13 Jun 2023 10:45 AM GMT
Summary
- ഒരു വിഭാഗം നിക്ഷേപകര്‍ പ്രോഫിറ്റ് ബുക്കിംഗിലേക്ക് നീങ്ങി
- മേയ് രണ്ടാം പകുതിയില്‍ സ്വര്‍ണ വില സര്‍വകാല ഉയരത്തിലെത്തി
- ഏപ്രിലില്‍ ഉണ്ടായത് 124 കോടി രൂപയുടെ അറ്റ നിക്ഷേപം
ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളില്‍ (ഇടിഎഫ്) മേയില്‍ എത്തിയത് 103 കോടി രൂപയുടെ അറ്റ നിക്ഷേപം. നേരത്തേ ഏപ്രിലിൽ ഈ ആസ്തി വിഭാഗത്തില്‍ 124 കോടി രൂപയുടെ അറ്റ നിക്ഷേപം ഉണ്ടായിരുന്നു. അതിനുമുമ്പ്, മാർച്ചിൽ നിക്ഷേപകർ ഗോൾഡ് ഇടിഎഫുകളിൽ നിന്ന് 266 കോടി രൂപ പിൻവലിച്ചതായും അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) യുടെ കണക്കുകൾ വ്യക്തമാക്കുന്നു.
സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ കാലത്ത് ഒരു സുരക്ഷിത നിക്ഷേപ മാര്‍ഗമായാണ് സ്വര്‍ണം കണക്കാക്കപ്പെടുന്നത്. തങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്ന് ലാഭം നേടുന്നതിന് പലരും വില്‍പ്പനയിലേക്ക് തിരിഞ്ഞതാണ് മുൻ മാസത്തെ അപേക്ഷിച്ച് മേയിലെ അറ്റ നിക്ഷേപം കുറച്ചത്.
"യുഎസ് ഗവൺമെന്‍റ് വായ്പാ പരിധി ഉയർത്തുന്നതുമായി ബന്ധപ്പെട്ട നല്ല വാർത്തകളുടെ പശ്ചാത്തലത്തിൽ മേയ് രണ്ടാം പകുതിയിൽ സ്വർണ്ണ വില സര്‍വകാല ഉയരത്തിലെത്തിയിരുന്നു, ഇത് സ്വര്‍ണവുമായി ബന്ധപ്പെട്ട എല്ലാ നിക്ഷേപ മാര്‍ഗങ്ങളിലേക്കും നിക്ഷേപകരെ ആകര്‍ഷിച്ചു," മോണിംഗ്സ്റ്റാർ ഇന്ത്യയുടെ റിസർച്ച് അനലിസ്റ്റ്-മാനേജർ മെല്‍വിന്‍ സാന്‍റരിറ്റ പറഞ്ഞു.
സ്വര്‍ണം ഇപ്പോഴും ഉയർന്ന തലത്തിൽ തന്നെയാണ് വ്യാപാരം നടത്തുന്നത്, എങ്കിലും ചില നിക്ഷേപകർ പ്രോഫിറ്റ് ബുക്കിംഗിലേക്ക് അല്ലെങ്കിൽ കേന്ദ്ര ബാങ്കുകൾ കൂടുതൽ നിരക്ക് വർധന നടപ്പാക്കുന്നത് നിര്‍ത്തിവെക്കുമെന്ന കാഴ്ചപ്പാടോടെ റിസ്ക് എടുക്കുന്നതിലേക്ക് നീങ്ങുകയായിരുന്നു. വികസിത സമ്പദ്‌വ്യവസ്ഥകളില്‍ പ്രസക്തമായ അപകടസാധ്യതകൾ ഇപ്പോഴും മുന്നിലുണ്ട്, അതിനാൽ, മേയിലും നിക്ഷേപകർ സ്വർണ്ണ ഇടിഎഫുകളിലേക്ക് ഒഴുകിയെത്തി," സാന്‍റരിറ്റ കൂട്ടിച്ചേർത്തു.
സ്വർണ്ണവുമായി ബന്ധിപ്പിച്ച ഇടിഎഫുകളിൽ കഴിഞ്ഞ മാസം 103 കോടി രൂപയുടെ നിക്ഷേപം ഉണ്ടായോടെ അത്തരം ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി ഏപ്രിൽ അവസാനത്തിലെ 22,950 കോടി രൂപയിൽ നിന്ന് മേയ് അവസാനത്തില്‍ 23,128 കോടി രൂപയിലേക്ക് എത്തി.
ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ഇടിഎഫുകള്‍ക്ക് വലിയ ജനപ്രീതിയുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ നിരവധി നിക്ഷേപ ഉല്‍പന്നങ്ങളില്‍ ഒന്നാണ് ഇടിഎഫുകള്‍. തുടക്കക്കാര്‍ക്ക് അനുയോജ്യമായതും താരതമ്യേന കുറഞ്ഞ റിസ്‌കുള്ളതുമായ നിക്ഷേപ മാര്‍ഗമാണ് ഇടിഎഫുകള്‍ അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍.