവാണ് ഗ്രാമില്‍ അനുഭവപ്പെട്ടത്. ഒരു പവനില്‍ ഉണ്ടായത് 7760 രൂപയുടെ വര്‍ധനവും.അന്താരാഷ്ട്ര സ്വര്‍ണ്ണവില മുന്നോട്ടു കുതിക്കുന്ന സൂചനകള്‍ തന്നെയാണ് പുറത്തുവരുന്നത്.
യുഎസ് പലിശ നിരക്ക് കുറയ്ക്കും എന്നുള്ള ശക്തമായ സൂചനകള്‍ പുറത്തുവന്നതോടെ വന്‍കിട നിക്ഷേപകര്‍ക്കിടയില്‍ വാതുവെപ്പുകളും, പന്തയങ്ങളും വര്‍ധിച്ചതും സ്വര്‍ണ്ണവില ഉയരുന്നതിന് കാരണമായി. യുഎസ് പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സ്വര്‍ണം പുതിയ റെക്കോര്‍ഡ് ഉയരത്തിലെത്തിയത്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ലോകമെമ്പാടും വന്‍കിട നിക്ഷേപകര്‍ അടക്കമുള്ളവര്‍ കൂടുതലായി സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നത് തുടരുകയാണ്.
ഇതിനിടെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് 25 ബിപിഎസ് കുറച്ചു.
അന്താരാഷ്ട്ര സ്വര്‍ണ്ണവില 2600 ഡോളര്‍ കടക്കുമെന്നുള്ള പ്രവചനങ്ങള്‍ വരുന്നുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍, നികുതി ഉള്‍പ്പെടെ 59000 രൂപയ്ക്ക് അടുത്ത് നല്‍കണം.
വിവാഹ സീസണും ആയതിനാല്‍ ഏതു വിലയ്ക്കും സ്വര്‍ണം വാങ്ങേണ്ടിവരുന്ന അവസ്ഥയിലാണ് ഉപഭോക്താക്കളെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷററര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പ്രസ്താവനയില്‍ അറിയിച്ചു.