19 July 2023 7:14 AM GMT
Summary
- ഡോളറിന്‍റെ മൂല്യത്തില്‍ ഇന്നും ഇടിവ്
- ആഗോള വിപണിയില്‍ ഔണ്‍സിന് 2000 ഡോളറിന് അടുത്തേക്ക്
- വെള്ളിവിലയിലും ഇന്ന് വര്‍ധന
വിപണി വിദഗ്ധരുടെ പ്രതീക്ഷകള്‍ക്ക് സമാനമായി സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും വിലയില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 50 രൂപ ഉയര്‍ന്ന് 5,560 രൂപയിലെത്തി. പവന് 44,480 രൂപയാണ് വില , അതായത് 400 രൂപയുടെ വര്‍ധന. ഇന്നലെ പവന് 96 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. രണ്ടു മാസത്തോളം നീണ്ട ചാഞ്ചാട്ടത്തിനും ഇടിവിനും ശേഷമാണ് സ്വര്‍ണ വില വീണ്ടും ഉയര്‍ന്ന തലത്തിലേക്ക് നീങ്ങുന്നത്.
24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 6,065 രൂപയാണ് വില, ഇന്നലത്തെ വിലയില്‍ നിന്ന് 55 രൂപയുടെ വര്‍ധന. പവന് 48,520 രൂപയാണ്, 440 രൂപയുടെ വര്‍ധന. ആഗോള തലത്തില്‍ ഔണ്‍സിന് 1973 - 1980 ഡോളര്‍ എന്ന തലത്തിലാണ് ഇന്ന് സ്വര്‍ണവില. യുഎസ് ഡോളറിന്‍റെ മൂല്യത്തില്‍ സംഭവിക്കുന്ന ഇടിവും വരാനിരിക്കുന്ന ഫെഡ് റിസര്‍വ് യോഗത്തിനു മുന്നോടിയായുള്ള ജാഗ്രതയും യുഎസ് പണപ്പെരുപ്പ നിരക്ക് മയപ്പെട്ടതുമെല്ലാം സ്വര്‍ണവിലയ്ക്ക് അനുകൂലമായി മാറുന്നുണ്ട്. കോവിഡിന് ശേഷം ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പ് പ്രതീക്ഷിച്ച വേഗം കൈവരിക്കാത്തതും റഷ്യ-ഉക്രൈന്‍ സംഘര്‍ഷം വീണ്ടും വഷളാകുന്നതുമെല്ലാം വരും ദിവസങ്ങളിലും സ്വര്‍ണ വിലയെ മുന്നോട്ട് നയിച്ചേക്കാം.
ഡോളറിന്‍റെ മൂല്യം ഇന്നും താഴോട്ടാണ് വന്നിട്ടുള്ളത്. ഇന്ന് 1 ഡോളറിന് 82.11 രൂപ മൂല്യം കണക്കാക്കാക്കിയാണ് വിനിമയം നടക്കുന്നത്. ഡോളര്‍ മൂല്യം അല്‍പ്പകാലമായി കാര്യമായി മുന്നേറ്റം പ്രകടമാക്കുന്നില്ല. ഇന്ത്യയും റഷ്യയും ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ തങ്ങളുടെ കരുതല്‍ ധനത്തില്‍ ഡോളറിനോടുള്ള ആശ്രിതത്വം കുറയ്ക്കുന്നതും സ്വര്‍ണ ശേഖരം ഉയര്‍ത്തുന്നതും സ്വര്‍ണ വില ഒരു പരിധിക്കപ്പുറം താഴത്തേക്ക് പോകുന്നതില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നുണ്ട്.
ജൂലൈ അവസാനത്തോടെ നടക്കുന്ന ഫെഡ് റിസര്‍വ് യോഗത്തില്‍ പലിശ നിരക്കുകളില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്ന സൂചന ശക്തമാണെങ്കിലും, പണപ്പെരുപ്പം മിതമാകുന്ന സാഹചര്യത്തില്‍ അടുത്ത നിരക്ക് വര്‍ധന നീട്ടിവെക്കുന്നതിന് യുഎസ് തീരുമാനമെടുത്തേക്കും എന്ന പ്രതീക്ഷയും ഉയര്‍ന്നുവന്നിട്ടുണ്ട്.
ഇന്ത്യയിലാകാട്ടെ മണ്‍സൂണ്‍ ശക്തമാകുന്നത് വരുമാസങ്ങളില്‍ ഗ്രാമീണ വരുമാനത്തെ ശക്തിപ്പെടുത്തും. ഇതിനൊപ്പം സ്വര്‍ണത്തിന്‍റെ ആവശ്യകതയും ഉയരും. മണ്‍സൂണിന് പിന്നാലെ ഉല്‍സവ സീസണും വിവാഹ സീസണും എത്തുന്നതും സ്വര്‍ണത്തിന്‍റെ വില ഉയര്‍ന്നു തന്നെ നില്‍ക്കുന്നതിന് വഴിവെച്ചേക്കാം.ആവശ്യകത കണക്കിലെടുക്കുമ്പോള്‍ സ്വര്‍ണ ഉല്‍പ്പാദനത്തില്‍ ഉണ്ടാകുന്ന വളര്‍ച്ച പരിമിതമാണെന്ന വസ്തുതയും മുന്നിലുണ്ട്.
ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈ പകുതി വരെയും ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്. എന്നാല്‍ അതിനു മുമ്പ്, മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്‍റെ പാതയിലായിരുന്നു. മേയ് 5ന് 22 കാരറ്റ് സ്വര്‍ണം ഗ്രമിന് 5720 രൂപയെന്ന റെക്കോഡ് വില രേഖപ്പെടുത്തി. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണയുള്ള ഇടിവും ഉണ്ടാകുകയായിരുന്നു.
വെള്ളിവിലയിലും ഇന്ന് മികച്ച വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ന് 60 പൈസയുടെ വര്‍ധനയോടെ വെള്ളി വില ഗ്രാമിന് 82 രൂപ എന്ന നിലയിലേക്കെത്തി. 8 ഗ്രാം വെള്ളിക്ക് 636 രൂപയാണ് വില, ഇന്നലത്തെ വിലയില്‍ നിന്ന് 4.80 രൂപയുടെ വര്‍ധന. സ്വര്‍ണത്തിനൊപ്പം വെള്ളിവിലയിലും വരും ദിവസങ്ങളില്‍ ഉയര്‍ച്ച പ്രകടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.