28 Dec 2022 5:52 AM GMT
Summary
- ഇന്ന് വെള്ളി വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്.
കൊച്ചി: 2022 അവസാനിക്കാന്‍ മൂന്നു ദിവസം മാത്രം ബാക്കി നില്‍ക്കേ സ്വര്‍ണവില വീണ്ടും 40,000 രൂപ കടന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 40,120 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,015 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച സ്വര്‍ണവില പവന് 39,960 രൂപയില്‍ എത്തിയിരുന്നു. ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായില്ല.
ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 184 രൂപ വര്‍ധിച്ച് 43,768 രൂപയായി. ഗ്രാമിന് 23 രൂപ വര്‍ധിച്ച് 5,471 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വെള്ളി വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 40 പൈസ വര്‍ധിച്ച് 74.60 രൂപയും എട്ട് ഗ്രാമിന് 3.20 രൂപ വര്‍ധിച്ച് 596.80 രൂപയും ആയി.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം മാറ്റമില്ലാതെ തുടരുന്നു. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 82.84 എന്ന നിലയിലായിരുന്നു രൂപ. ചൊവ്വാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 82.87ല്‍ എത്തിയിരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.04 ശതമാനം വര്‍ധിച്ച് 84.36 യുഎസ് ഡോളറായി.
വിദേശ നിക്ഷപകരുടെ വിറ്റഴിക്കലും ആഗോള വിപണികളിലെ സമ്മിശ്ര പ്രവണതയും പ്രാരംഭ ഘട്ടത്തില്‍ വിപണി ദുര്‍ബലമായി ആരംഭിക്കുന്നതിനു കാരണമായി. കഴിഞ്ഞ രണ്ട് ദിവസവും വിപണി മുന്നേറ്റത്തിലായിരുന്നു.
ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 213.66 പോയിന്റ് ഇടിഞ്ഞ് 60,713.77 ലും നിഫ്റ്റി 63.95 പോയിന്റ് നഷ്ടത്തില്‍ 18,068.35 ലുമെത്തി. 10.11 ന് സെന്‍സെക്‌സ് 11.34 പോയിന്റ് നേട്ടത്തില്‍ 60,938.77 ലും നിഫ്റ്റി 3.90 പോയിന്റ് ഉയര്‍ന്ന് 18,136.20 ലുമാണ് വ്യപാരം ചെയുന്നത്.