image

28 Nov 2022 7:00 AM GMT

People

2023ല്‍ സ്വര്‍ണവിലയില്‍ 15% വര്‍ധനയുണ്ടാകാം, പോര്‍ട്ട്ഫോളിയോ പരിഷ്‌കരിക്കാം: പ്രത്വിരാജ് കോത്താരി

Bijith R

2023ല്‍ സ്വര്‍ണവിലയില്‍ 15% വര്‍ധനയുണ്ടാകാം, പോര്‍ട്ട്ഫോളിയോ പരിഷ്‌കരിക്കാം: പ്രത്വിരാജ് കോത്താരി
X

പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വര്‍ണം പൊതുവെ ഒരു കൈത്താങ്ങാണ്. സാമ്പത്തിക അനിശ്ചിതത്വം നേരിടുന്ന സമയങ്ങളിലും ആപത്സന്ധികളിലും...



പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വര്‍ണം പൊതുവെ ഒരു കൈത്താങ്ങാണ്. സാമ്പത്തിക അനിശ്ചിതത്വം നേരിടുന്ന സമയങ്ങളിലും ആപത്സന്ധികളിലും നിക്ഷേപകര്‍ സ്വര്‍ണത്തെയാണ് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള സമ്പദ് വ്യവ്സ്ഥ ഒരു മാന്ദ്യത്തിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന 2022 ല്‍ മഞ്ഞലോഹം നിക്ഷേപകര്‍ക്ക് സമ്മാനിച്ചത് നെഗറ്റീവ് റിട്ടേണ്‍ ആണ്. ഒരു ആസ്തിയെന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപകരുടെ താല്പര്യം എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്ന് 'ഋദ്ധി സിദ്ധി ബുള്ള്യന്‍ ലിമിറ്റഡി'( ആര്‍എസ്ബിഎല്‍) ന്റെ എംഡിയും സിഇഒയുമായ പ്രിത്വിരാജ് കോത്താരി, മൈഫിന്‍ ഗ്ലോബല്‍ പ്രതിനിധി ആര്‍ ബിജിത്തു മായി സംസാരിക്കുന്നു.

? നടപ്പ് വര്‍ഷത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില 8 ശതമാനമാണ് ഇടിഞ്ഞത്. എന്നാല്‍ ഓഹരി വിപണിയില്‍ 4 ശതമാനം വര്‍ധനവും സ്വർണത്തിൻറെ ആഭ്യന്തര വിപണിയില്‍ 7-8 ശതമാനം വര്‍ധനവും ഉണ്ടായി. ഒരു ആസ്തി എന്ന നിലയില്‍ സ്വര്‍ണത്തിന്റെ പ്രകടനത്തെ എങ്ങിനെയാണ് താങ്കള്‍ വിലയിരുത്തുന്നത്?

രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിഞ്ഞതും, സ്വര്‍ണത്തിന്റെ കയറ്റുമതി തീരുവ വര്‍ധിച്ചതുമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിനു മികച്ച മുന്നേറ്റമുണ്ടാകാന്‍ പ്രധാന കാരണം. റഷ്യ-യുക്രൈന്‍ പ്രതിസന്ധി കാരണം രൂപ 74 ല്‍ നിന്ന 83 നിലവാരത്തിലേക്ക് മുല്യമിടിയുകയും ഇന്ധന വിലയാകട്ടെ മാനം മുട്ടെ ഉയരുകയും ചെയ്തു. ഇതെല്ലാം കാരണം ഇന്ത്യയടെ ഇറക്കുമതി ചെലവും കുതിച്ചുയര്‍ന്നു. ഇതോടൊപ്പം യുഎസ് ഫെഡ് റിസേര്‍വ് പലിശ നിരക്കുയര്‍ത്തുന്നതനുസരിച്ച് ഫോറസ്‌ക് മാര്‍ക്കറ്റില്‍ ഡോാളര്‍ ശക്തിയാര്‍ജിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയായി. ഈ വര്‍ഷം ബോണ്ട്, ഓഹരി എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണ്ണം മികച്ച നേട്ടമാണ് 2022 കലണ്ടര്‍ വര്‍ഷം നല്‍കിയിട്ടുള്ളത്. ആഗോള രാഷ്ട്രീയ പ്രതിസന്ധികള്‍, ഉയരുന്ന പണപ്പെരുപ്പം, ഉത്പന്നങ്ങളുടെയും എണ്ണയുടെയും വിലക്കയറ്റം എന്നിവ ഓഹരി വിപണിയില്‍ വലിയ ചാഞ്ചാട്ടമുണ്ടാക്കിയപ്പോള്‍ അതില്‍ നിന്ന് ഏറ്റവുമധികം ഗുണം കിട്ടിയത് സ്വര്‍ണ്ണത്തിനാണ്. മുകളില്‍ പറഞ്ഞ എല്ലാ പ്രതിസന്ധികളും ആസ്തി എന്ന നിലയില്‍ ഓഹരികളുടെ പ്രകടനത്തെ സാരമായി ബാധിച്ചു. കോവിഡ് പ്രതിസന്ധികാലമായ 2020 ല്‍ ഏറ്റവും മുന്തിയ പ്രകടനമാണ് സ്വര്‍ണം കാഴ്ച വച്ചത്. നിക്ഷേപകര്‍ അന്ന് സുരക്ഷിതമായ ആസ്തിയിലേക്ക് ഓടിയെത്തിയപ്പോള്‍ 28 ശതമാനമായിരുന്നു സ്വര്‍ണം നല്‍കിയ നേട്ടം. കഴിഞ്ഞ 20 വര്‍ഷങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ സ്വര്‍ണം ശരാശരി 11.5 ശതമാനം വാര്‍ഷിക നേട്ടം നല്‍കിയിട്ടുണ്ട്. നിക്ഷേപ പോര്‍ട്ട്പോളിയോയിലേക്ക് സ്വര്‍ണം കൂട്ടിച്ചേര്‍ക്കുന്നത് മികച്ച ആദായം നല്‍കും.



 



? സുരക്ഷിതമായ നിക്ഷേപമായാണ് സ്വര്‍ണ്ണത്തെ കണക്കാക്കുന്നത്. ഭൗമ-രാഷ്ട്രീയ വെല്ലുവിളികള്‍ ഉള്‍പ്പെടെ പല പ്രതിസന്ധി ഘട്ടങ്ങളിലും ഇത് നന്നായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ റഷ്യ - യുക്രെയ്ന്‍ യുദ്ധം ശമനമില്ലാതെ തുടരുമ്പോള്‍, ഇത് ആഗോളതലത്തില്‍ ഉത്പന്നങ്ങളില്‍ സമ്മര്‍ദമുണ്ടാക്കുമ്പോള്‍ സ്വര്‍ണ്ണത്തിന് ഈ വര്‍ഷം കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ സ്വര്‍ണ വിലയെ എന്താണ് സ്വാധീനിക്കുന്നത്?

റഷ്യ - യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച സമയത്ത് സ്വര്‍ണ്ണം മികച്ച മുന്നേറ്റമുണ്ടാക്കിയിരുന്നു. രണ്ടാഴ്ച കൊണ്ട് ആഗോള വില 150 ഡോളറോളം ഉയര്‍ന്ന് 2078 ഡോളറിലെത്തിയിരുന്നു. എന്നാല്‍ വര്‍ധിച്ച പണപ്പെരുപ്പം മൂലം യുഎസ് ഫെഡ് നിരക്കുകള്‍ ഉയര്‍ത്തിയതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് യുഎസ് ബോണ്ടുകളിലേക്കും ഡോളറിലേക്കും നിക്ഷേപം മാറുന്നതിന് കാരണമായി. കഴിഞ്ഞ ആറുമാസത്തിനിടക്ക് ഫെഡ് 300 ബേസിസ് പോയിന്റാണ് നിരക്കുയര്‍ത്തിയത്. ലോകത്തെ 10 പ്രമുഖ കേന്ദ്രബാങ്കുകള്‍ ചേര്‍ന്ന് 2000 ബേസിസ് പോയിന്റ് (20 ശതമാനം) ആണ് ഇക്കാലയളവില്‍ പലിശ ഉയര്‍ത്തിയത്. കര്‍ശന പണ നയം സ്വര്‍ണ്ണ വിപണിയെ പ്രതികൂലമായിട്ടാണ് ബാധിക്കുക. ഈ വര്‍ഷം ആദ്യത്തെ 9 മാസത്തിനുള്ളില്‍ ഡോളര്‍ സൂചിക 20 ശതമാനം വര്‍ധിച്ച് 94 ല്‍ നിന്നും 114 ലേക്കെത്തി. ഒപ്പം യുഎസ് ബോണ്ട് യീല്‍ഡ് 4 ശതമാനത്തിനു മുകളിലെ നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. നിലവില്‍ ഈ രണ്ടു ഘടകങ്ങളാണ് സ്വര്‍ണ്ണ വിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

? ചില പ്രമുഖ സമ്പദ്വ്യവസ്ഥകള്‍ മാന്ദ്യത്തിലേക്ക് നീങ്ങുന്നതിനെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുമ്പോള്‍ അത് സ്വര്‍ണത്തില്‍ എന്ത് സ്വാധീനമാണ് ചെലുത്തുക?

ലോകബാങ്ക് പറയുന്നതനുസരിച്ച് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്രബാങ്കുകള്‍ നിരക്കുയര്‍ത്തുന്നത് തുടരുന്നതിനാല്‍ 2023 ആകുമ്പോഴേക്കും ലോകം ആഗോള മാന്ദ്യത്തിന്റെ വക്കിലെത്തിയേക്കാം. ഇത് വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥയിലും വികസ്വര രാജ്യങ്ങളിലും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയേക്കാം. പല മുന്‍കാല സൂചനകളും ഇതിനകം തന്നെ മാന്ദ്യമുന്നറിയിപ്പായി ലഭിക്കുന്നുണ്ട്. 1970 നു ശേഷം, ആഗോള സമ്പദ് വ്യവസ്ഥ, പല തവണ വലിയ മാന്ദ്യത്തിലേക്ക് നീങ്ങുകയും അതില്‍ നിന്ന് തിരിച്ചുവരികയും ചെയ്തിട്ടുണ്ട്. ആഗോള ഉപഭോക്തൃ ആത്മവിശ്വാസം ഇതിനു മുന്‍പുണ്ടായ ആഗോള മാന്ദ്യത്തേക്കാളും ഗണ്യമായി കുറഞ്ഞു. പ്രധാന സമ്പദ്വ്യവസ്ഥകളായ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ചൈന, യൂറോസോണ്‍ എന്നിവിടങ്ങളില്‍ ഗണ്യമായ മാന്ദ്യമാണുള്ളത്.

ഈ സാഹചര്യങ്ങള്‍ സാധാരണയായി സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെങ്കിലും, ഈ വര്‍ഷം അങ്ങനെയായിരുന്നില്ല. പലിശ നിരക്ക് വര്‍ധന തുടരുമ്പോള്‍ അത് സ്വര്‍ണ വിപണിയെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ വര്‍ധനയുടെ തുടര്‍ച്ച അവസാനിക്കുന്ന ഘട്ടത്തില്‍ ഓഹരികളെയും, ഡോളറിനെയും അപേക്ഷിച്ച സ്വര്‍ണം മികച്ച നേട്ടം നല്‍കാറുണ്ട്. കൂടാതെ പണപ്പെരുപ്പം അധികരിക്കുമ്പോള്‍ ഓരോ ഡോളറിന്റെയും വാങ്ങല്‍ ശേഷി കുറയുകയും ഇത് സ്വര്‍ണം പോലുള്ള ഫിസിക്കല്‍ ആസ്തികളില്‍ നിക്ഷേപിക്കുന്നതിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. ആഗോള സാമ്പത്തികാവസ്ഥ എന്നത്തേക്കാളും അസ്ഥിരമായതിനാലും യു എസിലെ ഉപഭോക്തൃ താല്പര്യം കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിലയിലായതിനാലും സ്വര്‍ണം സുരക്ഷിത നിക്ഷേപമായി 2023 ലും തുടരും.

? ധന്‍തേര പൊതുവെ സ്വര്‍ണം വാങ്ങുന്നതിന് നല്ലതാണെന്നു വിശ്വസിക്കുന്നു. ഈ സമയത്ത് സ്വര്‍ണത്തില്‍ ഉപഭോക്താക്കളുടെ ഡിമാന്റ് എത്രത്തോളമായിരുന്നു?

സാമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവിയായ മഹാലക്ഷ്മിയെ വീട്ടിലേക്ക് വരവേല്‍ക്കുന്നു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ധന്‍തേര ദിനത്തില്‍ ആളുകള്‍ സ്വര്‍ണം വാങ്ങുന്നത്. ഈ ദിനത്തില്‍ ആളുകള്‍ 39 ടണ്‍ സ്വര്‍ണമാണ് വാങ്ങിയത്. 19,500 കോടി രൂപയുടെ സ്വര്‍ണമാണ് ഇത്തവണ വാങ്ങിയിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാള്‍ 30 ശതമാനമാനം വര്‍ധന. ഈ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നതിനായി ഒരുപാട് പ്രീ ബുക്കിങ്ങുകള്‍ ജ്വല്ലറികളില്‍ ഉണ്ടായി. കോവിഡ് പ്രതിസന്ധി മൂലം വിപണിയിലുണ്ടായ രണ്ട് വര്‍ഷത്തെ മാന്ദ്യത്തിനു ശേഷം വിപണികളില്‍ ഉണ്ടായ ഈ മുന്നേറ്റം വ്യാപാരികള്‍ക്ക് വലിയ ആവേശം പകര്‍ന്നു.

? സ്വര്‍ണ്ണത്തെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്? മധ്യ-ദീര്‍ഘകാലത്തേക്ക് സ്വര്‍ണത്തില്‍ നിക്ഷേപിച്ചാല്‍ എന്ത് തരത്തിലുള്ള വരുമാനം പ്രതീക്ഷിക്കാം?

ഇടക്കാലത്തേക്ക് (2 3 മാസം) നിക്ഷേപിക്കുകയാണെങ്കില്‍ 49,000 രൂപ മുതല്‍ 52,000 രൂപ വരെയുള്ള നിലയില്‍ വിലയിലെ ആക്കം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ പണപ്പെരുപ്പം ഇനിയും ഉയരാനില്ലാത്ത സാഹചര്യത്തിലേക്ക് എത്തുമ്പോള്‍ അമേരിക്കന്‍ ഫെഡ് റിസേര്‍വിന് ഇനിയും വലിയതോതില്‍ പലിശ വര്‍ധനവിന് പരിമിതിയുണ്ട്. 2023 ല്‍ ഫെഡ് നയത്തില്‍ മാറ്റമുണ്ടാകും. വളര്‍ച്ചയെയും, നിര്‍മാണ പ്രവര്‍ത്തനങ്ങളെയും പരിമിതപ്പെടുത്തുന്നതിനാല്‍ പലിശ നിരക്ക് ഉയര്‍ത്തുന്നത് താത്കാലികമായി ഫെഡ് നിര്‍ത്തും. ഇത് 2023 ല്‍സ്റ്റാഗഫ്ളേഷനിലേക്കോ (ഉയരുന്ന വിലക്കയറ്റത്തോടൊപ്പം കുറയുന്ന വളര്‍ച്ചയും തൊഴില്‍ നഷ്ടവും സംഭവിക്കുന്ന സാഹചര്യം) മാന്ദ്യത്തിലേക്കോ നയിച്ചേക്കാം. രണ്ടായാലും സ്വര്‍ണത്തിന് ദീര്‍ഘകാലത്തേയ്ക്ക് (10-12 മാസം) ഇത് അനുകൂല സാഹചര്യമാണ്. അടുത്ത ഒരു വര്‍ഷത്തില്‍ ഏകദേശം 15 ശതമാനത്തോളം വില വര്‍ധനവുണ്ടാകാം.

( സ്വര്‍ണം, വെള്ളി, പ്ലാറ്റിനം പോലുള്ള ലോഹങ്ങളുടെ ബാറുകള്‍ കോയിനുകള്‍ എന്നിവയുടെ വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബുള്ള്യന്‍ ഡീലര്‍ സ്ഥാപനങ്ങളില്‍ ഒന്നാണ് ഋദ്ധി സിദ്ധി ബുള്ള്യന്‍ ലമിറ്റഡ്)