image

30 Jan 2025 5:46 AM GMT

Gold

ഗോള്‍ഡ് മോണിറ്റൈസേഷന്‍ നടപ്പാക്കണമെന്ന് എകെജിഎസ്എംഎ

MyFin Desk

akgsma calls for implementation of gold monetization
X

Summary

  • പദ്ധതി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ നടപ്പാക്കിയാല്‍ 25000 ടണ്ണിലധികം സ്വര്‍ണം പുനരുപയോഗത്തിനായി വിപണിയിലെത്തും
  • ഇറക്കുമതി നികുതി 6% നിന്നും 3% ആയി കുറയ്ക്കണം
  • പാന്‍ കാര്‍ഡ് പരിധി 5 ലക്ഷം രൂപയാക്കി ഉയര്‍ത്തണം


ഗോള്‍ഡ് മോണിറ്റൈസേഷന്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ നടപ്പില്‍ വരുത്തിയാല്‍ രാജ്യത്തെ ജനങ്ങളുടെ കൈവശമുള്ള 25000 ടണ്ണിലധികം സ്വര്‍ണം പുനരുപയോഗത്തിനായി തുറന്ന വിപണിയിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. ഈ നടപടിവഴി ഇറക്കുമതി കുറയും, കറന്‍സി കരുത്താര്‍ജിക്കുകയും ചെയ്യും. അത് സമ്പദ് വ്യവസ്ഥക്ക് വളരെ ഗുണകരമാകും, അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

ഇറക്കുമതി നികുതി 6% നിന്നും 3% ആയി കുറയ്ക്കുക, പാന്‍ കാര്‍ഡ് പരിധി 5 ലക്ഷം രൂപയാക്കി ഉയര്‍ത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും അസോസിയേഷന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിനുള്ള ഇറക്കുമതി നികുതി വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ജ്വല്ലറി മേഖലക്കും ജനങ്ങള്‍ക്കും ഉപകാര പ്രദമായ രീതിയില്‍ ബുള്ളിയന്‍ ബാങ്ക് സ്ഥാപിക്കണം, സ്വര്‍ണം വാങ്ങുന്നതിന് ബാങ്കുകളില്‍ ഇഎംഐ സംവിധാനം ഏര്‍പ്പെടുത്തണം, എം എസ് എം ഇ യൂണിറ്റുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം തുടങ്ങിയ കാര്യങ്ങളും കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഇത് കൂടാതെ ജ്വല്ലറി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് പ്രത്യേക പാക്കേജ്, സ്വര്‍ണ വ്യാപാര മേഖലയ്ക്ക് പ്രത്യേക മന്ത്രാലയം, സ്വര്‍ണത്തിന്റെ ജി എസ് ടി 1.25% മായി കുറയ്ക്കുക എന്നീവ ആവശ്യങ്ങളും അസോസിയേഷന്‍ മുന്നോട്ടുവെക്കുന്നു.

രാജ്യത്തിന്റെ ധനക്കമ്മി കുറയ്ക്കുന്നതിനുള്ള നടപടികളില്‍ സ്വര്‍ണത്തിനുള്ള ഇറക്കുമതി താരിഫ് വര്‍ധിപ്പിക്കുമെന്ന സുചനകള്‍ക്കിടയിലാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഈ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചത്.