21 July 2023 6:53 AM GMT
Summary
- വെള്ളി വിലയിലും ഇന്ന് ഇടിവ്
- ഈ മാസം സ്വര്‍ണം പൊതുവില്‍ പ്രകടമാക്കുന്നത് വളര്‍ച്ചാ പ്രവണത
- ഇന്ന് ഡോളര്‍ മൂല്യത്തില്‍ വര്‍ധന
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. ഇന്നലെ 50 രൂപയുടെ വര്‍ധനയാണ് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഉണ്ടായത് എങ്കില്‍ ഇന്ന് 30 രൂപയുടെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ രണ്ടര മാസത്തിനിടെ ഉണ്ടായ ഇടിവില്‍ നിന്ന് കരകയറി സ്വര്‍ണം വീണ്ടും ഉയര്‍ന്ന തലത്തിലേക്ക് നീങ്ങുന്നതിന്‍റെ സൂചനകളാണ് ഒരാഴ്ചയായി വിപണിയിലുള്ളത്. അതിനിടെയാണ് ഇന്നത്തെ ഇടിവ്. ജൂണ്‍ 2ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇന്നലെ ഉണ്ടായിരുന്നത്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5540 രൂപയാണ് ഇന്നത്തെ വില. പവന് 44320 രൂപ , ഇന്നലത്തെ വിലയില്‍ നിന്ന് 240 രൂപയുടെ ഇടിവാണിത്.
24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 6,044 രൂപയാണ് വില, ഇന്നലത്തെ വിലയില്‍ നിന്ന് 31 രൂപയുടെ ഇടിവ്. പവന് 48,352 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 248 രൂപയുടെ ഇടിവ്. ആഗോള തലത്തില്‍ ഔണ്‍സിന് 1968 - 1973 ഡോളര്‍ എന്ന തലത്തിലാണ് ഇന്ന് സ്വര്‍ണവില. ഡോളറിന്‍റെ മൂല്യത്തില്‍ ഉണ്ടായ ഉയര്‍ച്ചയാണ് ഇന്ന് പ്രധാനമായും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുള്ളത് എന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ന് 1 ഡോളറിന് 82.02 രൂപ മൂല്യത്തിലാണ് ഇന്ത്യയിലെ വിനിമയം നടക്കുന്നത്.
മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്‍റെ പാതയിലായിരുന്നു. മേയ് 5ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5720 രൂപയെന്ന റെക്കോഡ് വില രേഖപ്പെടുത്തി. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണയുള്ള ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈ പകുതി വരെയും ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്. എന്നാല്‍ അതിനു ശേഷം വിലയില്‍ മുന്നേറ്റത്തിനുള്ള പ്രവണതയാണ് കണ്ടത്.
വെള്ളിവിലയിലും ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. 40 പൈസയുടെ ഇടിവോടെ വെള്ളി വില ഗ്രാമിന് 82 രൂപ എന്ന നിലയിലേക്കെത്തി. 8 ഗ്രാം വെള്ളിക്ക് 656 രൂപയാണ് വില, ഇന്നലത്തെ വിലയില്‍ നിന്ന് 3.20 രൂപയുടെ ഇടിവ്.